ഹരിതസേന സ്‌കോളർഷിപ്പ്- ഇക്കോ സെൻസ് പദ്ധതി: മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്

New Update
Girls - Harithasena Scholarship

കാരന്തൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കിയ വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പ്-ഇക്കോ സെൻസ് പദ്ധതിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കാരന്തൂർ മർകസ് ഗേൾസ് ഹൈസ്‌കൂളിന് പുരസ്ക‌ാരം സമ്മാനിച്ചു.

കുന്ദമംഗലം സാംസ്‌കാരിക നിലയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് പുരസ്‌കാരം നൽകി. മർകസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികളായ അമീന വി കെ, ആഇശ ലാമിയ, പ്രധാനാധ്യാപകൻ നിയാസ് ചോല എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.

വിദ്യാർഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും സൃഷ്ടിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കിവരുന്ന വിദ്യാലയമാണ് കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ. വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പൂന്തോട്ട നിർമാണവും ഔഷധോദ്യാനവും സ്കൂ‌ളിൽ സംവിധാനിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായും ഇവിടെ മാർഗങ്ങളുണ്ട്. മർകസ് ഗേൾസ് ഹൈസ്‌കൂളിൻ്റെ ഇത്തരം മികവുകളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

Advertisment
Advertisment