പട്ടികജാതി ക്ഷേമം: കുറ്റ്യാടി മണ്ഡലത്തിൽ 7.55 കോടിയുടെ പദ്ധതികൾ നടപ്പാക്കിയെന്ന് മന്ത്രി ഒ ആർ കേളു

New Update
or kelu

കുറ്റ്യാടി: പട്ടികജാതി ക്ഷേമത്തിനായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ സർക്കാർ 7.55 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയതായി പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അറിയിച്ചു. 

Advertisment

ഭൂരഹിത പുനരധിവാസ ധനസഹായം, പഠനമുറി, സേഫ് പദ്ധതി, ഭവന പൂർത്തീകരണം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, ഏക വരുമാനദായകന്റെ മരണ ധനസഹായം, സ്വയംതൊഴിൽ പദ്ധതി, വിദേശ തൊഴിൽ പദ്ധതി, ലംപ്സം ഗ്രാൻഡ്, സ്റ്റൈപ്പൻഡ്, പ്രൈമറി എജു എയ്ഡ്, അയ്യങ്കാളി ടാലൻറ് സ്കോളർഷിപ്പ് എന്നീ പദ്ധതികളിൽ ആണ് തുക അനുവദിച്ചത്. 

തോടന്നൂർ ബ്ലോക്കിൽ 4.21 കോടി രൂപയുടെയും കുന്നുമ്മൽ ബ്ലോക്കിൽ 3.34 കോടി രൂപയുടെയും പദ്ധതിയാണ് നടപ്പാക്കിയത്.

അംബേദ്കർ ഗ്രാമ പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്തിലെ മീനത്തുകര നഗർ, തിരുവള്ളൂർ പഞ്ചായത്തിലെ വെള്ളൂക്കര നഗർ, മണിയൂർ പഞ്ചായത്തിലെ പാലയാട് നഗർ, തിരുവള്ളൂർ പഞ്ചായത്തിലെ തുരുത്തി നഗർ, മണിയൂർ ഗ്രാമപഞ്ചായത്തിലെ മൂഴിക്കൽ ഐഎച്ച്ഡിപി നഗർ എന്നിവ പൂർത്തീകരിച്ചു. 

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി  കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പ്രവൃത്തിയുടെ റിവൈസഡ് എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ പുരോഗമിക്കുകയാണ്. 

വേളം ഗ്രാമപഞ്ചായത്തിലെ കുളിക്കുന്ന് നഗർ, ചോയിമഠം നഗർ പ്രവൃത്തികളും അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Advertisment