Advertisment

ഇന്ന് മലേഷ്യൻ സ്വാതന്ത്ര്യദിനം

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

Advertisment

കോലാലംപൂർ: ഓഗസ്റ്റ് 31ന് മലേഷ്യ 63 മത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. മലായ് ഭാഷയിൽ ഇത് ഹരീ മെർഡേക് എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ഇന്ത്യാ രാജ്യം സ്വാതന്ത്ര്യം നേടി കൃത്യം പത്ത് വർഷം കഴിഞ്ഞാണ് ഈ രാജ്യം സ്വാതന്ത്ര്യ പ്രാപ്തി കൈവരിക്കുന്നത്.

1498-ൽ നമ്മുടെ കേരളത്തിൽ കാലുകുത്തിയ വാസ്ഗോഡ ഗാമയുടെ ഗൂഢ തന്ത്രങ്ങളുടെ ഫലമായി അൽ ബുക്കർക്കിൻ്റെ നേതൃത്വത്തിലുള്ള പോർച്ചുഗൽ ശക്തിയാണ് 1151-ൽ ഇവിടെയും കോളനി വത്കരണത്തിന് തുടക്കം കുറിച്ചത്.

പിന്നീട് 1786-ൽ ബ്രിട്ടീഷുകാർ പോർച്ചുഗീസുകാരെ തുരത്തി അധികാരം കൈയ്യടക്കുന്ന കാലയളവിനുള്ളിൽ നെതർലൻറ്, സ്പെയിൻ തുടങ്ങിയ പല വിദേശ ശക്തികളും ഇവിടെ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

1900-ത്തോടെ മലേഷ്യ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിലമർന്നു. ഇന്ത്യയിലെന്നപോലെ തന്നെ ബ്രിട്ടീഷുകാർ ഇവിടെയും തങ്ങളുടെ സ്വാധീനശക്തി ഉപയോഗപ്പെടുത്തി, രാജ്യത്തെ വിഭവങ്ങൾ കട്ടുമുടിക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്നു.

പൊറുതി മുട്ടിയ ജനങ്ങൾ സംഘടിച്ചു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി നിരവധി പ്രക്ഷോഭങ്ങളും ലഹളകളും അരങ്ങേറി. വിവിധ സംഘടനകൾ ഒത്തു ചേർന്ന് ഐക്യമുന്നണിക്ക് രൂപം നൽകി.

തുങ്കു അബ്ദു റഹ്മാൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ പൂർവ്വോപരി ശക്തിപ്പെട്ടു. അങ്ങനെ 1957 ഓഗസ്റ്റ് 31 മലേഷ്യ ഒരു സ്വതന്ത്ര രാഷ്ടമായി പ്രഖ്യാപിക്കപ്പെട്ടു. അയൽ രാജ്യമായ സിങ്കപ്പൂരും അന്ന് മലേഷ്യയുടെ ഭാഗമായിരുന്നു.

പിന്നീട് 1965-ൽ ചില പ്രശ്നങ്ങളുടെ പേരിൽ സിങ്കപ്പൂർ മലേഷ്യയിൽ നിന്ന് വേർപ്പെട്ട് മറ്റൊരു സ്വതന്ത്ര രാഷ്ടമായി മാറി.

മലേഷ്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മുന്നിൽ നിന്നിരുന്ന തുങ്കു അബ്ദുറഹ്മാൻ രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെപ്പോലെ തന്നെ അഞ്ച് വർഷം കൂടുമ്പോൾ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് ഇവിടെയും മന്ത്രിസഭ രൂപീകരിക്കുന്നത്.

പതിമൂന്ന് വർഷം അധികാരത്തിലിരുന്ന തുങ്കു അബ്ദുറഹ്മാന് ശേഷം അബ്ദു റസാഖ്, ഹുസൈൻ ഓൺ എന്നിവർ അഞ്ച് വർഷം വീതം ഭരണം നടത്തി. പിന്നീട് ഡോ. മഹാതീർ മുഹമ്മദിൻ്റെ ഊഴമായിരുന്നു.

നീണ്ട ഇരുപത്തിരണ്ട് വർഷം തുടർച്ചയായി അധികാരത്തിലിരുന്ന് രാജ്യത്തിൻ്റെ വിപ്ലവകരായ ഒരു പാട് മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച അദ്ധേഹം ആധുനിക മലേഷ്യയുടെ ശിൽപി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

മഹാതീറിനു ശേഷം അബ്ദുല്ല അഹ്മദ് ബദവി അഞ്ച് വർഷം പൂർത്തിയാക്കി. പിന്നീട് ഒമ്പത് വർഷം അധികാരത്തിലിരുന്ന നജീബ് റസാഖിൻ്റെ ഭരണം അത്ര ആശാവഹമായിരുന്നില്ല.

അഴിമതിയിൽ മുങ്ങിക്കുളിച്ച നജീബിൻ്റെ ഭരണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു വീണ്ടും മഹാതീർ-അൻവൻ സംഖ്യം 2018-ൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈ സഖ്യം വിജയിച്ചതിനെ തുടർന്ന് മഹാതീർ മുഹമ്മദ് രണ്ടാമതും, തൻ്റെ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ പ്രധാനമന്ത്രിക്കസേരയിൽ തിരിച്ചെത്തി. സഖ്യ വ്യവസ്ഥ പ്രകാരം അധികാരം അൻവറിന് കൈമാറാൻ ധാരണയുണ്ടായിരുന്നു.

എന്നാൽ അധികാരമേറ്റ രണ്ട് വർഷം തികയും മുമ്പ് തന്നെ, അൻവർ പിൻഗാമിയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മഹാതീർ നാടകീയമായി രാജാവ് അബ്ദുല്ല പഹാങ്ങിന് രാജിക്കത്ത് നൽകി.

പക്ഷേ തൻ്റെ കണകട്ടലുകളെല്ലാം തെറ്റിച്ച് രാജാവ്, മുൻ ആഭ്യന്തര മന്ത്രിയായിരുന്ന മുഹ്യുദ്ദീൻ യാസീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. 72-കാരനായ മുഹയുദ്ദീൻ യാസീൻ രാജ്യത്തിൻ്റെ എട്ടാമത്തെ പ്രധാനമന്ത്രിയായി തുടരുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണ വിധേയമായാണ് രാജ്യത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

- നൌഷാദ് വൈലത്തൂർ

maleshiyan news
Advertisment