യുസഫലിക്കാ നിങ്ങൾ പറഞ്ഞതാണ് ശരി ! ഗൾഫിലെ 50-55 ഡിഗ്രി സെൽഷ്യസിൽ ചോര നീരാക്കിയ പണമുപയോഗിച്ച് നാട്ടിലെന്തെങ്കിലും ചെയ്‌താല്‍ ഉടന്‍ പരിസ്ഥിതിക്കാരിറങ്ങും ? ഇടപ്പള്ളി ലുലു മാളിനെതിരെ സമരം ചെയ്ത നേതാവ് അവിടെയിരുന്ന് ബിരിയാണി വെച്ചടിക്കുന്നത് കണ്ട കഥ ഉഗ്രന്‍ ! അതെല്ലാം ശരി … പക്ഷെ, മറ്റേ വിഷയങ്ങളില്‍ ഇനി തലയിടരുത് .. കാരണം ?

ദാസനും വിജയനും
Sunday, September 22, 2019

യുസഫലിക്കാ നിങ്ങൾ തകർത്തു, ഷാർജയിലെ ഹരിത ചന്ദ്രിക വേദിയിൽ നിങ്ങൾ ശരിക്കും ജനങ്ങളെ കയ്യിലെടുത്തു , എല്ലാം കൊണ്ടും . താങ്കൾ പറഞ്ഞതിൽ എല്ലാം നൂറു ശതമാനവും ശരിയാണ്.

ഒരു എംബിഎ വിദ്യാർത്ഥിക്ക് താങ്കളുടെ കാര്യങ്ങളിൽ കുറെ കടമെടുക്കാനുണ്ട്. വളരെ വ്യക്തമായി എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ അവതരണശൈലി ഇന്നിപ്പോൾ കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ മമ്മുട്ടിക്കും രാജ്‌മോഹൻ ഉണ്ണിത്താനും മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ .

സഖാവ് ഇ എംഎസിന് വിക്കുണ്ടായിരുന്നെങ്കിലും അദ്ദേഹം നല്ല മിടുക്കൻ ആയിരുന്നു, പിന്നെ കേരളത്തിന്റെ സ്വന്തം ലീഡർ കെ കരുണാകരനും .

താങ്കൾ പറഞ്ഞതുപോലെ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല തന്റെ ജീവിതമെന്നും ( കേരളത്തിൽ വിളവന്മാർക്ക് ലൈസൻസ് കൊടുക്കുന്ന കൊടുങ്ങലൂരിനടുത്ത ) നാട്ടികയിലെ ഒരു കുഗ്രാമത്തിൽ ജനിച്ചു ഗൾഫിലെ 50-55 ഡിഗ്രി സെൽഷ്യസിൽ ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണമാണ് കൈകാര്യം ചെയ്യുന്നതെന്നുള്ളതൊക്കെയുള്ളത് ഏറെ ഇഷ്ടപ്പെട്ടു.

കേരളത്തിലെ കപട പരിസ്ഥിതിക്കാരെ കുറിച്ച് പറയുവാൻ താങ്കൾ കാണിച്ച ധൈര്യം ഇന്നത്തെ അവസ്ഥയിൽ ആരും കാണിക്കണമെന്നില്ല. താങ്കളുടെ തന്നെ അയൽ നാട്ടുകാരനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഇതേ പോലെ അനേകം വേദികളിൽ കേരളത്തിലെ സാമൂഹിക വിപത്തായ നെഗറ്റിവിറ്റിയെ കുറിച്ച് ഏറെ പ്രസംഗിച്ചിട്ടുണ്ട് .

ഇന്നിപ്പോൾ മുത്തൂറ്റ് ജോർജേട്ടൻ ആ ചങ്കൂറ്റം കാണിച്ചുകൊണ്ട് പ്രസംഗിച്ചത് കേട്ടു . ഇങ്ങനെ കുറെ ആളുകൾ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളൂ .

