Advertisment

മാവൂരിൽ ഫിലിംസിറ്റി സ്ഥാപിക്കണം - മക്കൾ & എംഡിസി

New Update

publive-image

Advertisment

കോഴിക്കോട്: മാവൂർ ഗ്വോളിയോർ റയോൺസ് ഫാക്ടറി സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് മലയാള ചലച്ചിത്ര കാണികളുടെയും, മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും, ചലച്ചിത്രമേഖലയിലെ പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്ത ഓൺലൈൻ യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

1950 ൽ 317ൽ പരം ഏക്കറിൽ പ്രകൃതിരമണീയമായ മാവൂരിൽ സ്ഥാപിച്ച ഫാക്ടറി 2001 ൽ ആണ് അടച്ചുപൂട്ടിയത്. 20 വർഷത്തോളമായി ഈ സ്ഥലം കാടുപിടിച്ച്, മാവൂരിന്റെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നു.

ഗ്വോളിയോർ റയോൺസ് മാനേജ്മെന്റ് മാലിന്യ മുക്തമായ വ്യവസായങ്ങൾ ആരംഭിക്കാൻ നാളിതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ഭൂമി തിരിച്ചെടുത്ത് അവിടെ ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് മലയാളചലച്ചിത്ര കാണികൾ (മക്കൾ) നിരവധി വർഷങ്ങളായി നിരന്തരം മാറിമാറിവന്ന സർക്കാരുകളോട് അഭ്യർത്ഥിച്ചു വരികയാണ്.

പിന്നീട് ഇതേ ആവശ്യം ഉന്നയിച്ചു മലബാർ ഡെവലപ്മെന്റ് കൗൺസിലും സർക്കാരിനെ സമീപിക്കുകയുണ്ടായി, എന്നാൽ കെ.ബി.ഗണേഷ് കുമാർ സിനിമ മന്ത്രിയായ കാലത്താണ് ഈ അഭ്യർത്ഥന കാര്യമായി പരിഗണിച്ച് സർക്കാർ അനുകൂല നിലപാടെടുത്തത്.

എന്നാൽ കഴിഞ്ഞ ബഡ്ജറ്റിൽ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് രണ്ടേക്കറിൽ താഴെ സ്ഥലലഭ്യതയുള്ള തിരുവല്ലത്തും (തിരുവനന്തപുരം), ഒറ്റപ്പാലത്തുമായി രണ്ട് ഫിലിം സിറ്റികൾ ആരംഭിക്കുന്നതിന് ചെറിയ തുക കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി വകയിരുത്തിയത്.

ഈ പ്രഖ്യാപനം വന്ന ഉടനെതന്നെ ഇരുസംഘടനകളും അത് അപ്രായോഗികമായ നിർദ്ദേശം ആണെന്നും രണ്ടെണ്ണത്തിന് പകരം കൂടുതൽ സ്ഥലലഭ്യതയും, അനുകൂല ഘടകങ്ങളും ഉള്ള മാവൂരിൽ ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് വീണ്ടും സർക്കാരിനെ സമീപിച്ചു.

1994 ലാണ് ചെന്നൈയിലെ എംജിആർ ഫിലിം സിറ്റി (ജെ.ജെ ഫിലിം സിറ്റി) സ്ഥാപിച്ചത്. 2000ൽ അധികം ഏക്കറിലാണ് (8.1km2) ആണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. 24.96 ചതുരശ്ര മൈലിലാണ് കാലിഫോർണിയയിലെ ലോസ്ആഞ്ചലസിൽ ഹോളിവുഡ് ഫിലിം സിറ്റി എന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ റാമോജി ഫിലിംസിറ്റിയിൽ എത്തുന്ന സന്ദർശകർ കേരളത്തിൽ നിന്നാണ് എന്ന് അറിയുന്നു. മാവൂരിൽ ഫിലിം സിറ്റി ആരംഭിച്ചാൽ അത് മലബാറിന്റെ മൊത്തം ടൂറിസം മേഖലയ്ക്കും, അനുബന്ധ വ്യവസായങ്ങൾക്കും പുത്തൻ ഉണർവ് നൽകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ചലച്ചിത്ര ചിത്രീകരണത്തിന്, പ്രകൃതി ഭംഗി, വെള്ളം, വൈദ്യുതി ലഭ്യത, എയർ, റെയിൽ, റോഡ്, ജലഗതാഗത കണക്ടിവിറ്റി ഉള്ളതും, ചലച്ചിത്ര ചിത്രീകരണത്തിന് വളരെ അനുയോജ്യമായ സ്ഥലം മാവൂർ ആണെന്ന് ചലച്ചിത്ര, സീരിയൽ നിർമാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, ചായാഗ്രാഹകർ എന്നിവർക്ക് ബോധ്യപ്പെട്ടതും ആണ്.

