തിരുവനന്തപുരം: സംസ്ഥാനത്ത് 72 -ആം ദിവസവും തുടരുന്ന ലോക്ഡൗണില്‍ വലയുന്നത് സാധാരണക്കാര്‍. കഴിഞ്ഞ കുറെ ആഴ്ചകളായി ടിപിആര്‍ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 10 മുകളിലായതിനാല്‍ ലോക്ഡൗണ്‍ പന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
എന്നാല്‍ കഴിഞ്ഞ ഒന്നാം തരംഗത്തിന് ശേഷം ആറുമാസത്തോളം ടിപിആര്‍ 10 മുകളില്‍ നിന്നിട്ടും അന്നു ലോകഡൗണ്‍ ഏര്‍പ്പെടുത്താത്ത സര്‍ക്കാരാണ് ഇന്നു ലോക്ഡൗണ്‍ തുടരുന്നതെന്നതാണ് ശ്രദ്ധേയം.
ഓരോ ആഴ്ചയിലും കോവിഡ് അവലോകന യോഗത്തില്‍ തുറന്നു കൊടുക്കാനല്ല, മറിച്ച് എങ്ങനെ അടച്ചിടാമെന്നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചിന്തിക്കുന്നത്. നേരത്തെ അണ്‍ലോക്ക് പ്രക്രിയ പ്രാദേശികമായി നിശ്ചയിച്ചെങ്കിലും ഇപ്പോഴും ടിപിആര്‍ കുറയ്ക്കാനുള്ള നടപടികള്‍ വേഗത്തിലല്ല.
പരിശോധനകള്‍ കുറച്ചിട്ട് ടിപിആര്‍ കുറയും എന്നതു നോക്കി പ്രതിരോധ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഇനി കോവിഡ് മരണത്തെക്കാള്‍ കോവിഡ് പ്രതിസന്ധിമൂലമുള്ള ആത്മഹത്യയുണ്ടാകും എന്നാണ് വിദഗ്ദര്‍ പറയുന്നത്.
നിലവില്‍ വ്യാപാര സ്ഥാപനങ്ങളൊക്കെ തുറക്കാന്‍ അവസരം നല്‍കിയിട്ടുള്ളത് ഒന്നിടവിട്ട ദിവസങ്ങളിലാണ്. ഈ ദിവസം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടത്തോടെ കടകളിലേയ്ക്ക് എത്തുന്നു. ഇതു രോഗ വ്യാപനത്തിന് വഴിതെളിക്കുമെന്ന് ഒരു വിദഗ്ദനെയും പ്രത്യേകം പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.
ആഴ്ചയില്‍ രണ്ടു ദിവസം ( ശനി, ഞായര്‍ ) സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കിയാലും ഇതിനു തൊട്ടടുത്ത ദിവസങ്ങളിലെ തിരക്ക് ഈ രണ്ടു ദിവസത്തേതിനേക്കാള്‍ കൂടുതലാണ്. അത് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കാണാം. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
തുറക്കുന്ന ദിവസങ്ങളില്‍ ബാങ്കുകള്‍ക്കുളില്‍ നില്‍ക്കാന്‍ ഇടം കിട്ടില്ല. പകരം എല്ലാ സ്ഥാപനങ്ങളും ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും പരമാവധി സമയം വരെ തുറന്നിടാന്‍ അനുവദിച്ചാല്‍ ഈ സ്ഥാപനങ്ങളിലെ തിരക്ക് കുറയും . പക്ഷേ അത് തോന്നുംപടി ആകരുതെന്ന് മാത്രം.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ എവിടെ ലംഘിക്കപ്പെട്ടാലും മുഖം നോക്കാതെ നടപടി ഉണ്ടാകണം. കടകളിലോ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലോ ഒരു മീറ്റര്‍ അകലം പാലിക്കുന്നില്ലെന്ന് കണ്ടാല്‍ സ്ഥാപന ഉടമയ്ക്കും ആളുകള്‍ക്കും എതിരെ അപ്പോള്‍ തന്നെ പിഴ ചുമത്തണം.
അതേസമയം, രോഗബാധ നന്നായി കൂടുമ്പോള്‍ മാത്രം നടപ്പാക്കേണ്ടിയിരുന്ന ലോക്ഡൗണ്‍ അതു കഴിഞ്ഞും തുടരുന്നത് സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. എല്ലാ മേഖലകളിലും പ്രതിസന്ധി രൂക്ഷമായി കഴിഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ട പലരും എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നുമുണ്ട്.
സര്‍ക്കാര്‍ ഒന്നുകില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് ടിപിആര്‍ കുറയ്ക്കണം. അതല്ലെങ്കില്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ അടക്കമുള്ളവര്‍ പറയുന്നു. സര്‍ക്കാരിന്റെ കിറ്റ് മാത്രം ഒന്നിനും പര്യാപ്തമല്ല എന്ന യാഥാര്‍ത്ഥ്യം ഇനിയും ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നില്ലെന്നതാണ് വാസ്തവം.