പഴയ സമരക്കാരന്റെ ബിരിയാണി തീറ്റ … ഹിറ്റ്‌

അയ്യായിരം ജോലിക്കാരുള്ള , അപ്പോൾ ഇരുപത്തി അയ്യായിരം പേരുടെ ജീവിതം ( 5000 x 5 ) രക്ഷപെടുത്തിയ ലുലുമാൾ അവിടെ പണിതാൽ കേരളം ഒന്നടങ്കം നശിച്ചുപോകുമെന്ന് ടെലിവിഷൻ ന്യുസ് അവറിൽ വന്നിരുന്ന് പുലമ്പിയ മഹാൻ കുടുംബസമേതം താങ്കളുടെ ലുലുമാളിൽ ഫുഡ്കോർട്ടിൽ ബിരിയാണി വെച്ചടിക്കുന്നത് കണ്ടുവെന്ന് പറഞ്ഞത് ശരിക്കും ഇഷ്ടപ്പെട്ടൂ .

ബിരിയാണിയോ നെയ്‌ച്ചോറോ ഷവർമയോ എന്തുമാവട്ടെ , ഇതാണ് കേരളം . ഇതാണ് ഇവിടത്തെ ലോബികൾ .

സമരക്കാരുടെ വീട്ടില്‍ ഓരോ ഫാമിലി പാക്ക് ചിക്കൻ പൊരിച്ചത് ?

കൊച്ചി എംജി റോഡിൽ ചിക്കിങ് എന്നൊരു സ്ഥാപനം തുടങ്ങിയപ്പോൾ ഒരു ഈർക്കിൽ നക്സൽ സംഘടന പത്തോളം പേരെ കൂലിക്കെടുത്തുകൊണ്ട് എന്നും സ്ഥാപനത്തിലേക്ക് മാർച്ച് ആരംഭിച്ചു.

വിദേശ കുത്തക കമ്പനികൾ ഇന്ത്യവിടുക എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു അവരുടെ സമരവും മാർച്ചും ഒക്കെ . ആവർക്കറിയുമോ ഇത് പാവറട്ടിക്കാരൻ മൺസൂർഭായി ദുബായിൽ വെച്ച് ഉണ്ടാക്കിയ ബ്രാൻഡ് ആണെന്നുള്ളത് .

അവർ കൊക്കക്കോളക്കും പെപ്‌സിക്കും കെഎഫ്സിക്കും ഒക്കെ ഒപ്പം ഈ ബ്രാൻഡിനെയും കണ്ടുകൊണ്ട് ബംഗളൂരിൽ നഞ്ചുണ്ടസ്വാമി കെഎഫ്‌സിക്കെതിരെ ഉണ്ടാക്കിയ പ്രക്ഷോഭം പോലെ ആക്കുവാൻ ശ്രമിച്ചു . പാവറട്ടിക്കാരൻ ചെയ്തത് ഏറെ രസകരമായിരുന്നു .

സമരം നടത്തിയ എല്ലാവരുടെയും വീട്ടിലെ വിലാസം കരസ്ഥമാക്കി അവർക്കൊക്കെ ഓരോരോ ഫാമിലി പാക്ക് ചിക്കൻ പൊരിച്ചത് അയച്ചുകൊടുത്തു . പിറ്റേ ദിവസം സമരത്തിന് വേണ്ടി കുപ്പായം ഇടുമ്പോൾ നേതാവിന്റെ ഭാര്യയും മക്കളും സമരം തുടങ്ങി .

ഇത്രേം ടേസ്റ്റ് ഉള്ള ചിക്കൻ ജീവിതത്തിൽ ഞങ്ങൾ കഴിച്ചിട്ടില്ല . സമരവുമായി നിങ്ങൾ മുന്നോട്ട് പോയാൽ ഇനി വീട്ടിലേക്കു വരണ്ട എന്നുള്ള ഭീഷണിയും . പിന്നെ സമരവുമില്ല മാർച്ചുമില്ല വിദേശ കുത്തകകളുമില്ല .

അതിരപ്പള്ളിയിലെ വാട്ടർപാർക്ക് മുതലാളിയുടെ ബുദ്ധി !

അതിരപ്പള്ളിക്കടുത്തുള്ള ഒരു വാട്ടർപാർക്കിൽ അവിടത്തെ നാട്ടുകാരിൽ ചില പരിസ്ഥിതി വാദികൾ ചേർന്നുകൊണ്ട് വെള്ളത്തിന്റെ പ്രശ്നം ഉന്നയിച്ചുകൊണ്ട് ചെറിയ എടാകൂടം ഉണ്ടാക്കുവാൻ ശ്രമം ആരംഭിച്ചു. ഇത് മണത്തറിഞ്ഞ കമ്പനി മുതലാളി ഒരുഗ്രൻ ബുദ്ധി പ്രയോഗിച്ചു .

