'മലപ്പുറത്തിനൊപ്പം'എന്നത് കാണുമ്പോൾ വിഷമവും സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ചുവരുന്നു . ഇന്ന് ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ പഴി കേൾക്കേണ്ടിവരുന്ന ഒരവസ്ഥ , അതും ഒരു ജില്ല ഒന്നടങ്കം .
പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗർഭിണിയായ ഒരാനയെ പൈനാപ്പിളിൽ പടക്കം നിറച്ചു കൊടുത്തുകൊണ്ട് അതിനെ കൊന്നുതള്ളിയ ഒരുത്തൻ. അത്ര പൈശാചികമായാണ് അവനതിനോട് ചെയ്തത് .
പടക്കം വായിലിരുന്ന് പൊട്ടുകയും വേദന അകറ്റുവാൻ വെള്ളത്തിലിറങ്ങുകയും ശ്വാസകോശത്തിൽ വെള്ളം കയറിയുമാണ് ആ ആന ചെരിഞ്ഞത് . പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ആനയുടെ വയറ്റിലൊരു ഭ്രൂണം വളർന്നു തുടങ്ങിയിരുന്നു . ഇങ്ങനയൊക്കെ ചെയ്തവർക്ക് എന്തോന്ന് പ്രകൃതി എന്തോന്ന് ആന എന്തോന്ന് ഭ്രൂണം !
പഴി കേള്‍ക്കാനൊരു പാവം മലപ്പുറം !
ഇനി മലപ്പുറത്തോട്ട് കടക്കാം . ഈ ആന സംഭവം നടന്നത് പാലക്കാട് ജില്ലയിലാണെങ്കിലും മലപ്പുറത്താണെന്നാണ് പാണന്മാർ പാടി നടക്കുന്നത്. എന്തിനും കുറ്റം കേൾക്കുവാൻ ഒരു ജില്ലയായി മലപ്പുറം മാറുമ്പോൾ എന്തുകൊണ്ടിങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് നാം വിശദമായി പഠിക്കേണ്ട കാര്യങ്ങളാണ് .
മലപ്പുറത്തിനെതിരെ ഹാഷ് ടാഗ് ക്യാമ്പയിനുകൾ ആരംഭിച്ചുവെങ്കിലും പാലക്കാട്ടുകാരനായ സന്ദീപ് വാര്യർക്ക് അത് പാലക്കാട്ടേക്ക് ഏറ്റെടുക്കുവാൻ ഒരു വൈക്ലഭ്യം . അതാണ് യഥാർത്ഥ രാജ്യ സ്നേഹം അല്ലെങ്കിൽ ജന്മനാടിനോടുള്ള കൂറ് .
മനേക എന്ന സ്ത്രീ മലപ്പുറത്തിനെതിരെ പ്രസ്താവനകൾ പുറപ്പെടുവിക്കുമ്പോൾ ഒന്നുകൂടെ അന്വേഷിച്ച് കാര്യങ്ങൾ പഠിക്കണമായിരുന്നു . അല്ലാതെ കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്ത മനേക അവരുടെ സ്വന്തം നാട്ടിൽ ആയിരക്കണക്കിന് ആളുകളുടെ പലായനവും അവരുടെ കാലിന്റെ അടിയിലെ വിള്ളലുകളും അവരുടെ മനസ്സിന്റെ തേങ്ങലുകളും കേൾക്കുവാൻ തയാറാകാതെ നൈനിറ്റാളിലെ ആഡംബര കൊട്ടാരത്തിൽ ക്വാറന്റൈനില്‍ ആയിരുന്നു .
അന്ന് വി എസ് പറഞ്ഞതും ഇപ്പോള്‍ മനേക പറഞ്ഞതും
മലപ്പുറത്തിന്റെ കുട്ടികൾ കോപ്പിയടിച്ചതുകൊണ്ടാണ് ഇത്രയുമധികം പേര് പരീക്ഷകൾ പാസാകുന്നതെന്ന് കേരളത്തിന്റെ സ്വന്തമെന്ന് അവകാശപ്പെടുന്ന കമ്മ്യുണിസ്റ്റ് നേതാവ് വിഎസ് പറഞ്ഞതും ഇന്നിപ്പോൾ പ്രകൃതിയുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന മനേക പറഞ്ഞതും എല്ലാം ഒരർത്ഥം തന്നെ .
