പുതിയ അണ്ഡാശയ ക്യാന്‍സര്‍ ജീനിനെ കണ്ടെത്തി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനും സംഘവും !

ഹെല്‍ത്ത് ഡസ്ക്
Monday, February 17, 2020

പുതിയ അണ്ഡാശയ ക്യാന്‍സര്‍ ജീനിനെ കണ്ടെത്തി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനും സംഘവും. തൃശൂര്‍ സ്വദേശിയായ ഡോ. ഷമീര്‍ ഖാദര്‍ ആണ് ഈ പുതിയ ജീനിനെ കണ്ടെത്തുന്നന്തിനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍ (algorithm) വികസിപ്പിച്ചെടുത്തിരിക്കുന്നത്.

2019ല്‍ ലോകത്തിലെ മികച്ച 100 ശാസ്ത്രജ്ഞരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഡോ.ഷമീര്‍ ഖാദര്‍. കൃത്രിമബുദ്ധി ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് മരുന്നുകള്‍കണ്ടെത്തുന്നതിനും, ആരോഗ്യമേഖലയിലെ പുതിയ സൗകര്യങ്ങള്‍ ചിലവ് കുറച്ച് കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിച്ചതിനുമാണ് ഈ ബഹുമതി ലഭിച്ചത്.

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അർബുദമാണ് അണ്ഡാശയ അർബുദം അഥവാ ഒവേറിയൻ കാൻസർ. സ്ത്രീകളിൽ ലിംഗകോശങ്ങളായ അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്ന ഓവൽ ആകൃതിയിലുള്ള ഭാഗങ്ങളാണ് അണ്ഡാശയങ്ങൾ. സ്ത്രീഹോർമോണുകളായ എസ്ട്രോജൻ, പ്രൊജസ്ട്രോൺ എന്നിവയും ഇവയാണ് ഉത്പാദിപ്പിക്കുന്നത്.

ഇരുപത്തിയെട്ടു ദിവസം കൂടുമ്പോൾ ആവർത്തിക്കുന്ന ആർത്തവ ചക്രത്തിനിടയിൽ ഒന്നിടവിട്ട് ഓരോ അണ്ഡാശയത്തിൽ നിന്നും ഓരോ അണ്ഡങ്ങൾ വീതം ഉത്സർജ്ജിക്കപ്പെടുന്നു. സ്ത്രീകളുടെ പ്രത്യുത്പാദനവ്യവസ്ഥയിലെ മുഖ്യഭാഗമായ ഈ അണ്ഡാശയങ്ങളിൽ ഒന്നിലോ രണ്ടെണ്ണത്തിലുമോ അർബുദം രൂപപ്പെടാവുന്നതാണ്.

വീർത്തിരിക്കുന്ന അവസ്ഥ(ബ്ലോട്ടിംഗ്), ഇടുപ്പെല്ലിനുള്ള വേദന, ഭക്ഷണം കഴിക്കുന്നതിനുള്ള പ്രയാസം, കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ എന്നിവയാണ് അണ്ഡാശയാർബുദത്തിന്റെ ലക്ഷണങ്ങൾ. എന്നാൽ മറ്റ് മിക്ക രോഗങ്ങൾക്കും ഇവ ലക്ഷണങ്ങളായി വന്നേക്കാം.

ചില ചികിത്സാരീതികള്‍ പ്രാബല്യത്തിലുണ്ടെങ്കിലും, നൂതന ചികിത്സാരീതികള്‍ ആയ ‘ടാര്‍ജറ്റഡ് തെറാപ്പി’ (targeted therapy), ‘ഇമ്മ്യൂണോ തെറാപ്പി’ (immunotherapy) പോലുള്ള ചികിത്സാരീതികളെ ഇനിയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഓരോ ക്യാന്‍സറിന്റെ ജനിതകഘടനയും, ഓരോ ക്യാന്‍സറും ഓരോ വ്യക്തിയിലും ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മനസിലാക്കുന്നതിലൂടെയും ഈ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്.

