Advertisment

ഇലക്ട്രോണിക് സ്റ്റാമ്പ് പേപ്പർ സംവിധാനം കാര്യക്ഷമമായി ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല, സംസ്ഥാനത്തെ മുദ്രപത്ര ക്ഷാമം പരിഹരിക്കണം- കേരളാ കോൺഗ്രസ്‌ എം

New Update
kerala congress m

തൊടുപുഴ:   രൂക്ഷമായ മുദ്രപത്രക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. 20,50,100 200 എന്നിങ്ങനെയുള്ള കുറഞ്ഞ തുകകളുടെ  മുദ്രപത്രം  ലഭിക്കുന്നില്ല.

Advertisment

സർക്കാർ പുതുതായി ആരംഭിച്ച ഇലക്ട്രോണിക്  സ്റ്റാമ്പ് പേപ്പർ സംവിധാനം കാര്യക്ഷമമായ വിധത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല.  പലപ്പോഴും നെറ്റ് വർക്ക് തകരാറുമൂലവും സ്റ്റാമ്പ് വെണ്ടർമാർക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലായ്മ നിമിത്തവും സാധാരണക്കാരുടെ പണം നഷ്ടപ്പെടാവുന്ന സാഹചര്യമാണുള്ളത്. 


ഈ സ്റ്റാമ്പ് പേപ്പർ ആവശ്യപ്പെടുന്ന പൊതു ജനങ്ങളിൽ നിന്ന് വെണ്ടർമാർ പൊതു ജനങ്ങളിൽ നിന്നും മുൻകൂറായി പണം വാങ്ങുമെങ്കിലും നെറ്റ്‌വർക്കിന്റെ പ്രശ്നം മൂലവും സാങ്കേതിക തകരാറും നിമിത്തം പലപ്പോഴും യഥാസമയം സ്റ്റാമ്പ് പേപ്പർ ലഭിക്കാറില്ല. 


ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ സാങ്കേതിക തകരാർ നിമിത്തം സ്റ്റാമ്പ് പേപ്പർ ലഭിക്കാതെ വന്നാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും വീണ്ടും ശ്രമിക്കണമെങ്കിൽ നൽകിയ തുക ഒന്ന് ഒരിക്കൽക്കൂടി നൽകണമെന്നുമാണ് വെണ്ടർമാർ ആവശ്യപ്പെടുന്നത്.


 പലപ്പോഴും അസാധുവായി പോയ ട്രാൻസാക്ഷൻ്റെ പണം സാധാരണക്കാർക്ക് ലഭിക്കാറില്ല. റീഫണ്ട് ആവശ്യപ്പെടുമ്പോൾ വെണ്ടർമാർ കൈ മലർത്തുകയാണ് പതിവ്. ജനങ്ങൾക്ക് യഥാസമയം  ക്രയ വിക്രയങ്ങളിൽ ഏർപ്പെടുവാനും വിവിധ തരത്തിലുള്ള ഉടമ്പടിയിൽ ഏർപ്പെടുവാനും ഇതുമൂലം കഴിയാതെ വരുന്നു. 


ചെറിയ തുകയുടെ മുദ്രപത്രം ലഭ്യമല്ലാത്തതിനാൽ 200 രൂപയുടെ ആവശ്യത്തിന് 1000 രൂപയുടെ മുദ്രപത്രം വാങ്ങേണ്ട സാഹചര്യമാണ്.  അതിനും ക്ഷാമമാണ്.


അവധികാലത്തു നാട്ടിൽ വരുന്നവർ പവർ ഓഫ് ആറ്റോർണിക്ക് കൂടിയ തുകക്കുള്ള മുദ്രപത്രങ്ങൾ ഓൺലൈൻ വഴി ബുക്ക്‌ ചെയ്താലും സമയത്തു ലഭിക്കാതെ വരുന്നു. ചിലപ്പോൾ പണനഷ്ടവും ഉണ്ടാകുന്നുവെന്ന് പരാതികൾ ഉണ്ടാകുന്നു. 


സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ  ത്രിതല പഞ്ചായത്തുകളിൽ പോലും വ്യക്തിഗതവും പൊതുവായും ആയ ധാരാളം എഗ്രിമെന്റുകൾ വെക്കേണ്ടതായിട്ടുണ്ട്.


 ആയതിനാൽ  എല്ലാ തുകകളിലുമുള്ള   മുദ്രപത്രങ്ങൾ  അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കേരളാ കോൺഗ്രസ്‌ എം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.

Advertisment