പാലക്കാട്: ഒരുകോടി അമ്പതിയഞ്ച് ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ് രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അവതരിപ്പിച്ചു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ എൻഎസ്എസ് സ്കൂളുകളിൽ അംഗീകാരം ഇല്ലാതെ വേതനം ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന അധ്യാപക അനധ്യാപകരുടെ നിയമന അംഗീകാരത്തിനായി സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പൊതുയോഗം അഭിനന്ദനങ്ങളും പൂർണ്ണ പിന്തുണയും അർപ്പിച്ചു.
എൻഎസ്എസ് യൂണിയൻ ഓഫീസിന് മുൻവശം കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലേക്കുള്ള റോഡിന്റെ ദുരവസ്ഥ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് പാലക്കാട് എംഎൽഎയോടും പാലക്കാട് നഗരസഭാ അധികൃതരോടും യോഗം ആവശ്യപ്പെട്ടു.
25 ലക്ഷം രൂപ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ബഡ്ജറ്റിൽ ഭവന സഹായം, വാർദ്ധക്യകാല പെൻഷൻ, വിദ്യാഭ്യാസ ധനസഹായം, ചികിത്സാസഹായം, വിവാഹ സഹായം, കരയോഗ മന്ദിര സഹായം, ഉടൻതന്നെ ചികിത്സാ സഹായങ്ങൾ നൽകുവാൻ സാധിക്കുന്ന കൈകോർക്കാം ഒരു കൈത്താങ്ങായി എന്നീ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
താലൂക്ക് യൂണിയന്റെ സപ്തതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് മേഖലാ സമ്മേളനങ്ങൾ, മൂന്നു വർഷങ്ങൾ കൊണ്ട് ഭഗവത്ഗീത പഠനം പൂർത്തിയാക്കുന്ന പദ്ധതി, കരയോഗങ്ങളുടെ വയോധികർ മാത്രമുള്ള കുടുംബങ്ങളിൽ കരുതൽ നൽകുന്ന സ്നേഹ സ്പർശം, വ്യവസായി സംഗമം, യുവജന സംഗമം, നായർ സമുദായത്തിലെ ആചാരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ആചാര പദ്ധതി പുസ്തകം ജൂലൈ 10ലെ ഗുരുപൂർണ്ണിമ ദിനത്തിൽ എല്ലാ കരയോഗങ്ങളിലും ഒരേസമയം ജ്ഞാനപ്പാന ആലാപനം എന്നീ പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി നടരാജൻ, എൻഎസ്എസ് ഇൻസ്പെക്ടർ കെ എസ് അശോക് കുമാർ, യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, പി സന്തോഷ് കുമാർ, കെ പ്രദീപ് കുമാർ,എം ഉണ്ണികൃഷ്ണൻ, ടി മണികണ്ഠൻ, കെ പി രാജഗോപാൽ, എ അജി, സി വിപിനചന്ദ്രൻ, എം സുരേഷ് കുമാർ, രമേഷ് അല്ലത്ത്, സി എൻ പ്രസന്നകുമാരൻ നായർ, ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി, വി രാജ്മോഹനൻ, ബാലകൃഷ്ണൻ കൂട്ടാല, വി ജയരാജ്, എം വത്സകുമാർ, കെ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.