പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഒളിവിലുള്ള ഒമ്പത് പേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 14 പ്രതികളേയാണ് ഇനിയും പിടികൂടാനുള്ളത്. മുഖ്യപ്രതി ഉള്‍പ്പെടെ കേസിലെ പ്രതികളില്‍ പലരും ഒളിവിലാണ്. പ്രതികള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് പൊലീസിന് ഇതുവരെ ഒരു വിവരും ലഭിച്ചിട്ടില്ല.
ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേര്‍ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് പേര്‍ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.