പെട്ടെന്നുതന്നെ അഹമ്മാദാബാദിൽ പോയി ഒരു നേന്ത്ര ഊഞ്ഞാലുവാങ്ങിക്കൊണ്ടുവന്ന് ഫിറ്റ് ചെയ്ത് അന്നത്തെ മുഖ്യമന്ത്രീയും പരിസ്ഥിതി വാദികളുടെ നേതാവുമായ സാക്ഷാൽ അച്യുതാനന്ദനെ കൊണ്ട് ആ ഊഞ്ഞാൽ ഉത്‌ഘാടനം ചെയ്യിച്ചു . അതോടെ പരിസ്ഥിതി വാദികളും ഇല്ല സമരവും ഇല്ല.

ജനിച്ച നാട്ടിലെ ‘കൃമികടി സമരങ്ങള്‍’ 

1992 ൽ ചാലക്കുടിക്കടുത്തുള്ള പോട്ടയിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടെ ഒരു മാർബിൾ കമ്പനി സിൽക്ക് കട്ട് എന്ന പേരിൽ ഒരു പാവം റിട്ടയേർഡ് എൻജിനീയറും കുടുംബക്കാരും കൂടി ആരംഭിച്ചു . ആദ്യത്തെ മൂന്നുലോഡ് മാർബിൾ വന്നപ്പോൾ തന്നെ ലോഡിങ്ങ് അൺലോഡിങ് വിഷയവുമായി ബന്ധപ്പെട്ട് സമരം ആരംഭിച്ചു . ഉത്ഘാടനം വരെ മാറ്റിവെച്ചു .

അതോടെ പാവം റിട്ടയർഡ് എഞ്ചിനീയർക്ക് ഹാർട്ട് അറ്റാക്ക് വരികയും കമ്പനി പരിപാടികളെല്ലാം ഉപേക്ഷിക്കുകയും ചെയ്തു .

അദ്ദേഹത്തിന്റെ മകനും കൂട്ടുകാരനും ചേർന്ന് സമരം നടത്തിയ ഒരാളെ ചാലക്കുടിയിലെ ഹൈവേ ബാറിൽ കൊണ്ടുപോയി വയറും മനസ്സും നിറയെ ക്രിസ്ത്യൻ ബ്രദേഴ്സ് വിസ്കിയും കല്ലുമ്മക്കായും തവളക്കാലും ചെമ്മീൻ ഫ്രൈയും ഒക്കെ വാങ്ങിക്കൊടുത്തപ്പോൾ സമരത്തിന്റെ നേതാവ് എല്ലാം തുറന്ന്‌പറഞ്ഞു ” പാർട്ടിയിൽ സ്ഥാനം നിലനിർത്തണമെങ്കിൽ ഇങ്ങിനെ എന്തെങ്കിലും കോപ്രായങ്ങൾ കാണിച്ചേ പറ്റൂ എന്ന് ” . ഇതാണ് കേരളം .

മാളിനായി കാത്തിരുപ്പ്

തിരുവനന്തപുരം പോലത്തെ ഒരു സ്ഥലത്ത് 1500 കോടി രൂപ മുതൽ മുടക്കിൽ തുടങ്ങുന്ന ഷോപ്പിംഗ് മാളിന്റെ കാര്യങ്ങൾക്ക് ഇന്ത്യയിലെയും കേരളത്തിലെയും സകലമാന നിയമങ്ങളും അറിയുന്ന കൺസൾട്ടൻസി കമ്പനിയെ ഏല്പിച്ചിരിക്കുന്നു എന്ന് യുസഫലിക്ക പറയുമ്പോഴും അദ്ദേഹത്തിന്റെ കോഴിക്കോട്ടെ മാളിന്റെയും തിരുവനന്തപുരത്തെ മാളിന്റെയും പിന്നാലെ കുറേയാളുകൾ കൂടിയിട്ടുണ്ട് .

പശുവിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഉത്തർപ്രദേശത്തിലെ ലക്നൗ മാൾ ഒരു തടസ്സവുമില്ലാതെ പണി തീർക്കുമ്പോൾ ജനിച്ച നാട്ടിലാണ് എല്ലാവര്ക്കും കൃമികടി . അത് അസൂയയിൽ നിന്നും ഉരുത്തിരിയുന്ന ഒരു അന്താരാഷ്ട്ര പ്രശ്നമാണ് യുസഫലിക്കാ . അതിലൊന്നും താങ്കൾ പതറരുത് .

താങ്കളുടെ കച്ചവടങ്ങൾ ഈജിപ്തിലായാലും സിറിയയിൽ ആയാലും സൗദിയയിൽ ആയാലും ലണ്ടനിൽ ആയാലും എല്ലാം സുഗമമായി ആരംഭിക്കൂ . താങ്കളുടെ കൊച്ചിയിലെ മാളിൽ പാർക്കിങ് പ്രശ്നം ഉന്നയിച്ചുകൊണ്ട് ഒരു രാഷ്ട്രീയക്കാരി കേസ് കൊടുത്തെങ്കിലും അവർ പിന്നെ കണ്ടം വഴി ഓടി . ആയതുകൊണ്ട് താങ്കളുടെ കച്ചവടങ്ങളിൽ എന്നും പിന്തുണ അറിയിക്കുന്നു .

മറ്റേ വിഷയങ്ങളില്‍ തലയിടരുത്, ജനം തിരിയും

എന്നാലും ഒരു അഭ്യർത്ഥനയുണ്ട് : ഇനിയുള്ള താങ്കളുടെ പ്രസംഗങ്ങളിലോ പത്രസമ്മേളങ്ങളിലോ കുറിപ്പുകളിലോ മറ്റേ വിഷയം അവതരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഓർമ്മപ്പെടുത്തുന്നു . കാരണം അതിൽ വാദിയോ പ്രതിയോ എന്നതല്ല വിഷയം . താങ്കൾ ഇടപെട്ടതിലും അല്ല വിഷമം .

നമ്മൾ എത്ര ഉന്നതനായാലും നമ്മൾ എത്ര ബുദ്ധിമാനായാലും നമ്മൾ എത്ര ബന്ധങ്ങളുള്ള ആളായാലും
നമ്മൾ എത്ര പണക്കാരനായും ചില കാര്യങ്ങളിൽ തൊടുവാൻ പാടില്ല . ചിലതിൽ തൊടുമ്പോൾ കൈ പൊള്ളും. അതുപോലെ ചിലതിൽ തൊടുമ്പോൾ സ്വർഗം വരെ കിട്ടിയേക്കാം . ഇപ്പോൾ താങ്കൾ ഇടപെട്ട വിഷയത്തിൽ മതമോ വർഗീയതയോ രാഷ്രീയമോ ഒന്നുമല്ല കാര്യം .

താങ്കൾ ചെയ്തത് നൂറുശതമാനവും തെറ്റായിരുന്നു എന്ന് പറഞ്ഞാൽ മനസാക്ഷിയോട് മാത്രം ചോദിച്ചുനോക്കുക .

പരിശുദ്ധ കഅബ ശരീഫ് കഴുകുവാൻ സാദിഖലി ശിഹാബ് തങ്ങൾക്ക് വരെ സൗകര്യമുണ്ടാക്കി പ്രൈവറ്റ് ജെറ്റിൽ മക്കയിൽ പോയി അത് കഴുകി വന്ന താങ്കൾ ഒരു കാര്യം പറഞ്ഞു ; ‘ ഒരാളെ ദൈവം ഉയർത്തുവാൻ ശ്രമിച്ചാൽ അത് ആരൊക്കെ ശ്രമിച്ചാലും ഇല്ലാതാക്കുവാനോ അതുപോലെ ഒരാളെ ദൈവം താഴ്ത്തുവാൻ ശ്രമിച്ചാൽ ആരൊക്കെ ശ്രമിച്ചാലും അതിനെ തടയുവാനോ ആകില്ല എന്ന്‍ ”.

അതേ ദൈവം നമ്മളോട് പറഞ്ഞിട്ടുണ്ട് , ‘വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല ‘എന്നും ‘സൂക്ഷിച്ചാൽ ദുഖിക്കേണ്ട ‘ എന്നും .

‘ ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെട്ടാൽ പിന്നെന്ത് പ്രയോജനം ‘

മർദ്ദിതർക്കും പീഡിതർക്കും ഒപ്പമാണ് ദൈവം എന്നും എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്,

അനാവശ്യമായ കേസുകളിൽ അകപ്പെട്ട് വർഷങ്ങളോളം നാട്ടുകാണാതിരുന്ന ദാസനും , കേസില്ലാ വക്കീൽ വിജയനും

×