Advertisment

തിരഞ്ഞെടുപ്പിനു മുന്നോടിയായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ മലബാറിന്റെ പൊതുവായ ആവശ്യങ്ങൾ ഏകോപിപ്പിച്ച് കേന്ദ്ര - കേരള, ഭരണപക്ഷ - പ്രതിപക്ഷ മുന്നണികൾക്ക് സമര്‍പ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ആസന്നമായ തദ്ദേശസ്വയംഭരണ - നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലബാറിന്റെ പൊതുവായ ആവശ്യങ്ങൾ ഏകോപിപ്പിച്ച് മുൻഗണനാക്രമത്തിൽ തയ്യാറാക്കി കേന്ദ്ര - കേരള ഭരണപക്ഷ, പ്രതിപക്ഷ മുന്നണികൾക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, പ്രസിഡന്റ് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി എം.കെ. അയ്യപ്പൻ, സെക്രട്ടറി പി. ഐ. അജയൻ, ഖജാൻജി എം.വി. കുഞ്ഞാമു എന്നിവർ സമർപ്പിച്ചു.

മലബാറിന് അർഹതപ്പെട്ട പരിഗണനയും, വർഷങ്ങളായി നിലനിൽക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് പരിഹാരവും കാണുന്നതിന് നിയമസഭ സെക്രട്ടറിയേറ്റ് അനക്സ്, ഹൈക്കോടതി ബെഞ്ച്, എയിംസ് എന്നിവ കോഴിക്കോട് സ്ഥാപിക്കുക.

മാവൂരിൽ ഫിലിം സിറ്റി, എറണാകുളം വൈറ്റില മാതൃകയിൽ മലാപറമ്പിലോ, അനുയോജ്യമായ സ്ഥലത്തോ മോബിലിറ്റി ഹബ് നിർമ്മിക്കുക, ഫറൂക്ക് ഓട് വ്യവസായം, കോമൺവെൽത്ത്, മലബാറിലെ മറ്റു വ്യവസായശാലകൾ പുനരുദ്ധരിക്കുക.

കോഴിക്കോട് വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകുക, വലിയ വിമാന സർവീസ് ആരംഭിക്കുക, കാർഷിക കയറ്റുമതി-ഇറക്കുമതി പുഷ്ടിപ്പെടുത്തുന്നതിനും, നിർത്തലാക്കിയ ചരക്കു വിമാന സർവീസ് ആരംഭിക്കുക, ഹജ്ജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് നിലനിർത്തുക.

കേരളത്തിന്റെ ടൂറിസം പട്ടികയിലും, പ്രചാരണങ്ങളിലും വയനാട് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഉൾപ്പെടുത്തുക, മലബാർ ട്രാവൽ മാർട്ട് പുനരാരംഭിക്കുക, ചലച്ചിത്ര അവാർഡ്, ഫിലിം ഫെസ്റ്റിവൽ ഒന്നിടവിട്ട് മലബാറിലെ ജില്ലാ ആസ്ഥാനങ്ങളിൽ നടത്തുക.

ഫറോക്ക് - അങ്ങാടിപ്പുറം (എയർപോർട്ട് വഴി), നഞ്ചൻകോട് - നിലമ്പൂർ, തിരുനാവായ - ഗുരുവായൂർ, ഷൊർണൂർ - മംഗലാപുരം മൂന്നാം റെയിൽ പാതകൾ നിർമ്മിക്കുക, മലബാറിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കുക, ഷൊർണുർ -കണ്ണൂർ - മംഗലാപുരം മെമു സർവീസ് ആരംഭിക്കുക, പൊന്നാനി, ബേപ്പൂർ, അഴിയൂർ തുടങ്ങിയ മലബാറിലെ തുറമുഖങ്ങൾ വികസിപ്പിക്കുക, തിരുവനന്തപുരം-കാസർകോട് യാത്ര - ചരക്ക് ജലഗതാഗതം ആരംഭിക്കുക, പൊന്നാനി-തിരൂർ - ഫറോക്ക് - മാവൂർ - അരീക്കോട് ബോട്ട് സർവീസ് പുനർ ആരംഭിക്കുക.

മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടിന്റെ വാണിജ്യ പ്രതാപം വീണ്ടെടുക്കുക, എല്ലാ വികസനങ്ങളും തിരുവനന്തപുരം, കൊച്ചിമേഖലയിൽ മാത്രം ഒതുക്കാതെ മലബാറിലെ ജില്ലകളിലേക്കും വികേന്ദ്രീകരിക്കുക, മംഗലാപുരം-കൊച്ചി റോ-റോ ട്രെയിൻ ആരംഭിക്കുക.

മലബാറിലെ റോഡുകൾ വീതി കൂട്ടുകയും, കാലപ്പഴക്കം ചെന്ന പാലങ്ങൾ വീതികൂട്ടി പുതുക്കിപ്പണിയുകയും, നല്ല രീതിയിൽ പരിപാലനം നടത്തുകയും ചെയ്യുക, മലബാറിലെ തിരക്കുള്ള നഗരങ്ങളിൽ സർക്കുലർ ബസ്, ടൂവീലർ ടാക്സി, ഷെയർ ഓട്ടോ മിനിബസ് സർവീസ് ആരംഭിക്കുക, സൈക്കിൾ യാത്ര സുരക്ഷിതമാക്കുക, പ്രത്യേക പാതകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, സൈക്കിളിന്റെ നികുതി ഒഴിവാക്കുകയും ചെയ്യുക.

അഴുക്കുചാൽ പദ്ധതികൾ പൂർത്തീകരിച്ച് നിരത്തുകളിലും വാണിജ്യ കേന്ദ്രങ്ങളിലെയും വെള്ളക്കെട്ടുകൾ ഒഴിവാക്കുക, തിരക്കുള്ള ജംഗ്ഷനുകളിൽ അടിപ്പാത/ മേൽപാത നിർമിക്കുക, വയനാട് തുരങ്കപാത, കേബിൾ കാർ പദ്ധതികൾ പൂർത്തീകരിക്കുക, അഞ്ച് വർഷത്തിലധികമായി വെറുതെ കിടക്കുന്ന കെഎസ്ആർടിസി ബസ് ടെർമിനലുകൾ പൂർണ്ണമായി ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ശുചിമുറികൾ നിർമ്മിച്ച് ജലലഭ്യത ഉറപ്പു വരുത്തി വൃത്തിയായി പരിപാലിക്കുക.

പയ്യനൂരിന് അടുത്തുള്ള ഹൌസ് ബോട്ട് ജെട്ടി സൗകര്യങ്ങൾ വിപുലീകരിച്ചു ആലപ്പുഴ മാതൃകയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുക, കോവിഡാനന്തര സാമ്പത്തികഞെരുക്കം പരിഗണിച്ച് കുറഞ്ഞ ചിലവിൽ അഭ്യന്തര അന്തർദേശീയ ടൂറിസ്റ്റുകളെ ആകർഷിക്കാൻ മിതമായ നിരക്കുകളിൽ താമസ - ഭക്ഷണ - യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

kozhikode news
Advertisment