/sathyam/media/post_attachments/J7PaEx0oQAm6mcF8uOjL.jpg)
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴയുിമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെക്കൊണ്ട് സത്യം പറയിക്കാൻ പെടാപ്പാട് പെടുകയാണ് ഇ.ഡി. "എല്ലാം നടപടിക്രമങ്ങൾ മാത്രം, അസ്വാഭാവികമായി ഒന്നുമില്ല." കഴിഞ്ഞ അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിൽ എം. ശിവശങ്കർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ വാചകം മാത്രമാണ്. ഒന്നും വിട്ടുപറയാതെ ശിവശങ്കർ ഇതേ പല്ലവി ആവർത്തിക്കുന്നതിനാലാണ് കൂടുതൽ തെളിവുകളുമായി നാലു ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നത്. ചോദ്യങ്ങളോടു നിഷേധഭാവത്തിലുള്ള പ്രതികരണമാണ് നടത്തുന്നതെന്നും നിർണായകമായ പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്ന നിലപാടാണ് ശിവശങ്കർ സ്വീകരിക്കുന്നതെന്നും ഇ.ഡി പറയുന്നു.
2018 ഡിസംബർ ഒന്നു മുതൽ 2019 ഏപ്രിൽ 28 വരെയുള്ള കാലയളവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നടന്ന കാര്യങ്ങൾ രേഖപ്പെടുത്തിയാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനെ 2018 ഡിസംബറിൽ ഒരുമാസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വേണ്ടി ഒരുമാസം ഡെപ്യൂട്ടേഷനിൽ മാറ്റി നിറുത്തിയിരുന്നു. പകരം ശിവശങ്കർ ഈ പദവി ഏറ്റെടുത്തിരുന്നു. ഇക്കാലത്ത് നടന്ന ഇടപാടുകളും മാറ്റത്തിന്റെ ഉദ്ദേശ്യവും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കും എല്ലാം നടപടിക്രമങ്ങൾ മാത്രമാണെന്നാണ് ശിവശങ്കർ മറുപടി നൽകിയതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കോഴയിടപാടിൽ ശിവശങ്കറിന് വിചാരിച്ചതിലും കൂടുതൽ പങ്കാളിത്തമുണ്ടെന്നും ഇയാളെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള ഇ.ഡിയുടെ അപേക്ഷ കണക്കിലെടുത്താണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി നാലു ദിവസം കൂടി കസ്റ്റഡി അനുവദിച്ചത്.
കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാലു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റഡി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ഈ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനെക്കുറിച്ച് പരാതികളുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ശിവശങ്കറിന് ചികിത്സാ സൗകര്യങ്ങൾ നൽകിയിരുന്നതായി ഇ.ഡിയും വിശദീകരിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്കുവേണ്ടി യു.എ.ഇ. റെഡ് ക്രസന്റ് എന്ന സംഘടന നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി വിതരണം ചെയ്തെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ഈ കോഴപ്പണത്തിൽ ഉൾപ്പെടുന്നതാണെന്നും ഇതു ശിവശങ്കറിന് ലഭിച്ച കോഴയാണെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ലോക്കറെടുത്തതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ഫെബ്രുവരി 14 നു രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ശിവശങ്കറിനെ ഫെബ്രുവരി 24 ന് വൈകിട്ട് 3.30 ന് തിരികെ കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us