ഒൻപതാമത് ഇൻസൈറ്റ് അവാർഡ് ചലച്ചിത്രകാരൻ ടി.വി ചന്ദ്രന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update
tv chandran award

പാലക്കാട്‌: ചലച്ചിത്ര മേഖലയ്ക്ക്, പ്രത്യേകിച്ചു മലയാള സിനിമാ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കും ആയുഷ്കാല നേട്ടങ്ങൾക്കുമായി പാലക്കാട് കേന്ദ്രമായി പ്രവൃത്തിക്കുന്ന സൃഷ്ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ് വര്ഷം തോറും നൽകി വരുന്ന ഇൻസൈറ്റ് അവാർഡ് ഈ വര്ഷം സുപ്രസിദ്ധ ചലച്ചിത്രകാരൻ ടി.വി.ചന്ദ്രനു നൽകുന്നു. 

Advertisment

ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി പതിനെട്ടിന് പാലക്കാട് കൊപ്പത്തുള്ള ലയൺസ്‌ സ്‌കൂളിൽ  നടക്കുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ വച്ച് നിരവധി ചലച്ചിത്രപ്രതിഭകളുടെ സാന്നിധ്യത്തിൽ, സമ്മാനിക്കും. 

ചലച്ചിത്ര മേഖലയിലെ തന്റേതായ ശൈലിയിലൂടെ ഒരു ഒറ്റയാനായ ടി.വി ചന്ദ്രൻ നാളിതുവരെ ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകളെ കണക്കാക്കിയാണ് ഇൻസൈറ്റ് ഈ അവാർഡ് സമ്മാനിക്കുന്നത്. 

1976 മുതൽ അഞ്ചു പതിറ്റാണ്ടായി മലയാള സമാന്തരസിനിമാ പ്രസ്ഥാനത്തിൽ അഭിനേതാവായും സഹ സംവിധായകനായും സംവിധായകനായും കാതലുള്ളതും സാമൂഹ്യപ്രസക്തിയുള്ളതും വ്യത്യസ്തവുമായ സിനിമകളിലൂടെ  സാമൂഹ്യ പുരോഗതിയ്ക്കും സ്ത്രീ ശാക്തീകരണത്തിനും അദ്ദേഹം നൽകിയ ഈടുറ്റ സംഭാവനകളാണ് അദ്ദേഹത്തെ ഈ അവാര്ഡിനർഹനാക്കിയത്. 

ചലച്ചിത്ര സംവിധായകൻ എം.പി. സുകുമാരൻ നായർ, ചലച്ചിത്ര നിരൂപകൻ ഡോ .സി എസ് വെങ്കിടേശ്വരൻ, ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവരടങ്ങിയ ജൂറിയാണ് ടി.വി. ചന്ദ്രന് ഈ അവാർഡ് നല്കാൻ തീരുമാനിച്ചത്. 

അഡ്വക്കേറ്റ് ജയപാല മേനോൻ, കെ.എസ് സേതുമാധവൻ, കെ. പി.കുമാരൻ, ടി.കൃഷ്ണനുണ്ണി, കെ.പി ശശി, വാസന്തി ശങ്കരനാരായണൻ, കെ. വേണുഗോപാൽ, മധു അമ്പാട്ട് എന്നീ ചലച്ചിത്ര പ്രതിഭകൾക്കാണ്  മുൻവർഷങ്ങളിൽ ഇൻസൈറ്റ് അവാർഡ് സമ്മാനിച്ചത്.

കെ. ആർ. ചെത്തല്ലൂർ, കെ.വി. വിൻസെന്റ്, സി. കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്‌, മേതിൽ കോമളൻകുട്ടി എന്നിവർ വാർത്ത  സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment