മുണ്ടൂർ എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 28 -ാം വാർഷികം എംപി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

New Update
vk sreekandan mp palakkad

മുണ്ടൂർ: എം.ഇ.എസ് സ്കൂൾ 28 -ാം വാർഷികം വിവിധ പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. എംപി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. 

Advertisment

ജീവിക്കുന്ന സമൂഹത്തിലെ നന്മ തിന്മകളെ സ്വയം തിരിച്ചറിഞ്ഞു, നന്മയുടെ പാതയിലൂടെ, വ്യത്യസ്തമായൊരു ജീവിതം നയിക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസം.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും സാമൂഹിക സഹവർത്തിത്വത്തിന്റെയും കാര്യത്തിൽ എംഇഎസ് വഹിക്കുന്ന പങ്ക് ഉദ്ഘാടകൻ പ്രശംസിച്ചു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ഡോ.എസ്. ഇസ്ഹാഖ് അദ്ധ്യക്ഷനായി. 

അസിസ്റ്റൻ്റ് കളക്ടർ  ആൽഫ്രഡ് ഒ.വി ഐ.എ.എസ്, മുണ്ടൂർ ഗ്രാമപഞ്ചയത്ത് പ്രതിനിധികൾ, എം.ഇ.എസ് സ്റ്റേറ്റ് മാനേജ്മെൻ്റ് പ്രതിനിധികൾ, ജില്ലാ പ്രതിനിധികൾ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു.

സ്കൂൾ വിദ്യാർത്ഥിനി ഫൈഹ ഫാത്തിമ പ്രാർത്ഥന ചൊല്ലി. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി സി.എസ്. അബ്ദുൾ ഹക്കീം  സ്വാഗതം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക റിനൂഷ ഫൈസൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

എം.ഇ.എസ്. സ്റ്റേറ്റ് സെക്രട്ടറി എ.ജബ്ബാറലിയെ എം.പി.  വി കെ. ശ്രീകണ്ഠൻ പൊന്നാട അണിയിച്ച് ആദരിച്ചു. പിന്നീട് 2023-24 അധ്യയന വർഷം സ്കൂൾ നടത്തിയ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. സ്പെക്ട്ര ഗാല- 24 എന്ന നാമധേയത്തിൻ്റെ വിശാലമായ ആശയം ചർച്ച ചെയ്തു. 

കളക്ടർ ആൽഫ്രഡ് ഒ.വി. ഐഎഎസ് കുട്ടികളും മാതാപിതാക്കളും തമ്മിലുണ്ടായിരിക്കേണ്ട ആത്മബന്ധത്തെക്കുറിച്ചും അധ്യാപകർ കുട്ടികളെ എങ്ങനെ ചേർത്തുപിടിക്കണമെന്നതിനെക്കുറിച്ചും  പ്രചോദനാത്മക ക്ലാസ് നടത്തി. എം.ഇ.എസ്. സ്റ്റേറ്റ് സെക്രട്ടറി എ.ജബ്ബാറലി, മുഖ്യാതിഥി അസിസ്റ്റൻ്റ് കളക്ടർക്ക് സ്കൂളിൻ്റെ സ്നേഹോപഹാരം നൽകി. 

എം.ഇ.എസ്. ജില്ലാ സെക്രട്ടറി എ സെയ്ദ് താജുദീൻ 'ഋതം'എന്ന നാമധേയത്തിലുള്ള സ്കൂൾ വാർഷികപത്രം പ്രകാശനം ചെയ്തു. എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡൻ്റും എം.ഇ.എസ് സ്കൂൾ മുണ്ടൂർ മുൻ ചെയർമാനുമായ എസ് എ മുഹമ്മദ് യൂസഫ്,മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത തുടങ്ങിയവർ സംസാരിച്ചു. 

2022-23 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.എസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും ഓരോ ക്ലാസ്സിലെയും ഒന്നാമതെത്തിയ കുട്ടികൾക്കും കലാകായിക മത്സര വിജയികൾക്കുമുള്ള സമ്മാന വിതരണം നടത്തി. 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാമൻകുട്ടി, രാജേഷ്, പി.ടി.എ പ്രസിഡൻ്റ് നാസർ, എം.ഇ.എസ് പ്രതിനിധികൾ ആശംസ പ്രസംഗം നടത്തി. സ്കൂൾ മാനേജ്മെൻ്റ് ട്രഷറർ സി.കെ.അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Advertisment