ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം; അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം, ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം; ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്; പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി - സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

New Update

publive-image

Advertisment

തിരുവനന്തപുരം: ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ. കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നിര്‍ബന്ധമാണ്.

റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.

പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാര്‍ഥന നടത്തൽ തുടങ്ങിയ കാര്യങ്ങൾ കൂട്ടമായി ചെയ്യരുത്. അയൽപക്കവുമായി ബന്ധപ്പെടുമ്പോൾ ഇരട്ട മാസ്ക് നിർബന്ധമാക്കണം. അയൽപക്കത്തുനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സോപ്പിട്ട് കൈ കഴുകണം.

പുറത്തുപോകുന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. വായു സഞ്ചാരം ഉറപ്പിക്കാൻ വീടിന്റെ ജനൽ തുറന്നിടണം. ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാൻ ഹൈവേ പൊലീസിനെ ചുമതലപ്പെടുത്തി. വ്യാജ സന്ദേശങ്ങൾ തയാറാക്കുന്നവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment