Advertisment

വിമാനത്താവള വികസനം : നയം വ്യക്തമാക്കണം - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള വികസന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നയം വ്യക്തമാക്കണം എന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ അടിയന്തര നിർവാഹക സമിതി ഓൺലൈൻ യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.

വലിയ വിമാന സർവീസ് (കോഡ് - ഇ) ആരംഭിക്കുന്നതിന് കൂടുതൽ വ്യക്തതയും സുരക്ഷാ പുരോഗതിയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് പുനരാരംഭിക്കൽ അനിശ്ചിതമായി നീളുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വിവിധ സംഘടനകളും യോജിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

വികസനത്തിന് സ്വകാര്യവൽക്കരണം എന്ന അഭിപ്രായം ചില കോണുകളിൽനിന്ന് ഉയർന്നുവരുന്നു. തുടർച്ചയായി ലാഭത്തിലും, എയർപോർട്ട് അതോറിറ്റിക്കു കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക എയർപോർട്ട് ആണ് കോഴിക്കോട്.

2021 ജനുവരി 23 നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കണ്ണൂർ വിമാനത്താവള വികസനത്തിനാണ് പ്രാധാന്യം കൊടുത്തത്. 2021 ലെ കേരള - കേന്ദ്ര ബഡ്ജറ്റിൽ ഒന്നും കോഴിക്കോട് വിമാനത്താവള വികസനം പരിഗണിച്ചിട്ടില്ല.

2021 ജനുവരി 25 -ാം തീയതി ബഹുമാനപ്പെട്ട എം. പി എം.കെ രാഘവൻ സമർപ്പിച്ച ബദൽ മാസ്റ്റർ പ്ലാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും, വ്യോമയാന മന്ത്രാലയവും അംഗീകരിച്ചാൽ ഫാസ്റ്റ് ട്രാക്കിൽ ചുരുങ്ങിയത് നൂറ് ഏക്കർ ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാരും, ഭൂമി വിട്ടുനൽകാൻ തദ്ദേശവാസികളും തയ്യാറാകണം. മാസ്റ്റർപ്ലാൻ എത്രയും വേഗം പ്രാവർത്തികമാക്കിയില്ലെങ്കിൽ വിമാനകമ്പനികൾ ഒന്നൊന്നായി കോഴിക്കോടിനെ കയ്യൊഴിയും.

33 വർഷം പിന്നിട്ടിട്ടും ഒരിഞ്ചു ഭൂമി പോലും ഏറ്റെടുത്തു നൽകാത്തതാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ ഈ ദുർഗതിക്കു കാരണം. അതേസമയം സ്വകാര്യ മേഖലയിൽ വന്ന കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ പതിന്മടങ്ങു ഭൂമി ഏറ്റെടുത്തുകഴിഞ്ഞു.

എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എം.പി പാർലമെന്റ് അംഗത്വം രാജി വെച്ച സാഹചര്യത്തിൽ കോ-ചെയർമാൻ എം.പി എം.കെ. രാഘവൻ ഉപദേശക സമിതി യോഗം വിളിച്ചു അദ്ദേഹം സമർപ്പിച്ച ബദൽ മാസ്റ്റർ പ്ലാൻ അംഗീകരിക്കുവാൻ ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മലബാറിന്റെ വ്യോമയാന യാത്ര, ചരക്കുനീക്കം, ടൂറിസം എന്നിവ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂർ വിമാനത്താവളം കൊണ്ടുമാത്രം പൂർണ്ണതയിൽ എത്തുകയില്ല. മലബാറിന്റെ സമഗ്ര വികസനത്തിന് പ്രത്യേകിച്ച് വയനാട്, മലപ്പുറം, പാലക്കാട് ജില്ലയിലെ ടൂറിസം വികസനത്തിനും, ഹജ്ജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് പുനസ്ഥാപിക്കുന്നതിനും, അടിവാരത്ത് നിർമ്മാണം പുരോഗമിക്കുന്ന മർക്കസ് നോളജ് സിറ്റി, നിർദ്ദിഷ്ട വയനാട് തുരങ്കപാത, കേബിൾ കാർ, എൻ ഐ ടി, ഐഎഎം, ഐ ഐ ടി, ഐ ടി പാർക്കുകൾ, 40 ശതമാനത്തോളം വിദേശത്ത് ജോലി ചെയ്യുന്ന മലബാറുകാർ, കുറഞ്ഞ ചിലവിൽ ചികിത്സയ്ക്ക് എത്തുന്നവർ, ദീപ് നിവാസികൾ, മാവൂരിൽ ഫിലിം സിറ്റി/ മലിനീകരണമില്ലാത്ത വ്യവസായം ആരംഭിക്കുന്നതിന് കോഴിക്കോട് വിമാനത്താവള വികസനത്തിനന്റെയും, വലിയ വിമാന സർവീസ്, കാർഗോ വിമാന സർവീസുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

അനന്തമായി നീട്ടിക്കൊണ്ടു പോകാതെ മലബാറിന്റെ കോവിഡാനന്തര സമഗ്ര വികസനത്തിന് അനിവാര്യവും അനന്തസാധ്യതകളുള്ള കോഴിക്കോട് വിമാനത്താവള വികസനത്തിന് ഉചിതവും പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ, കേരള മുഖ്യമന്ത്രി എന്നിവരോട് അഭ്യർത്ഥിച്ചു.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും, വിമാനത്താവള ഉപദേശക സമിതി അംഗവുമായ ഷെവലിയർ സി. ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഡോക്ടർ എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമായ പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, എം.വി മാധവൻ, കെ.എൻ ചന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, സെക്രട്ടറിമാരായ പി.ഐ അജയൻ, കുന്നോത്ത് അബൂബക്കർ, കെ. എ മൊയ്തീൻ കുട്ടി, ഖജാൻജി എം.വി കുഞ്ഞാമു, കമ്മിറ്റി അംഗങ്ങളായ സി അബ്ദുറഹ്മാൻ, സി.വി ജോസി, എൻ. റിയാസ്, സി. സി. മനോജ്‌ എന്നിവർ പങ്കെടുത്തു.

 

kozhikode news
Advertisment