കഞ്ചിക്കോട് മേഖലയിൽ വ്യവസായ വികസന സാധ്യതകൾ മുൻനിർത്തി പാലക്കാട് നഗരത്തിൽ ഉണ്ടാകാവുന്ന ജന ബാഹുല്യവും തിരക്കുകളും കണക്കിൽ എടുത്ത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരൻ പറഞ്ഞു.
പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻെറ 'വിഷൻ 2030' നോട് അനുബന്ധിച്ച നടത്തിയ കോഫി വിത്ത് പോളിസി മേക്കേഴ്സ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പാലക്കാടിനെ ഒരു സംഗീത നഗരമാക്കി മാറ്റണമെന്നും കോട്ടക്ക് ചുറ്റും വിനോദ സഞ്ചാരത്തിനുള്ള സാധ്യതകൾ വികസിപ്പിക്കണമെന്നും നഗരത്തിൽ പുതിയ ഫ്ലൈഓവറുകൾ നിർമ്മിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും തടസ്സം നേരിടുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസ് അഭിപ്രായപെട്ടു.
നഗരസഭയുടെ അധീനത്തിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ സ്വകാര്യ സ്ഥാപങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുവാൻ ശ്രമിക്കു മെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ശിവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച മുൻ പ്രസിഡന്റ് സുമേഷ് മേനോൻ മോഡറേറ്റ് ചെയ്തു. പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ ട്രസ്റ്റി അഡ്വ.പി.പ്രേംനാഥ്, വിമൽ വേണു, സുനിൽ ജോസഫ്, രാജപ്പൻ, പി.നാരായനുണ്ണി, രത്ന പ്രഭു, ബിന്ദു വാളൂർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി മുഹമ്മദ് ആസിഫ് സ്വാഗതവും കമ്മിറ്റി മെമ്പർ നന്ദിത പരിതോഷ് നന്ദിയും പറഞ്ഞു.