ചെർപ്പുളശ്ശേരി: എനിക്കും കിട്ടി ഒരു വൃക്ഷ തൈ പദ്ധതിയുമായി അടക്കാപുത്തൂർ സംസ്കൃതി.പരിസ്ഥിതി രംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി പ്രവർത്തിച്ചുവരുന്ന അടക്കാപുത്തൂർ സംസ്കൃതി ജൂൺ മാസത്തിലെ പരിസ്ഥിതിയിലൂന്നി വ്യത്യസ്തവും കൗതുകകരമായ മൂന്ന് പദ്ധതികൾ തുടക്കം കുറിച്ചിരിക്കുകയാണ്.
വൃക്ഷത്തൈകൾ നടുക, അത് സംരക്ഷിക്കുക, സംരക്ഷിക്കാനുള്ള ഒരു ബോധം പൊതുസമൂഹത്തിലും വിദ്യാർത്ഥികളിലും ഉണ്ടാക്കുക, പരിസ്ഥി പ്രവർത്തനം ജനകീയമാക്കുക എന്നീ ഉദ്ദേശലക്ഷ്യത്തോടെ വൃക്ഷത്തൈകൾ ലഭിച്ച ആൾ 'എനിക്കും കിട്ടി ഒരു വൃക്ഷ തൈ എന്നും, നടുന്ന ആൾ 'ഞാനും നട്ടു ഒരു വൃക്ഷതൈ" എന്നും തൈ വളർന്നു വലുതായാൽ അതിന്റെ ശിഖരത്തിൽ പിടിച്ച് "ഇത് ഞാൻ നട്ട വൃക്ഷ തൈ" എന്നുമൊക്കെയുള്ള രീതിയിൽ പരിപാലനവും കൂടി ഉറപ്പുവരുത്തി, സംരക്ഷണം ഉറപ്പാക്കുന്ന, ഒരു മെഗാ ക്യാമ്പയിൻ ആണ് സംസ്കൃതി തുടക്കം കുറിക്കുന്നത്.
പരിസ്ഥിതി ദിനത്തിൽ പാലക്കാട് എം പി വി. കെ.ശ്രീകണ്ഠൻ ഞാനും നട്ടു ഒരു വൃക്ഷതൈ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.എനിക്കും കിട്ടി ഒരു വൃക്ഷ തൈ പദ്ധതി പ്രകാരം പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് ആര്യവേപ്പ് തൈ സ്വീകരിച്ച് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു