തോട്ടം തൊഴിലാളികളുടെ അടിസ്ഥാന കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കണം: എസ്.ടി.യു

New Update
basic wage

പൊഴുതന (വയനാട്):  തോട്ടം മേഖലയിൽ നിലവിലുള്ള കൂലിയുടെ കാലാവധി 2024 ഡിസംബർ 31ന് അവസാനിച്ച് 6 മാസം കഴിഞ്ഞിട്ടും കൂലി പുതുക്കി നിശ്ചയിക്കുന്നതിനുള്ള പ്രാഥമിക ചർച്ച പോലും സർക്കാറിന്റെയും തൊഴിൽ വകുപ്പിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കൂലി പുതുക്കൽ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാതെ 2025 ജനുവരി 1മുൻകാല പ്രാബല്യത്തിൽ പുതുക്കി നിശ്ചയിക്കണമെന്നും അടിസ്ഥാന കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും വയനാട് പൊഴുതനയിൽ ചേർന്ന തോട്ടം തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു ) സംസ്ഥാന പ്രതിനിധി സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. 

Advertisment

 കേരളത്തിലെ കാപ്പി, റബ്ബർ,ഏലം തോട്ടങ്ങളിലെ ജോലിസമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്. എന്നാൽ തേയില തോട്ടങ്ങളിലെ ജോലി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്. ആയതിനാൽ തേയിലത്തോട്ടങ്ങളിലെ ജോലി സമയം രാവിലെ 8 മണി മുതൽ ഉച്ചക്ക് ശേഷം 3 മണി വരെയാക്കി പുതുക്കി നിശ്ചയിക്കണമെന്നും സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ നിന്നും നൽകുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണെന്നും ആനുകൂല്യങ്ങൾ കാലാനുസൃതമായി മാറ്റം വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊഴുതനയിൽ പ്രത്യേകം സജ്ജമാക്കിയ പി പി എ കരീം സാഹിബ് നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ കെ ഹനീഫ പതാക ഉയർത്തി. തോട്ടം തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.

യൂണിയൻ ജനറൽ സെക്രട്ടറി ടി. ഹംസ സ്വാഗതം പറഞ്ഞു.എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റ് സി മൊയ്തീൻകുട്ടി, വയനാട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് യഹിയാഖാൻ തലക്കൽ, കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലിം മേമന, ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി നവാസ്, എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി സി മുഹമ്മദ് ഇസ്മായിൽ, ആശ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഉമ്മർ, തോട്ടം തൊഴിലാളി യൂണിയൻ നേതാക്കളായ വഞ്ജുവം ഷറഫ്, അഡ്വ : നാസർ കൊമ്പത്ത് , എ കെ റഫീഖ്, കെ.റാബിയ, മഞ്ജു കാരേറ്റ്, കുഴിവിള നിസാമുദ്ദീൻ, കാക്കാനിക്കര ശ്രീകുമാർ, കെ എ റഹ്മാൻ, എൻ മുഹമ്മദാലി, കെ യു നൗഷാദ് എന്നിവർ പ്രസംഗിച്ചു. സ്വാഗതം സംഘം കൺവീനർ ടി യൂസഫ് നന്ദി പറഞ്ഞു.