വിദ്യാർത്ഥികളെ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രാപ്തരാക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

author-image
ജോസ് ചാലക്കൽ
New Update
krishnan kutti jknhlki

മുണ്ടൂർ: വിദ്യാർത്ഥികളെ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രാപ്തരാക്കി മാറ്റണമെന്നും, അവരിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ആയുർവേദ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ എന്നിവയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും എസ്എസ്എൽസി പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർഥികളെയും,  ആശാവർക്കർമാരെയും, ആരോഗ്യപ്രവർത്തകരെയും ആദരിക്കുകയും ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

പഴയകാലത്തെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന്റെ രീതിയിലും സമ്പ്രദായത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും, ആർട്ടിഫിഷൽ ഇന്റലിജൻസ് യുഗത്തിൽ വിദ്യാഭ്യാസത്തിന്റെ രീതിയും തൊഴിലിന്റെ സ്വഭാവവും സാധ്യതകളും മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളുടെ ചരിത്രം ഓർമ്മപ്പെടുത്തിയ മന്ത്രി,  ഭാവിയിൽ വിജയം കൈവരിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുന്നതിന്റെ ആവശ്യകത അധികൃതരെ ഓർമ്മപ്പെടുത്തുകയും, കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കുവാൻ പഞ്ചായത്തിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. കലാമണ്ഡലം കൽപിത സർവ്വകലാശാല ഫെലോഷിപ്പ് നേടിയ കഥകളി ആചാര്യൻ കലാമണ്ഡലം കെ.ജി വാസുദേവൻ നായർ, കുഞ്ചൻ അവാർഡ് ലഭിച്ച ഓട്ടൻതുള്ളൽ കലാകാരി എൻ ശൈലജ ദേവി, ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിച്ച കോങ്ങാട് സബ് ഇൻസ്പെക്ടർ വിവേക് എന്നിവരെ വേദിയിൽ ആദരിച്ചു. 

മുണ്ടൂർ എബ്രാസൺ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി സജിത അധ്യക്ഷത വഹിച്ചു. ആയുർവേദ ആശുപത്രിയിലെ ഡോക്ടർ റീജ റിപ്പോർട്ട് അവതരണം നടത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ സഫ്‌ദർ ഷെരീഫ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആർ സുഷമ, മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിസി ശിവദാസ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ബി പ്രിയ, മുണ്ടൂർ ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബേബി ഗണേഷ്, ഷീബ കണ്ണൻ, എസ് നാരായണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ അൻവർ, പഞ്ചായത്ത് സെക്രട്ടറി സി വി സുനിത തുടങ്ങിയവർ സംസാരിച്ചു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി ലത, രമ്യ മോൾ, സുഭദ്ര, രതീഷ്, ശ്യാമള, സി കെ കുഞ്ചൻ, സബ്ജലത, പ്രശോഭ്, മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ രാജേഷ് പനങ്ങാട്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന മെഗാ ഷോയും വേദിയിൽ അരങ്ങേറി.