"റംസാൻ എന്നാൽ ദൈവകാരുണ്യത്തിനൊപ്പം ജീവകാരുണ്യം കൂടി ഉൾപ്പെട്ടത്": പി നന്ദകുമാർ എം എൽ എ; മസ്ജിദുൽ ഇജാബയിൽ കിറ്റ് വിതരണം; പുളകം പകർന്ന് മുൻ സ്പീക്കറുടെ സന്ദർശനവും

New Update
91f4bd52-c0f0-48dd-a502-6360ab4a79ce

പൊന്നാനി:   കാരുണ്യത്തിന്റെ മാസമാണ് വിശുദ്ധ  റംസാൻ എന്നത്  ജാതി - മത ഭേദമെന്യേ  സമൂഹത്തിലെ കഷ്ട്ടപ്പെടുന്നവരോടുള്ള  കാരുണ്യം കൂടി ഉൾപ്പെടുന്നതാണെന്ന്  പി നന്ദകുമാർ  എം എൽ എ പറഞ്ഞു.  ദൈവകാരുണ്യം തേടിയുള്ള  പ്രാർത്ഥനകളും ആരാധനാ കർമ്മങ്ങൾക്കും  ഒപ്പം  നമുക്കിടയിലെ അവശരായവർക്ക്  അഭയവും സഹായവും  കൂടി  ചെയ്തുതീർക്കുമ്പോഴാണ്   റംസാനിലെ കാരുണ്യം  പൂർണത പ്രാപിക്കുകയെന്നും അദ്ദേഹം തുടർന്നു.

Advertisment

പൊന്നാനി  മുസമ്മിൽ ഇജാബ ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ  അരങ്ങേറിയ റംസാൻ കിറ്റ് വിതരണോദ്‌ഘാടന പരിപാടി ഉദ്ഘടനം  ചെയ്ത്   സംസാരിക്കുകയായിരുന്നു  പൊന്നാനി  നിയമസഭാംഗം.  റംസാൻ  മാസത്തിന്റെ  ആത്മീയതയും മാനവികതയും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന  പരിപാടിയെന്ന  നിലയിൽ പൊന്നാനി മുസമ്മിൽ ഇജാബ ഹിഫ്ളുൽ ഖുർആൻ അക്കാദമി  റംസാൻ കിറ്റ് വിതരണം വ്യാപകമായ  ജനകീയത നേടിയെടുത്തു.

നിർധനരും  കഷ്ടപ്പെടുന്നവരുമായ  കുടുംബങ്ങൾക്കായി ഒരുക്കിയ സഹായകിറ്റുകൾ  സാമൂഹിക ഐക്യത്തിന്റെയും  ജീവകാരുണ്യത്തിന്റെയും  ശക്തമായ സന്ദേശമാണ്  ഉയർത്തിക്കാണിക്കുന്നതെന്ന്   നന്ദകുമാർ എം എൽ എ  പറഞ്ഞു.   "റംസാൻ  മാസം മനുഷ്യസ്നേഹത്തിന്റെയും പങ്കുവെയ്പ്പിന്റെയും മഹത്തായ സന്ദേശം സമൂഹത്തിന് നൽകുന്ന സീസൺ കൂടിയാണ്".

gtfiytvjcbg

കിറ്റ് വിതരണോദ്‌ഘാടനം  സയ്യിദ് സഹൽ ബാഫഖി തങ്ങൾ നിർവഹിച്ചു.   ചടങ്ങിൽ അക്കാദമി ചെയർമാൻ കെ. എം. മുഹമ്മദ് ഖാസിം  കോയ അധ്യക്ഷത വഹിച്ചു.

ഹാജി ഷാഹുൽഹമീദ് മൗലവി, ഹാജി ഇസ്മായിൽ അൻവരി, അലിസഅദി, അലി അഷ്കർ,ഉസ്മാൻ ഖാമിൽ സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു.   പൊന്നാനിയിലെ സാമൂഹിക സൗഹൃദവും സഹാനുഭൂതിയും ശക്തിപ്പെടുത്തുന്ന  പരിപാടിയുടെ  സംഘാടകരെ  അതിൽ സംബന്ധിച്ചവർ  അഭിനന്ദിച്ചു.

ആനുഷംഗികമായി  മുൻ പൊന്നാനി നിയമസഭാംഗവും  മുൻ  അസംബ്‌ളി  സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ  പൊന്നാനിയിലേക്ക്  നടത്തിയ  സൗഹൃദ  സന്ദർശനവും  ഹൃദ്യത പകർന്നു.   മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ. എം. ഖാസിം  കോയയുടെ വസതിയിലെത്തിയാണ്  മുൻ സ്പീക്കറും നോർക്ക റൂട്ട്‌സ് റെസിഡന്റ്  വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ  റംസാൻ  സൗഹൃദം  പങ്കുവെച്ചത്.  ആത്മീയതയും സൗഹൃദവും ഒന്നിച്ചുകൂടിയ സ്നേഹസന്ദർശനം  റംസാൻ പശ്ചാത്തലത്തിൽ  ഹൃദ്യമായി.  

സൗഹൃദ  കൂടിക്കാഴ്ചയിൽ സാമൂഹിക വിഷയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും സൗഹൃദാന്തരീക്ഷത്തിൽ ചര്‍ച്ചയായി.

Advertisment