ചെന്നൈ: ഭര്‍ത്താവിന് നേരേയുള്ള ഗാര്‍ഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം ഉണ്ടായത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബക്കോടതി മൃഗഡോക്ടര്‍ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടര്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഭാര്യ ഭര്‍ത്താവിനെ മനഃപൂര്‍വം ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഗാര്‍ഹികപീഡന പരാതി നല്‍കിയതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് പരിഗണിച്ച കോടതി ഇയാളുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു.