മലപ്പുറം: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ റോഡ് തകർന്നതോടെ ദുരിതത്തിലായി പ്രദേശവാസികൾ.
ചെറുകാവ് പഞ്ചായത്തിലെ പത്താം വാർഡിലെ ചേവായൂർ - കൊടുകുത്തി പറമ്പ് റോഡാണ് നവീകരണത്തിന് പിന്നാലെ തകർന്നത്.
ടാറിങിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാൽ ഞായറാഴ്ച പെയ്ത ആദ്യ മഴയിൽ തന്നെ റോഡ് തകരുകയായിരുന്നു.
ചേവായൂർ അംഗൻവാടിയിലേക്ക് പ്രവേശിക്കുന്ന വളവിലാണ് റോഡ് തകർന്നത്. ജില്ലാ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തിയ റോഡാണ് ദിവസങ്ങൾക്കുള്ളിൽ തകർന്നത്.
റോഡ് തകർന്നതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസനാണ് റോഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.
ചെറുകാവ് പഞ്ചായത്ത് പ്രസിഡന്‍റ്, വാർഡ് മെമ്പർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് വിജിലൻസിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.