ലോനപ്പന്‍ നമ്പാടന്റെ ഇംഗ്ലീഷ് വിരോധവും അമിത് ഷായുടെ ഹിന്ദി പ്രണയവും … പിന്നെ ആ കുബുദ്ധിയും !

ദാസനും വിജയനും
Monday, September 16, 2019

1990 കളിൽ നമ്മുടെ ഇരിഞ്ഞാലക്കുടയിൽ നടന്ന ഒരു സംഭവത്തോടെ നമുക്ക് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുണ്ടായ ചില ബോധ്യങ്ങള്‍ ഈ ദേശീയ സാഹചര്യത്തില്‍ പങ്കുവെക്കാതെ തരമില്ല. ഒട്ടുമിക്ക ദിവസങ്ങളിലും വൈകുന്നേരമായാൽ ഇദ്ദേഹം കുറച്ചു ഡിവൈഎഫ്ഐ സഖാക്കളെ കൂട്ടിനുപിടിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഠാണാവീലുള്ള സകലമാന ഇംഗ്ലീഷ് ബോർഡുകളിലും കരിഓയിൽ ഒഴിക്കും .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, സിൻഡിക്കേറ്റ് ബാങ്ക് അങ്ങനെയങ്ങനെ നിരവധിയനവധി സർക്കാർ ബോർഡുകളിൽ ഇംഗ്ലീഷ് വാക്കുകളെ കരിഓയിൽ വാരിത്തേച്ചു വൃത്തികേടാക്കും .

ഇതിന്റെയിടയിൽ വരുന്ന വെള്ളാനിക്കാരനോ ആലങ്ങാടനോ ഇവരുടെ കണ്ണുകളിൽ പെടാറില്ല . അഥവാ അത് കണ്ണിൽ പെട്ടാലും അതിന്മേൽ തൊടാനുള്ള ധൈര്യവും ഉണ്ടാകാറില്ല . കാരണം ഇവിടെ പറയുന്നില്ല .
നമ്മുടെ നിയമസഭാ ബില്ലുകൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചപ്പോൾ അത് കത്തിച്ചുകളയുവാനുള്ള ചങ്കൂറ്റവും ഈ ലോനപ്പൻ നമ്പാടൻ കാണിച്ചു .

സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക ഭാഷ മലയാളത്തിലാക്കുവാൻ സമരം ചെയ്തു . 2012 ൽ അത് പ്രാവർത്തികമാക്കുകയും ചെയ്തു . ഇങ്ങനെയൊക്കെ ബഹളങ്ങൾ ഉണ്ടാക്കുമ്പോഴും സ്വന്തം മകൻ നൈജീരിയയിൽ ജോലി അന്വേഷിച്ചു പോയി , അവിടെ ഏതായിരിക്കും ഭാഷ ? അതും പോട്ടെ …

അതുകൂടാതെ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം കൊടകരക്കടുത്ത പേരാമ്പ്രയിൽ വയൽ നികത്തിയ ഭൂമിയിൽ ഇരുനില വാർക്കവീട് പണിതുകഴിഞ്ഞപ്പോൾ വീടിന്റെ മതിലിൽ പേരു സ്ഥാപിച്ചു. ഒരു സൈഡിൽ ലോനപ്പൻ എന്നും മറ്റേ സൈഡിൽ നമ്പാടൻ എന്നും ഒന്നാംതരം ഇംഗ്ലീഷില്‍ ഗ്രാനൈറ്റിൽ കൊത്തിയതായിരുന്നു ബോർഡുകൾ .

ഇതാണ് പില്‍ക്കാലത്ത് ഇരിങ്ങാലക്കുടയുടെ വൈരുദ്ധ്യാത്മിക ഭൗതിക സിദ്ധാന്തം എന്ന് അറിയപ്പെട്ടത് . ഇന്ന് ആ ബോർഡുകൾ അവിടെ ഉണ്ടോ ആവോ ?

അന്ന് കലൈഞ്ജര്‍, ഇന്ന് സ്റ്റാലിന്‍ !