എന്തുകൊണ്ട് മലപ്പുറമെന്ന പാവം ജില്ല ഇത്രയധികം പഴികേൾക്കുന്നു ? മലപ്പുറത്തെ പാർട്ടി സമ്മേളനങ്ങളും മലപ്പുറത്തെ തിരഞ്ഞെടുപ്പുകളും ഒക്കെ എന്തൊക്കെയോ വാശിപ്പുറത്തു തന്നെ നടത്തുന്നതാണെന്ന് ഏവർക്കുമറിയാം .
കേരളത്തിലെ നാലോളം ജില്ലകളിൽ നിന്നും ഓരോരോ നിയമസഭാ സീറ്റ് കുറഞ്ഞപ്പോൾ മലപ്പുറത്ത് നാല് സീറ്റുകൾ കൂടിയതും അന്നത്തെ ചർച്ചാ വിഷയമായിരുന്നു.
കേരളത്തിലെ ഏറ്റവും നല്ല വിദ്യഭ്യാസ മന്ത്രിമാർ മലപ്പുറത്തുകാരായിരുന്നു എന്നാരെങ്കിലും പറഞ്ഞാൽ തള്ളിക്കളയാനാവില്ല . ഇന്ത്യയിൽ ഏറ്റവും കുറവ് വർഗീയ സംഘര്ഷങ്ങളും വർഗീയ ധ്രുവീകരണവും വർഗീയ ആക്ഷേപങ്ങളും നടക്കുന്ന ജില്ലയെന്ന ഖ്യാതിയും മലപ്പുറത്തിന് അവകാശപ്പെട്ടതാണെങ്കിലും അതൊന്നും ആരും മുഖവിലക്കെടുക്കാറില്ല .
എന്തുകൊണ്ട് മലപ്പുറം ?
എന്തുകൊണ്ട് മലപ്പുറം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു എന്നാരെങ്കിലും ചോദിച്ചാൽ , അല്ലെങ്കിൽ മാനേജ്‌മെന്റ് വിദ്യാർത്ഥികൾ പഠന വിധേയമാക്കുകയാണെങ്കിൽ അതിനു കാരണങ്ങളുണ്ട് . അല്ലാതെ കള്ളക്കടത്തോ കോപ്പിയടിയോ ഒന്നുമല്ല.
ഓരോരോ ജില്ലകളിലെ ആളുകളുടെ മനോഭാവവും ചങ്കൂറ്റവും മറ്റുള്ളവരെ സഹായിക്കാനുള്ള താത്പര്യവും പരസ്പര ബഹുമാനവും ഒക്കെ പരിശോധിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ അത് കൂടുതലായി കാണാം . അതുപോലെ സഹോദരങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹായങ്ങളും മറ്റുള്ള ജില്ലക്കാരെക്കാൾ വളരെയധികം മലപ്പുറത്തിനുതന്നെയാണ് .
പാലക്കാട്ടുകാരുടെയും തൃശൂർക്കാരുടെയും ഒക്കെ സ്നേഹം തുടങ്ങുന്നത് വീടും പറമ്പും ഒക്കെ ഭാഗം വെച്ചുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ വഴക്കുകളും കേസുകളും ഒക്കെ അവസാനിക്കുമ്പോഴാണ് . അതുവരെ കീരിയും പാമ്പും പോലെയാണ് വീട്ടുകാർ തമ്മിലുള്ള അങ്കം വെട്ടുകൾ . പരസ്പര സഹായമെന്ന ഒരു ചിന്ത വരെ ആർക്കും ഉണ്ടാകണമെന്നില്ല . അതിപ്പോൾ രണ്ടു മക്കളുള്ള വീടുകളിൽ ആയാലും പത്തുമക്കളുള്ള വീട്ടിൽ ആയാലും ഒരേ സ്ഥിതിയാണ് .
മലപ്പുറംകാരുടെ വളര്‍ച്ച ഇങ്ങനെ ?
മലപ്പുറത്ത് മിക്കവാറും ആളുകൾ പലിശയിൽ വിശ്വസിക്കാത്തതുകൊണ്ട് പണമുണ്ടാക്കിയാൽ ബാങ്കിലിട്ട് പലിശ തിന്നാതെ പറമ്പിലും കച്ചവടങ്ങളിലും നിക്ഷേപിക്കും . സഹായിക്കുവാൻ കഴിയുന്നത്ര സഹായിക്കും . ഒരു പെൺകുട്ടിയും 22 വയസിനുമേലെ കെട്ടിക്കാതെ വീട്ടിൽ നിർത്തുവാൻ ആരും സമ്മതിക്കില്ല .
