വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ കൗൺസിലിന്‍റെ നേതൃത്വത്തില്‍ പാലക്കാട് വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തി

author-image
ജോസ് ചാലക്കൽ
New Update
kewf palakkad

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) പാലക്കാട് വൈദ്യുതി ഭവനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എം.സി ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വൈദ്യുതി ബോർഡിൽ ഫീൽഡ് ജീവനക്കാരുടെ ഏഴായിരത്തോളം തസ്തികകൾ ഒഴിഞ്ഞു കിടക്കേ സ്ഥിര നിയമനങ്ങളോ മതിയായ സ്ഥാനകയറ്റങ്ങളോ നൽകാതെ ബോർഡ് മാനേജ്മെന്റ് നിലവിലെ ജീവനക്കാർക്ക് അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്നതു മൂലം ജീവനക്കർ 12 മണിക്കൂര്‍ മുതല്‍ 18 മണിക്കൂർ വരെ തുടർച്ചയായി അധിക ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. 

Advertisment

ഇത് അപകട സാഹചര്യങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സെക്രട്ടറി എംസി ആനന്ദൻ പറഞ്ഞു. 

വൈദ്യുതി ജീവനക്കാരുടെ ജീവൻ പന്താടരുത് എന്ന മുദ്രാവാക്യം ഉയർത്തി ഫെഡറേഷൻ പാലക്കാട് വൈദ്യുതി ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

30,321 ജീവനക്കാരെ നിയമിക്കാനുള്ള റഗുലേറ്ററി കമ്മിഷന്റെ അനുമതി നിൽക്കെ മതിയായ നിയമനങ്ങൾ നടത്താത്തത് പ്രതിഷേധാർഹമാണ്.

ഉപഭോക്താകൾ അനുദിനം വർദ്ധിപ്പിക്കുമ്പോഴും ജീവ നക്കാരുടെ എണ്ണം കൂട്ട വിരമിക്കലിലൂടെ കാൽ ലക്ഷത്തിൽ താഴെയായി കുറഞ്ഞുനിൽക്കുന്ന സാഹചര്യമാണ്. 

ഈ അവസ്ഥയിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ നിലവിലുള്ള ജീവനക്കാർ ജീവൻ പണയം വെച്ച് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് ഉള്ളത് എന്നും ഈ സ്ഥിതി മാറ്റാനും
തടഞ്ഞുവെച്ച ആനുകൂല്യങ്ങളും, സ്ഥാനകയറ്റങ്ങളും, നിയമനങ്ങളും നടത്താൻ മാനേജ്മെന്റ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ അദ്ധ്യക്ഷൻ എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ ശശിധരൻ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി കൃഷ്ണദാസ് വി സമര സന്ദേശം നൽകി. 

സംസ്ഥാന നിർവാഹക സമിതി അംഗം മണി കുളങ്ങര, ഡിവിഷൻ അദ്ധ്യക്ഷ കെ ഷംല, ഡിവിഷൻ സെക്രട്ടറിമാരായ സുനിൽ കുമർ എം, മുഹമ്മദ് ബഷീർ, പരമൻ എൻ, രാമകൃഷ്ണൻ.കെ, എന്നിവർ സംസാരിച്ചു.

വൈദ്യുതി ബോർഡിൻ്റെ ചുമതലയിലുള്ള വൈദ്യുതി ലൈനുകളും പ്രതിഷ്ഠാപനങ്ങളും സോളാർ പദ്ധതിയുടെ പേരിൽ സ്വകാര്യമേഖലെയ്ക്ക് നൽകാനുള്ള റഗുലേറ്ററി കമ്മിഷൻ നൽകിയ നിർദ്ദേശത്തിൽ നിന്നും കെഎസ്ഇബി ഫ്രണ്ട് ഓഫീസ് കൗണ്ടറുകളും കോൾ സെന്‍ററുകളും പുറം കരാർവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻ തിരിയണമെന്നും ലൈൻമാൻ 1 ലേക്കുള്ള പ്രമോഷൻ ഉടൻ നടപ്പിലാക്കുക, ഡിഎ, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ആശ്രിത നിയമനം ത്വരിതപ്പെടുത്തുക, പെൻഷൻ സുരക്ഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കിൾകാര്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പാലക്കാട് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്.