മിനിമം പെൻഷൻ 7500 രൂപയാക്കി ഉയർത്തണം: എംപി രാജീവൻ

New Update
bms palakkad-9

പാലക്കാട്: ഇ പി എസ് (എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് സ്കീം)1995 പ്രകാരം നൽകി വരുന്ന കുറഞ്ഞ പെൻഷൻ 1000 രൂപയിൽ നിന്നും 7500 രൂപയായി വർദ്ധിപ്പിക്കണമെന്ന് ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവൻ ആവശ്യപ്പെട്ടു. 

Advertisment

പാലക്കാട് ബി എം എസ് ജില്ലാ ഓഫീസ് ഹാളിൽ വച്ചു നടന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 25 ന് ബി എം എസ് സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് നൽകാനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം പാലക്കാട് ഉൾപ്പടെ കേരളത്തിലെ എല്ലാ ജില്ലാ കളക്ടർമാർക്കും സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

bms palakkad-10

ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് -2020, ഒക്കുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വർക്കിംഗ് കണ്ടിഷൻ 2020 എന്നീ ലേബർ കോഡുകളിൽ തൊഴിലാളികൾക്കുള്ള ആശങ്ക പരിഹരിക്കുക, ത്രികക്ഷി സംവിധാനം ഫലപ്രദവും അർത്ഥ‌വത്തുമാക്കുകയും, അടിയന്തിരമായി ഇന്ത്യൻ ലേബർ കോൺഫറൺസ് വിളിച്ചു ചേർക്കുകയും ചെയ്യുക, എല്ലാവിധ സ്കീം വർക്കർമാരുടേയും ഓണറേറിയ വർദ്ധിപ്പിക്കുക, ഇ പി എസ് 1995 ൽ ചുരുങ്ങിയ പെൻഷൻ 1000 രൂപയിൽ നിന്നും 7500 രൂപയായി വർദ്ധിപ്പിക്കുക, എൻ ടി സി മിൽ, എച്ച് ഇ സി റാഞ്ചി, ഐ ടി ഐ , എച്ച് എം ടി, തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന കുടിശിക ഉടൻ വിതരണം ചെയ്യുക, ബാങ്കിംഗ് വ്യവസായ മേഖലയിൽ പഞ്ചദിന ജോലി സമയം നടപ്പാക്കുക ഇ.എസ് ഐ - ഇ പി എഫി ന്റെ വേതന പരിധി വർദ്ധിപ്പിച്ച് കൂടുതൽ തൊഴിലാളികളെ ഗുണഭോക്താക്കളാക്കുക, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 15,16,21 ൻ്റെ അടിസ്ഥാനത്തിൽ സ്കീം വർക്കർമാരെയും കോൺട്രാക്ട് തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.മുരളീധരൻ, സംസ്ഥാന സെക്രട്ടറി വി.രാജേഷ്, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ഭാരവാഹികളായ വി.ശിവദാസ്, എം.ഗിരീഷ്, എസ്. വി.ശരത്, വി.ഹരിദാസ്,ശശി ചോറോട്ടൂർ, രാജേഷ് ചെത്തല്ലൂർ, കെ.രാജേശ്വരി, എൻ.വി.ശശി, പി.കെ.ബൈജു എന്നിവർ സംസാരിച്ചു.

Advertisment