പണയം വെച്ചാണെങ്കിലും ലോണുകൾ എടുത്താണെങ്കിലും പെൺകുട്ടികളുടെ കല്യാണങ്ങൾ നടത്തുവാൻ എല്ലാവരും മുന്നിട്ടിറങ്ങും . മറ്റുള്ള ജില്ലകളിൽ ആണെങ്കിൽ അനാവശ്യ കാര്യങ്ങൾ ഒക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുപ്പതും നാൽപ്പതും വയസായാലും കല്യാണം കഴിക്കാത്ത ആയിരക്കണക്കിന് പെൺകുട്ടികൾ ജീവിക്കുന്നു .
മുപ്പത് വയസൊക്കെ കഴിഞ്ഞാൽ എത്ര പഠിച്ചതാണെങ്കിലും ഒരു കിളവൻ കണക്കപ്പിള്ളയെക്കൊണ്ട് പെണ്ണുങ്ങളെ കെട്ടിക്കും . അതിൽ മക്കളുണ്ടാകാനും അത്ര എളുപ്പമല്ല . അങ്ങനെയങ്ങനെ അവരുടെയൊക്കെ ജീവിതം ഉരുകി തീരുമ്പോൾ 21 വയസായ ചെറുപ്പക്കാരൻ 18 വയസായ പെൺകുട്ടിയെ കല്യാണം കഴിച്ചുകൊണ്ട് നേരെ ജോലിയന്വേഷിച്ച് ഗൾഫിലേക്ക് വിമാനം കയറും .
ഗൾഫിലെത്തിയാൽ 52 ഡിഗ്രി ചൂടിൽ ഷവർമ മുറിച്ചും ഗ്രോസറി നടത്തിയും കഫെറ്റീരിയ നടത്തിയുമൊക്കെ പിന്നെ പിന്നെ അതിലൊക്കെ ഒരു കൂറ് (പാർട്ണര്ഷിപ്പ് ) കൂടുന്നു . 22 വയസിൽ ആദ്യകുട്ടി പിറക്കുന്നു . മുപ്പതുവയസിനുള്ളിൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നു . അതിന്നിടയിൽ മൂന്നോ നാലോ സഹോദരിമാരെ അവർക്കാവുന്ന രീതിയിൽ കെട്ടിച്ചയക്കുന്നു . അവരുടെ ഭർത്താക്കന്മാർക്ക് വിസയെടുക്കുന്നു.
മക്കൾക്ക് നല്ല രീതിയിൽ വിദ്യാഭ്യസം കൊടുത്തുകൊണ്ട് നാൽപ്പത് വയസാകുമ്പോഴേക്കും മകളുടെയോ മകന്‍റെയോ വിവാഹവും നടത്തുന്നു . മകനെയോ മരുമകനെയോ ഗൾഫിലെ കച്ചവടം ഏൽപ്പിക്കുന്നു . അൻപത് വയസാകുമ്പോഴേക്കും തിരിച്ചു നാട്ടിലെത്തി സ്വന്തം പറമ്പിൽ ഒരു കെട്ടിടവും പണിത് ഒരു കുഴിമന്തി ഹോട്ടലോ ഷവർമ കടയോ ഇട്ട് അല്ലറ ചില്ലറ രാഷ്ട്രീയവും സുന്നി-ജമാഅത്ത് -മുജാഹിദ് കളികളുമൊക്കെയായി ജീവിതം തള്ളിനീക്കുന്നു .
അപ്പുറത്തെ ജില്ലക്കാരൊക്കെ കല്യാണം കഴിക്കുന്നതും ഗൾഫിൽ പോകുന്നതും അല്ലെങ്കിൽ ഒരു ജോലി കണ്ടെത്തുന്നതും ഒക്കെ നാല്പത് വയസാകുമ്പോഴാണ് . ഈ വ്യത്യാസങ്ങളിലാണ് മലപ്പുറവും മറ്റുള്ള ജില്ലകളും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കേണ്ടത് .
മലപ്പുറംകാരുടെ ഏറ്റവും വലിയ ഗുണം ?
ഗൾഫിലെത്തിയാൽ ആര്‍ഭാട ജീവിതം ഒഴിവാക്കി ഒറ്റമുറിയിൽ എട്ടും പത്തും ആളുകളുമായി താമസിച്ചുകൊണ്ട് പരമാവധി പണം നാട്ടിലേക്ക് ചവുട്ടി അവിടെ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോൾ , വലിയ വീടും ആഡംബര വാഹനങ്ങളും വിവാഹ മാമാങ്കങ്ങളും ഒക്കെ നടത്തുമ്പോൾ മറ്റുള്ളവർ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല .
