പത്തനംതിട്ട: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഔദ്യോഗിക വാഹനത്തിന് പകരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ് ഫെയ്സ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലൂടെ വായു മലിനീകരണം കുറയ്ക്കാൻ കഴിയുമെന്നും.അതിനാൽ ജൂൺ അഞ്ചിന് പത്തനംതിട്ട ജില്ലയിലെ ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.
അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇതാ : "പ്രകൃതിയോടുള്ള പ്രേമം ജീവന്റെ തുടിപ്പായി മാറട്ടെ. മണ്ണിന്റെ മണവും ഇലയുടെ പച്ചപ്പും ശുദ്ധവായുവിന്റെ സുഗന്ധവും എന്നും നമുക്കുണ്ടാവട്ടെ. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നാമേറെ കാര്യങ്ങൾ ചെയ്യാറുണ്ട്. വൃക്ഷങ്ങൾ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. റാലികൾ സംഘടിപ്പിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങളിൽ കൂടി പ്രകൃതിയെ നാം ചേർത്തുപിടിക്കാറുണ്ടെങ്കിലും വർദ്ധിക്കുന്ന വാഹനങ്ങൾ പരിസ്ഥിതിക്ക് കോട്ടം വരുത്താറുണ്ട്. അത് കൊണ്ട് തന്നെ ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങൾക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേർന്നാൽ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തിൽ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം.... അപ്പോൾ നിങ്ങൾ എന്റെ കൂടെ ഉണ്ടാവില്ലേ..
( നാളെ നിങ്ങൾ യാത്ര ചെയ്യുന്ന ഫോട്ടോസ് കമന്റിൽ ചേർക്കാൻ മറക്കല്ലേ..)"