പാലക്കാട്: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി.
പാലക്കാട് സിവിൽ സ്റ്റേഷനു സമീപം വിൽപന നടത്തുന്നതിനിടെയാണ് 10 കിലോ ഗ്രാം കഞ്ചാവുമായി രണ്ടാം പ്രതി അഷറഫലി പിടിയിലായത്. കേസിലെ ഒന്നാം പ്രതി രാജേഷ് ഒളിവിലാണ്.
എസ്.ഐ സുജിത്ത് കുമാർ, സുരേഷ് ബാബു, വിജയകുമാർ, സിപിഒ ദീപു, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ആർ.മനോജ് കുമാർ ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ മനോജ് കുമാർ, നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ച് 37 രേഖകൾ സമർപ്പിച്ചു.