ഒന്നാമതായി പരസ്പര സഹായം ചെയ്യുന്നതിൽ ഓരോരോ മലപ്പുറത്തുകാരനും വളരെ മുൻപന്തിയിലാണ് . കുറച്ചു നാളുകൾക്ക് മുൻപ് ഒരു കൂട്ടുകാരനെ കാണുവാനായി മലപ്പുറത്തെ തലക്കടത്തൂർ എന്ന സ്ഥലത്ത് അവന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല . അയൽവക്കത്തെ ഒരു സ്ത്രീ വന്നു പറഞ്ഞു അരമണിക്കൂറിനുള്ളിൽ വീട്ടുകാർ എത്തുമെന്ന് .
ഞങ്ങൾ അവിടെ വരാന്തയിലെ സോഫയിൽ ഇരിക്കുന്ന നേരത്ത് അയൽവക്കത്തെ സ്ത്രീകൾ ആ വീടിന്റെ അടുക്കള ഏറ്റെടുത്തു . ആദ്യം നല്ല ഒരു ചായ കിട്ടി . ഒരുമണിക്കൂറിനുള്ളിൽ നല്ല ഒന്നാം തരം കോഴിക്കറിയും പത്തിരിയും അവർ അതിഥികള്‍ക്ക് ഉണ്ടാക്കിത്തന്നു .
അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴേക്കും സ്നേഹിതനും അവന്റെ വീട്ടുകാരും അവിടെ എത്തിച്ചേർന്നു . ഈ ഒരടുപ്പവും സ്നേഹവും മറ്റുള്ള ജില്ലക്കാർക്ക് വളരെ കുറവെന്ന് പറഞ്ഞാൽ സന്ദീപ് വാര്യർ വരെ സമ്മതിക്കും . വിവരം എത്തിയിട്ടില്ലാത്ത ചിലരിൽ ഇപ്പോഴും പൊങ്ങച്ചവും അഹങ്കാരവും ഉണ്ടെന്നുള്ളത് ഒഴിച്ചാൽ മലപ്പുറം എത്ര സുന്ദരം .
പിന്നെ , ചില കൊള്ളരുതായ്മകള്‍ ഇല്ലാതില്ല
ഒരു കാലഘട്ടത്തിൽ കുറെയൊക്കെ വിവരക്കേടുകൾ മലപ്പുറത്തുകാർ കാണിച്ചിട്ടില്ല എന്ന് പറയുന്നില്ല . സിനിമ തിയറ്ററുകളിൽ സിഗരറ്റ് കുറ്റിയിട്ട് തിയറ്റർ കത്തിച്ചുകളയുന്ന ഒരു വിവരമില്ലായ്മ . അതുപോലെ അല്ലറ ചില്ലറ കള്ളക്കടത്തും ഹവാലയുമൊക്കെ ഉണ്ടായിരുന്നില്ല എന്ന് പറയുന്നില്ല . പക്ഷെ കാലം മാറിയപ്പോൾ കാലത്തിന്റെ മുന്നിൽ സഞ്ചരിക്കുവാനുള്ള ആർജ്ജവവും മലപ്പുറത്തുകാർ കാണിച്ചു എന്നതാണ് അവരുടെ വിജയം .
പിന്നെ രാഷ്ട്രീയപാർട്ടിക്കാർ അവരവരുടെ വോട്ടുബാങ്കുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പല വിക്രിയകളും വിവരക്കേടിന്റെ മറവിൽ ചെയ്തുകൂട്ടിയിട്ടില്ല എന്നും പറയുന്നില്ല . പക്ഷെ രാഷ്ട്രീയകൊലപാതകങ്ങളിലും പാർട്ടി ഗ്രാമങ്ങളിലും വർഗീയ വിദ്വേഷ പ്രചാരണങ്ങളിലും ജില്ല വളരെ പിന്നിലാണെന്ന് മനേക വരെ സമ്മതിക്കും .
''ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം .... കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ .. മലപ്പുറമെന്ന് കേട്ടാലോ പൂട്ടണം ഹാഷ്ടാഗിനാൽ എന്നാണ് ഇന്നത്തെ ഒരവസ്ഥ ''.
എന്റെ മലപ്പുറത്തെ ഇനിയെങ്കിലും വെറുതെ വിടൂ എന്നഭ്യർത്ഥിച്ചുകൊണ്ട് ,
മലപ്പുറത്തുനിന്നും കോപ്പിയടിക്കാതെ ജീവിതം പാസായ ദാസനും
ആനയ്ക്ക് കൈതച്ചക്കയിൽ പടക്കം കൊടുത്തുകൊണ്ട് പാലക്കാട്ടുകാരൻ വിജയനും