ഓക്സിജൻ സിലിണ്ടർ നിലച്ചാൽ അബ്ദുൾ റഹ്മാന്റെ ജീവനും നിലയ്ക്കും. ഒറ്റപ്പാലം സ്വദേശിയായ വയോധികന്‍ രണ്ട് വര്‍ഷമായി ജീവന്‍ നിലനിര്‍ത്തുന്നത് ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെ

author-image
ജോസ് ചാലക്കൽ
New Update
paliyative care patient

ഒറ്റപ്പാലം: മയ്യത്തായവർക്കു വേണ്ടി എട്ടു വർഷം ഖബർ കുഴിച്ച നാട്ടുകാരുടെ ബാവക്കയായ ഒറ്റപ്പാലം പുളക്കുണ്ട് ലക്ഷം വീട് കോളനിക്കു മുകളിലെ കുന്നുംപുറത്ത് അബ്ദുൾ റഹ്മാൻ (77) രണ്ട് വർഷമായി മരണത്തോട് മല്ലടിച്ച് കിടക്കുകയാണ്.

Advertisment

ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെയാണ് ജീവന്റെ തുടിപ്പ് നിലനിർത്തുന്നത്. ഭാര്യ ജമീല (66) മാത്രമാണ് കൂടെയുള്ളത്. മക്കളില്ലാത്ത ഈ വയോധിക ദമ്പതികൾ ജീവിത സായാഹ്നത്തിൽ അനാഥരും നിരാലംബരുമായി ജീവിതം തള്ളിനീക്കുകയാണ്.

കൂലിപ്പണിക്കൂ പോയാണ് ഈ ദമ്പതികൾ ജീവിതം കഴിഞ്ഞിരുന്നത്. എന്നാൽ അബ്ദുൾ റഹ്മാന് രോഗം ബാധിച്ച് കിടപ്പിലായതോടെ ഭാര്യ ജമീലക്ക് പണിക്കുപോകാൻ കഴിയാതെയായി. മാത്രമല്ല ജമീലയും ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായി.

സർക്കാരിന്റെ വാർദ്ധക്യ പന്‍ഷനും സുമനസ്സുകളുടെ ചെറിയ സാമ്പത്തിക സഹായങ്ങളുംകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ്‌ ചികിത്സയെങ്കിലും പലപ്പോഴും പുറമേനിന്നും മരുന്ന് വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാവും. പക്ഷെ പണം ഇല്ലാത്തതിനാൽ പുറമേ നിന്നും വാങ്ങേണ്ടതായ മരുന്നുകൾ വാങ്ങാറില്ലെന്ന് ജമീല പറഞ്ഞു.

ഇതിനിടയിലാണ് പതിനെട്ടായിരം രൂപ വൈദ്യുതി ബിൽ തുക വന്നത്. ഈ തുകയടക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത ഈ ദമ്പതികളെ സാഹായിക്കാൻ മുൻ എംഎൽഎ എം ഹംസ ഇടപ്പെട്ട് വൈദ്യൂതി വകുപ്പുമായി ബന്ധപ്പെട്ട് ബിൽ തുകയിൽ നിന്നും പതിനായിരം രൂപ ഇളവു ചെയ്തു കൊടുത്തെങ്കിലും ബാക്കി തുക നൽകാനാവാതെ കഷ്ടപ്പെടുകയാണ് ഇവർ.

ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നതു കൊണ്ടാണ്‌ വൈദ്യൂതി ചാർജ്ജ് ഇത്ര ഭീമമായതുക വരുന്നത്. പക്ഷെ ഉപയോഗിക്കാതിരിക്കാൻ പറ്റില്ലല്ലോ ? വൈദ്യുതി ചാർജ്ജിനു പുറമേ ഭക്ഷണത്തിനും മരുന്നിനുമുള്ള പണം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.

അതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ വയോധിക ദമ്പതികൾ. 

വിലാസം: അബ്ദുൾ റഹ്മാൻ (ബാവ), കുന്നത്തു വളപ്പിൽ ഹൗസ്, പൂളക്കുണ്ട് ലക്ഷം വീട്, കുന്നുംപുറം, ഒറ്റപ്പാലം - 679101. ഫോൺ: 97457 28 90 7.

A/c No: 854610 410000167, IFSC: BKID0008546, BANK OF INDIA, OTTAPPALAM - 679101. ഫോണ്‍: 0466 234450.