ഭാഷയുടെ കാര്യത്തിൽ തെരുവുകൾ കത്തിയമർന്നത് തമിഴ്നാട്ടിലായിരുന്നു . നെഹ്രുവും ഇന്ദിരാഗാന്ധിയും ഭരിക്കുന്ന സമയത്ത് തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ നിർബന്ധമാക്കിയപ്പോൾ ഡിഎംകെ അതങ്ങ് ഏറ്റെടുത്തു . തെരുവുകളിൽ പ്രക്ഷോഭം ആരംഭിക്കുകയും ഹിന്ദി ഭാഷ എവിടെ കണ്ടാലും കരിഓയിൽ ഒഴിക്കുന്ന അവസ്ഥയും സംജാതമായി . തമിഴ്‍നാട്ടിലെ ഭാഷാപ്രക്ഷോഭം തുടങ്ങിയത് 1935 കളിലാണ് .

പിന്നീട് 1965 ലെല്ലാം അത് ആളിക്കത്തിക്കുകയായിരുന്നു. വർഷങ്ങളായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരിച്ചിരുന്ന മദ്രാസ് സ്റ്റേറ്റ് അഥവാ തമിഴ്നാട് എന്നെന്നേക്കുമായി കോൺഗ്രസ്സിന് നഷ്ടപ്പെടുവാൻ ഹിന്ദി വിരുദ്ധ പ്രക്ഷോഭം കാരണമായി . കരുണാനിധിയെന്ന ഒരു നേതാവിന്റെ വളർച്ചതന്നെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു .

ഹിന്ദിയും തമിഴ്‌നാടും തമ്മിലുള്ള ബന്ധങ്ങളും ബന്ധനങ്ങളും എഴുതുവാൻ തുടങ്ങിയാൽ തീരാത്ത അത്രേം പ്രശ്നങ്ങൾ ഇവിടെ കുറിക്കേണ്ടിവരും . എന്തായാലും അമീർഖാനും ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒക്കെ ചേർന്നാണ് ഹിന്ദിയെ കുറച്ചെങ്കിലും തമിഴന്മാരുമായി അടുപ്പിച്ചത് .

ഖയാമത്ത് സെ ഖയാമത്ത് തക് എന്ന അമീർഖാൻ സിനിമ ഒരു വർഷമാണ് കോയമ്പത്തൂർ കനകദുർഗ്ഗയിൽ പ്രദർശിപ്പിച്ചത് . അതുപോലെ ഡിഡിഎൽജെയും . ഇന്നിപ്പോൾ കരുണാനിധിയുടെ പുത്രനായ എംകെ സ്റ്റാലിനാണ് ഹിന്ദി ഭാഷയുടെ കാര്യത്തിലും കശ്മീരിലെ നേതാക്കന്മാരുടെ വീട്ടുതടങ്കൽ വിഷയത്തിലും മുന്നിൽ നിൽക്കുന്നത് . ”ചരിത്രം അവർത്തിച്ചേക്കാം ചിലർ വരുമ്പോൾ ” എന്ന് പറയുന്നത് ഇതിനെയാണ് .

ഹിന്ദി അറിഞ്ഞാല്‍ ഗള്‍ഫില്‍ മലയാളി മിന്നും ? 

ഭാഷയുടെ കാര്യം പറയുമ്പോൾ ഒന്ന് പറയാതെ വയ്യ : ഇന്ന്‍ ഗൾഫ് രാജ്യങ്ങളിൽ എത്തിപ്പെട്ട മലയാളികൾക്ക് ഹിന്ദിയും അറബിയും മണി മണിപോലെ സംസാരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇന്നിപ്പോൾ ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ള രാജ്യക്കാരെ കാണില്ലായിരുന്നു .

സകലമാന ഭാഗങ്ങളിലും മലയാളി കൈപ്പിടിയിൽ ഒതുക്കിയേനെ . ദുബായിലെ സബ്കയിലും നായിഫിലും ഒക്കെ കാസർഗോട്ടെ പയ്യന്മാർ റഷ്യൻ ഭാഷയും ചൈനീസ് ഭാഷയും ആഫ്രിക്കൻ ഭാഷകളും ഇറ്റാലിയൻ ഫ്രഞ്ച് ജർമ്മൻ സ്പാനിഷ് ഭാഷകളും കൈകാര്യം ചെയ്യുന്നത് കാണുമ്പൊൾ ഹിന്ദി വരെ പഠിക്കുവാൻ കഷ്ടപ്പെടുന്ന നമ്മുക്ക് അസൂയ തോന്നിപ്പോകുന്നു .

