നീലേശ്വരം: സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിളിയളം ചാലിൽ നിർമിച്ച പാലം 22 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. കിനാനൂർ കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊല്ലമ്പാറ കിളിയളം വരഞ്ഞൂർ കമ്മാടം കിഫ്ബി റോഡിലാണ് പാലം.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2016–---17 ൽ കിഫ്ബി പദ്ധതിയിലാണ് പാലവും റോഡും ഉൾപ്പെടുത്തിയത്. 2021 നവംബറിൽ 4.20 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചെങ്കിലും പല കാരണങ്ങളാൽ നിർമാണം വൈകി.
പാലത്തിന്റെ അപ്രോച്ച് റോഡ് ഇരുഭാഗത്തും നേരത്തേ പൂർത്തിയായി. ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, വരഞ്ഞൂർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊല്ലമ്പാറ വഴി നീലേശ്വരത്തേക്ക് പാലം വഴി എളുപ്പത്തിൽ എത്താം.
25 കോടി ചിലവിലാണ് കിളിയളം--വരഞ്ഞൂർ-- കമ്മാടം റോഡ് പൂർത്തിയാക്കിയത്. ഉദ്‌ഘാടന ചടങ്ങിന്റെ സംഘാടകസമിതി രൂപീകരണ യോഗം വെള്ളി പകൽ 3.30ന് കിളിയളം കോവിൽ പരിസരത്ത് ചേരും.