Advertisment

'ഓടുന്നോൻ' - ഈ സ്നേഹത്തിന്റെ സിനിമ നമ്മുടെ മക്കളെ കാണിക്കാൻ മറന്നു പോവരുത് ..

New Update

ടുന്നവന്റെ പിന്നാലെ ഓടി തളർന്ന ചിലരൊയൊക്കെ ആണ് ഈ "ഓടുന്നോൻ" സിനിമയിൽ കാണാൻ സാധിച്ചത് . സത്യത്തിൽ ഇപ്പോൾ നമ്മുടെ ലോകത്തിന്റെ അവസ്ഥ ഇത് തന്നെയല്ലേ ?

Advertisment

എല്ലാവരും തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്നു . മറ്റുചിലർ ഓടിയെത്താനാവാതെ തളർന്നിരിക്കുന്നു . അവസാനം ഓരോ മനുഷ്യനും കൂട്ടിനു ആരുമില്ലാതെ ഒറ്റയ്ക്ക് തന്നെ ഓടി നിർത്തേണ്ടിയും വരുന്നു ....

publive-image

എന്ത് കൊണ്ട് കുറെ അദ്ധ്യാപകരും കുട്ടികളും ഈ സിനിമ കാണാൻ പോകുന്നു എന്ന ചിന്തയിലാണ് ഞാനും ഓടുന്നോനെ കാണാൻ പോകുന്നത് . ഇരുട്ട് നിറഞ്ഞ ലോകത്തെ സ്നേഹം എന്ന പ്രകാശത്തെ കൊണ്ട് നിറയ്ക്കാൻ സാധിക്കുമെന്ന വലിയ സന്ദേശമുള്ള ഈ സിനിമ പുതിയ തലമുറയ്ക്ക് നൽകേണ്ട കാലത്ത് തന്നെയാണ് ഈ സിനിമയെ സമൂഹത്തിനു സമർപ്പിച്ചിരിക്കുന്നത് എന്ന് ബോധ്യമായി .

അന്ധമായി എന്തെങ്കിലും ഉള്ളിൽ ആഴ്ന്നിറങ്ങി വേട്ടയാടപ്പെടുമ്പോൾ കുറേ മനുഷ്യജീവിതങ്ങൾ പൊഴിഞ്ഞു പോകുന്നത് ഒരു ജീവിതം പോലെ തിരശീലയ്ക്ക് മുന്നിൽ തെളിയുകയായിരുന്നു.

നാവൂര് പാട്ടിനെ താരാട്ട് പാട്ട് പോലെ കേൾക്കേണ്ടി വരുന്ന ഒരു ബാല്യം പിന്നീട് നാഗശാപം പേറി ജീവിതത്തിലുടനീളം ഉഴലുന്ന ഒരു വ്യക്തിയെ തുറന്ന് കാണിച്ചിരിക്കുകയാണ് കഥാകാരനും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം. ചില മനസ്സുകൾ അങ്ങനെയാണ് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ സ്വയമേ ഏറ്റെടുക്കും .

പിന്നീട് ഭീതിയോടെ ചുറ്റുമുള്ളവരെ നോക്കുക മാത്രമല്ല സ്വന്തം ശരീരത്തെ പോലും അത് പോലെ രൂപപ്പെടുത്തി എടുക്കും . സ്വന്തം ഇണയെ രമിക്കുന്നത് പോലും സർപ്പത്തിന്റെ ഉടലാഴങ്ങളെന്ന പോലെ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗവും , മണ്മറഞ്ഞു പോയ നമ്മുടെ നാട്ടിൻപുറവും മനോഹരമായ്‌ കണ്ണിനേയും മനസ്സിനെയും കീഴ്പെടുത്തി.

മനസ്സിന്റെ ആധിയെ പറിച്ചെറിയുന്നതിലൂടെ രക്ഷപെടുന്ന ഒരു സമൂഹത്തെ തന്നെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഈ സിനിമ .

publive-image

പ്രകൃതിയിൽ ശരറാന്തൽ വെളിച്ചമൊരുക്കി അവളുടെ ഗർഭപത്രത്തിലേക്ക് അവൻ ഒളിപ്പിച്ചു വെച്ച ജീവത്തുടിപ്പ് ഭൂമിയിലേക്ക് പിറവി കൊള്ളുമ്പോൾ അതേ മണ്ണും ,കൂരിരുട്ടും ,കനത്ത മഴയും പ്രാണൻ പോകുന്ന വേദനയുമായി ആരുമില്ലാതെ ആർത്തു വിളിച്ചു കൊണ്ട് അവൾ ആ കുഞ്ഞിനെ ആ മണ്ണിലേക്ക് പ്രസവിക്കുന്നു .

പെറ്റുവീണ കുഞ്ഞിന്റെ പൊക്കിൾകൊടി പറിച്ചെറിഞ്ഞുകൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർക്കുന്ന ശക്തയായ ഗീതയെന്ന സ്ത്രീകഥാപാത്രത്തിലൂടെ ഒന്നുകൂടെ സ്ത്രീ ആർജ്ജവത്തെ സമൂഹത്തിനു ബോധ്യമാക്കുന്ന സിനിമ .

ഓട്ടിസം ബാധിച്ച മകന് താങ്ങായി മാറാൻ മാത്രം പിന്നീട് ജീവിതം മാറ്റിവെയ്ക്കുമ്പോൾ തന്റെ നഗ്‌നത ആസ്വദിക്കുന്ന മകനെ തിരിച്ചറിഞ്ഞു നടുങ്ങുകയും മനസ്സിനെ നേരേപിടിച്ചു അവനു ചികിത്‌സയും പഠനവും നൽകുന്ന ഗീതയെന്ന കഥാപാത്രം സ്ത്രീകളുടെ അഭിമാനമായി ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ് .

അഭിനയമികവ് കൊണ്ട് ഓരോരുത്തരും മികച്ചു നിൽക്കുന്നു .നാടകളരിയിൽ ജന്മമെടുത്ത പ്രതിഭകളുടെ ഒരു കണ്ടെത്തൽ കൂടിയാണ് ഓടുന്നോൻ സിനിമ. താരപരിവേഷം നോക്കി മാത്രം സിനിമയെ വിലയിരുത്തുമ്പോൾ ഇത് പോലെ ഒരുപാട് നല്ല സിനിമയും പ്രതിഭകളും നമുക്ക് നഷ്ടമാവുന്നുണ്ട് അണിയറമുതൽ അരങ്ങു വരെ മികച്ചു നിൽക്കുന്ന ഈ സിനിമയെ നിങ്ങൾ സ്വീകരിച്ചേ മതിയാകൂ ...

നമ്മുടെ കോഴിക്കോടിന്റെ നമ്മൾ കാണാത്ത കുറെ അതിമനോഹരമായ സ്ഥലങ്ങൾ ഈ സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തി ...

രാവിലെ 10:30 ന് കോഴിക്കോട് ആർ പി ആശിർവാദിൽ ഷോ ഉണ്ട് .. ഈ സ്നേഹത്തിന്റെ സിനിമ നമ്മുടെ മക്കളെ കാണിക്കാൻ മറന്നു പോവരുത് ..

Advertisment