Advertisment

റെസിഡന്‍റ്സ് അസോസിയേഷനുകളിലെ ആര്‍ടിഐ ക്ലബ്ബുകള്‍ വിവരാവകാശനിയമത്തെ ഫലവത്താക്കും: വിവരാകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം

New Update
aa hakkim thenjipalam

തേഞ്ഞിപ്പാലം: റെഡിഡന്‍റ്സ് അസോസിയേഷനുകളിലും കാമ്പസുകളിലും ആര്‍.ടി.ഐ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത് വിവരാകാശനിയമത്തിന്‍റെ ഫലപ്രാപ്തിയില്‍ വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് വിവരാകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം അഭിപ്രായപ്പെട്ടു. 

Advertisment

വിവരാവകാശനിയമം നിലവില്‍ വന്ന് 20 വര്‍ഷം പൂര്‍ത്തിയാവുന്നതോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഈ നിയമം ജനാധിപത്യത്തെ പ്രാതിനിധ്യത്തില്‍ സ്വഭാവത്തിൽ നിന്ന് ജനപങ്കാളിത്ത നിലയിലേക്കാനയിച്ചു. നിര്‍ഭാഗ്യവശാല്‍ ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കുമ്പോള്‍ നിയമത്തില്‍ പഴുതുകള്‍ കണ്ടെത്തി വിവരം നല്‍കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ വിരമിച്ച ശേഷം സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി ഇതേ നിയമം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ പുതിയ അധ്യായമായിരുന്നു ഈ നിയമം.

വിവരാവകാശനിയമം പ്രയോജനപ്പെടുത്തിയവരും അല്ലാത്തവരും എന്ന നിലയിലായിരിക്കും ചരിത്രം നമ്മെ രേഖപ്പെടുത്തുക. സര്‍ക്കാരുകളെ വാഴ്ത്താനും വീഴ്ത്താൻ പോലും ഈ നിയമം ഫല പ്രദമായി ഉപയോഗിച്ചവരുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ജനപ്രതിനിധികള്‍ക്ക് നിയമസഭകളിലും പാര്‍ലമെന്‍റിലും ചോദ്യങ്ങളുന്നയിക്കാന്‍ അവകാശമുള്ളതുപോലെ സര്‍ക്കാര്‍ തലത്തിലുള്ള വിവരങ്ങള്‍ ആവശ്യപ്പെടാനുള്ള ജനങ്ങളുടെ അവകാശമാണ് വിവരാവകാശനിയമമെന്ന് ശില്‍പശാലയില്‍ സംസാരിച്ച ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ അഡ്വ ടി.കെ. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ആ നിലക്ക് ജനകീയജനാധിപത്യത്തിന്‍റെ പരിഛേദമാണ് ഈ നിയമം. എന്നാല്‍ നിയമം നടപ്പാക്കേണ്ട പല ഓഫീസുകളിലും ചട്ടപ്രകാരം സൂക്ഷിക്കേണ്ട രേഖകള്‍ പോലും ഇത്രയും കാലമായിട്ടും ഫലപ്രദമായി യഥാവിധി സൂക്ഷിക്കപ്പെടാന്‍ തുടങ്ങിയിട്ടില്ല.

ചടങ്ങില്‍ സര്‍വകശാലാ രജിസ്ട്രാര്‍ ഡോ സതീഷ് ഇ.കെ. അധ്യക്ഷനായി. കാമ്പസില്‍ ആര്‍ടിഐ ക്ലബ്ലുകള്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്ന് അദ്ദേഹം അറിയിച്ചു. ചെയര്‍ ഡയരക്ടര്‍ ഖാദര്‍ പാലാഴി സ്വാഗതവും എ.പി. മുഹമ്മദ് അഫ്സല്‍ നന്ദിയും പറഞ്ഞു.

Advertisment