വനിത ഡോക്ടര്‍മാരുടെ ഡ്രസിംഗ് റൂമില്‍ മൊബൈല്‍ ഒളിപ്പിച്ചുവെച്ച മെയില്‍ നഴ്‌സ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, February 24, 2021

ബംഗളൂരു: വനിതാ ഡോക്ടര്‍മാരുടെ ഡ്രസിംഗ് റൂമില്‍ മൊബൈല്‍ ഫോണ്‍ ഓണാക്കി വെച്ചിരുന്ന മെയില്‍ നഴ്‌സ് അറസ്റ്റില്‍. ബംഗളൂരു സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക്‌സ് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് മരുതേശ്വ (31) എന്ന നഴ്‌സിനെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ ഓപ്പറേഷന്‍ തിയെറ്ററില്‍ കയറും മുമ്പ് വസ്ത്രം മാറാന്‍ വനിതാ സര്‍ജന്‍ മുറിയിലെത്തിയപ്പോള്‍ വീഡിയോ റെക്കോഡിങ് ഓണാക്കിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ മറ്റ് വനിത ഡോക്ടര്‍മാരെ വിവരം അറിയിച്ചു. ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മെയില്‍ നഴ്‌സിന്റെയാണ് ഫോണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ആശുപത്രി ഡയറക്ടറെ അറിയിച്ചു. അദ്ദേഹം തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് മരുതേശ്വയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ മാസങ്ങളായി ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തിവരുകയായിരുന്നെന്ന് കണ്ടെത്തി. എന്നാല്‍ ഈ വീഡിയോകള്‍ മറ്റാര്‍ക്കെങ്കിലും പങ്കുവയ്ക്കുകയോ, സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ വീഡിയോ എടുത്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

×