പുതിയ ജീനുകളെ കണ്ടെത്തുന്നതും, അവ എങ്ങനെയാണ് ഒരു രോഗത്തിന്റെ പരിണാമങ്ങളില്‍ പങ്കുചേരുന്നതെന്ന് കണ്ടെത്തുന്നതും ആധുനിക ജീവ/വൈദ്യ ശാസ്ത്രമേഖലകളിലെ ഏറെ പ്രാധാന്യമേറിയ ഒന്നാണ്. ഈ സാഹചര്യത്തിലാണ് കൃത്രിമ ബുദ്ധി (artificial intelligence), അടിസ്ഥാന വിവരശാസ്ത്രം (data science), ബയോഇന്‍ഫോര്‍മാറ്റിക്‌സ് (bioinformatics), സിസ്റ്റംസ് ബയോളജി (system biology), ഗ്രാഫ് മോഡലിംഗ് (graph modeling ) തുടങ്ങിയ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് പുതിയ ജനിതക ഘടകവും അതിന്റെ ജീവപ്രക്രിയയും കണ്ടുപിടിച്ചിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങളായി മനുഷ്യ ജീനോമില്‍ ഈ ജീനിനെ കുറിച്ചറിയാമെങ്കിലും, ആദ്യമായാണ് മനുഷ്യരിലും മൃഗങ്ങളിലും ഇത് അണ്ഡാശയ ക്യാന്‍സറിന്റെ ഒരു പ്രധാന ഘടകം ആണെന്ന് കണ്ടെത്തുന്നത്. ലബോറട്ടറിയിലും, എലികളിലും, മനുഷ്യരിലുമായി ഈ ജീനിനെ കുറിച്ച് ആദ്യമായി നടക്കുന്ന വിശദ പഠനമാണിത്. അണ്ഡാശയ ക്യാന്‍സര്‍ ഉള്ള രോഗികളില്‍ ഈ ജീനിന്റെ പ്രവര്‍ത്തനം ഉയര്‍ന്ന് കാണപ്പെടുന്നു.

അത്തരത്തിലുള്ള രോഗികളില്‍ ക്യാന്‍സറിനെ അതിജീവിക്കാനുള്ള കഴിവും (survival rate), കിമോതെറാപ്പി ഫലപ്രദമാക്കാനുള്ള കഴിവും (chemoresistance) കുറഞ്ഞ് കാണപ്പെടുന്നു. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ ജീനിനെ നിശബ്ദമാക്കിയാല്‍ (gene silencing) ക്യാന്‍സര്‍ പടര്‍ന്നു പിടിക്കുന്നതിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. അതുപോലെ, മുന്‍നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള നശീകരണ പ്രക്രിയ (apoptosis) വഴി ട്യൂമര്‍ വളര്‍ച്ച കുറയുന്നതായും കണ്ടെത്തി.

ഈ കണ്ടെത്തലുകള്‍ സംയോജിപ്പിച്ച് ഒരു പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഡോ. ഷമീര്‍ ഖാദറും സംഘവും. അമേരിക്കയിലെ ഒമ്പതോളം ക്യാന്‍സര്‍ സെന്ററുകള്‍ ചേര്‍ന്ന് നടത്തിയ പഠനമാണിത്. ഇതുമായി ബന്ധപ്പെട്ട് ഓരോ രോഗിയുടെയും ജനിതകവിവരം ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ ഉതകുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കേന്ദ്രം കേരളത്തില്‍ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം.

അണ്ഡാശയ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍

വയറിന്റെ വലുപ്പം കൂടുക എന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. എപ്പോഴും വയറ് വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന എന്നിവയും ഉണ്ടാകാം.

അടിക്കടി മൂത്രം പോകല്‍, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തെ വേദന, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചില്‍, ശബ്ദവ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഈ ലക്ഷണങ്ങളൊക്കെയും മറ്റ് രോഗങ്ങളുടെ ഭാഗമായും വരാറുള്ളതിനാല്‍ പലരും അവഗണിക്കാറാണ് പതിവ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്. രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുകയാണ് ആദ്യ പടി.

×