വർഷങ്ങൾക്കു മുമ്പ് സിനിമ ചിത്രീകരണത്തിന് കോഴിക്കോടും പരിസരവും ആണ് മലയാള - തമിഴ് - ഹിന്ദി - തെലുഗ് സിനിമ പ്രവർത്തകർ പരിഗണിച്ചിരുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾ വിജയിച്ചത് മൂലം സിനിമാമേഖലയിൽ ചിത്രീകരണത്തിന് ഭാഗ്യനഗരം ആയാണ് കോഴിക്കോടിനെ വിശേഷിപ്പിച്ചിരുന്നത്.

കോവിഡ് / കോവിഡാനന്തര കാലത്തും ചുരുങ്ങിയ ചിലവിൽ ചിത്രീകരണം നടത്താനാണ് സിനിമ സംഘടനകളുടെ തീരുമാനം. അതനുസരിച്ച് അഭിനേതാക്കളുടെ പ്രതിഫലം പകുതിയാക്കി കുറയ്ക്കാൻ സൂപ്പർ താരങ്ങൾ വരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മാവൂരിൽ ഫിലിം സിറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവരെ വീണ്ടും സമീപിക്കാൻ യോഗം തീരുമാനിച്ചത്. മാവൂർ ഫിലിം സിറ്റിയായി പ്രഖ്യാപിക്കുന്ന തീരുമാനം 2021 ബഡ്ജറ്റിൽ ഉണ്ടാകണമെന്ന് യോഗം അഭ്യർത്ഥിച്ചു

പ്രമുഖ ചലച്ചിത്ര നിർമ്മാതാവും(AVA) വ്യവസായിയുമായ ഡോക്ടർ എ വി അനൂപ് യോഗം ഉദ്ഘാടനം ചെയ്തു.

മലയാള ചലച്ചിത്ര കാണികളുടെയും മലബാർ ഡെവലപ്മെന്റ് കൗൺസിലിലെയും പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. പ്രമുഖ ചലച്ചിത്ര നിർമാതാക്കളായ സ്വർഗ്ഗചിത്ര അപ്പച്ചൻ, വി.പി,മാധവൻ നായർ( മുരളി ഫിലിംസ്), സംവിധായകനായ ഹരിദാസ്, സിനിമ-സീരിയൽ താരങ്ങളായ ഹരിത് സി.എൻ.വി, വിനോദ് കോവൂർ, സാധിക വേണുഗോപാൽ, തിരക്കഥാകൃത്ത് പി.ആർ.നാഥൻ, യു.കെ.കുമാരൻ, ഗാനരചയിതാവ് കാനേഷ് പുനൂർ എന്നിവർ പിന്തുണ അറിയിച്ചു.

മലയാളചലച്ചിത്ര കാണികൾ ജനറൽ സെക്രട്ടറി ബോണി ഓസ്റ്റിൻ, വൈസ് പ്രസിഡന്റുമാരായ എം. ശ്രീറാം, സെക്രട്ടറി പി.ഐ.അജയൻ, കേരള സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ടി.പി.വാസു, എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ നവാസ് പൂനൂർ, ശ്രീദേവി ശ്രീറാം, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡണ്ടുമാരായ പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, എം.വി.മാധവൻ, ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എം.കെ.അയ്യപ്പൻ സെക്രട്ടറിമാരായ കുന്നോത്ത് അബൂബക്കർ, കെ, മൊയ്തീൻ കുട്ടി, ഖജാൻജി എം.വി,കുഞ്ഞാമു എന്നിവർ പങ്കെടുത്തു സംസാരിച്ചു. സി.വി.ജോസി സ്വാഗതവും, ജോഷി പോൾ.പി നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment