പ്രസവത്തിന് ശേഷം ഭാര്യ തിരികെ വന്നില്ല; ഭാര്യവീടിന് തീയിട്ട് യുവാവ്; ഏഴ് പേര്‍ക്ക് പൊള്ളലേറ്റു; യുവാവ് അറസ്റ്റില്‍

നാഷണല്‍ ഡസ്ക്
Sunday, January 17, 2021

കാണ്‍പുര്‍: പ്രസവശേഷം ഭാര്യ തിരികെ വരാത്തതില്‍ പ്രകോപിതനായി ഭാര്യവീടിന് തീയിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. മുകേഷ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മനീഷയുടെ വീടിന് തീയിട്ടത്. ഉത്തര്‍പ്രദേശിലെ ജൂഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പ്രസവത്തിന് ശേഷം ഭാര്യ തിരികെവരാതിരുന്നതാണ് മുകേഷ് കുമാറിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു.

തീപ്പിടിത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ഊര്‍സാല ഹോഴ്‌സ്മാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

×