ഗൾഫിലെ ഏതൊരു കമ്പനിയിലും ജോലിക്കായി അപേക്ഷിക്കുമ്പോൾ അവർ ആദ്യം നോക്കുന്നത് മലയാളി -മുംബൈ ദൽഹി ബാംഗ്ലൂർ എക്സിപീരിയൻസ് . പിന്നെ ഭാഷകളും . അതുകഴിഞ്ഞേ സർട്ടിഫിക്കറ്റിനൊക്കെ വിലയുള്ളൂ .

ജിജി തോ൦സണ് പറ്റിയ അമളി

നമ്മുടെ പഴയ ചീഫ് സെക്രട്ടറി ജിജി തോംസന് ഐഎഎസ് ട്രെയിനിങ് സമയത്തു മുസോറിയിൽ വെച്ച് ഒരു അബദ്ധം പറ്റി . ഡിസംബറിന്റെ കൊടും തണുപ്പത്ത് ട്രെയിനിങ്ങിന്റെ ഭാഗമായി പത്തോളം വരുന്ന ടീമംഗങ്ങൾക്ക് ചൂട് പിടിക്കുവാൻ ആഗ്രഹം വന്നു .

അവർ നടന്നുനടന്ന് ഒരു ആദിവാസി കോളനിയിലെത്തി . കോളനിയിലെ മൂപ്പന് മാത്രമേ കുറച്ചെങ്കിലും ഹിന്ദി ഭാഷ അറിയുകയുള്ളൂ . ഇവരുടെ കൂട്ടത്തിൽ ജിജി തോംസണും . എന്താണ് നിങ്ങളുടെ ആവശ്യമെന്ന് ചോദിച്ചപ്പോൾ ജിജി തോംസൺ എളിമയോടെ പറഞ്ഞു ” ഇഥർ ബഹുത് തണ്ടീ ഹേ , ഗരം കർണെ കേലിയെ ലെഡ്‌കീ ചാഹിയെ ” ( ഇവിടെ ഭയങ്കര തണുപ്പാണ് , ചൂടാക്കാൻ പെൺകുട്ടിയെ വേണമെന്ന് ) .

ഇത് കേട്ടപാടെ ആദിവാസികളെല്ലാം ഇവരെ ആക്രമിക്കുവാൻ ഓടിയടുത്തു . അപ്പോഴാണ് അബദ്ധം മനസ്സിലാക്കിയതും ”ലഡ്കി യല്ല ലക്ടി” യാണ് ആവശ്യപ്പെടേണ്ടതെന്നും . ഇങ്ങനെ നൂറുകണക്കിന് അബദ്ധങ്ങൾ ഭാഷയുടെ പേരിലുള്ളത് നമ്മുക്ക് പറയുവാനാകും .

എന്തിനധികം പറയുന്നു എൻജിനീയറിങ് പഠിച്ചിട്ടും ഗൾഫിൽ ജോലികിട്ടാതെ വന്നപ്പോൾ പട്ടാണിയുടെ ഖുബൂസ് കമ്പനിയുടെ സൂപ്പർവൈസർ ജോലി കിട്ടാതെ വന്നത് ഹിന്ദി ഭാഷയിൽ സംസാരിച്ചപ്പോൾ പറ്റിയ ഒരു വലിയ അബദ്ധത്തിന്റെ പേരിലായിരുന്നു .

അമിത്ഷാ ഹിന്ദിയൊക്കെ കൊണ്ടുവരുന്നത് നല്ലതാണ്. പക്ഷെ അതിനെ ഒരു പുകമറയാക്കി മാറ്റുവാനുള്ള കൗടില്യ തന്ത്രങ്ങളെയാണ് മലയാളി എതിർക്കുന്നത്. അതായത് സാമ്പത്തിക മാന്ദ്യം രാജ്യത്തെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ ജനശ്രദ്ധ മാറ്റാന്‍ ഹിന്ദി വിവാദം അങ്ങ് എടുത്തിട്ടു കൊടുത്തു ?

അല്ലാതെ ഹിന്ദി പഠിച്ചാൽ അല്ലെങ്കിൽ അത് നിര്‍ബന്ധമാക്കിയാൽ എന്താണ് തെറ്റ് ? സാമ്പത്തിക മാന്ദ്യവും മറ്റുള്ള മണ്ടത്തരങ്ങളും ഒക്കെ വരുമ്പോഴെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്,

അഖില ഭാരത് ഹിന്ദി പ്രചാരക് സഭയുടെ കേരള ചാപ്ടർ കാര്യവാഹ് ദാസ് ദേശായിയും ഹിന്ദി വിദ്വാൻ വിജയ് മുഖർജിയും

×