പാലക്കാട്: സ്കൂൾ പഠന കാലത്ത് സ്വായത്തമാക്കാൻ കഴിയാതെ പോയ നൃത്തത്തെ നെഞ്ചോട് ചേർക്കാനായതിന്റെ നിർവൃതിയിലാണ് കൊടുവായൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശോഭ തെക്കേടത്ത്.
കൊടുവായൂർ 'നടനോദയ' നൃത്തസംഗീത വിദ്യാലയത്തിൽ ചലച്ചിത്ര നടിയും നർത്തകിയുമായ കലാമണ്ഡലം പ്രസീദ ജയന്‍റെ കീഴിൽ പരിശീലനം നേടിയ ശോഭ ടീച്ചർ ഗുരുവായൂർ അമ്പലനടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിന് മുമ്പിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.
26 വർഷമായി അധ്യാപന രംഗത്തുള്ള ശോഭ,8 വർഷമായി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനം വഹിക്കുന്ന വലിയ ഉത്തരവാദിത്വത്തിനിടയിലും, ദയ ചാരിറ്റബിൾ ട്രസ്റ്റിലൂടെ ജീവകാരുണ്യ-സാമൂഹ്യ സേവന രംഗത്തും സജീവമാണ്.
ഇതിനെല്ലാം നിമിത്തമായത് പ്രിയപ്പെട്ട ഗുരു കലാമണ്ഡലം പ്രസീദ ജയനാണെന്ന് ടീച്ചർ അവരെ ചേർത്തുപിടിച്ച് പറഞ്ഞു.
ക്ലാസ്സിക്കല്‍ കലകൾ പൊതുവെ ഇഷ്ടമാണ്.തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ എന്തും നമുക്ക് നേടിയെടുക്കുവാൻ സാധിക്കും.
ശോഭ ടീച്ചറുടെ അവതരണം ഗംഭീരവും മനോഹരവുമായെന്ന് പരിശീലക പ്രസീദ പറഞ്ഞു. അരങ്ങേറ്റം കാണാൻ ഭർത്താവും സുഹൃത്തുക്കളും ദയ പ്രവർത്തകരും എത്തിയിരുന്നു.