നൃത്തോപാസനയിലൂടെ രണ്ടു പതിറ്റാണ്ടോളം ആൻഡമാനിൽ കൾച്ചറൽ ഡയറക്ടറായിരുന്ന മലയാളി നാട്യാചാര്യൻ മണിക്കുട്ടനാചാര്യ പാലായ്ക്കടുത്ത് വലവൂരിലെ ചായക്കടയിൽ ചായ അടിക്കുകയാണിപ്പോൾ; കൊവിഡ് കൊടുത്ത പുരസ്ക്കാരം!

author-image
സുനില്‍ പാലാ
Updated On
New Update

ആറു പതിറ്റാണ്ടിലെ നൃത്താഭ്യസന ജീവിതത്തിനിടെ ആയിരക്കണക്കിനു ശിഷ്യർക്ക് നവരസങ്ങളും മുദ്രകളും അടവുകളുമൊക്കെ പറഞ്ഞു കൊടുത്ത മണിക്കുട്ടനാചാര്യ വിശന്നു വരുന്നവരുടെ മുഖഭാവങ്ങളും വിശപ്പു മാറുമ്പോഴുള്ള തെളിച്ചവുമൊക്കെ കണ്ട് അരങ്ങ് മറന്നു സന്തോഷിക്കുകയാണിപ്പോൾ.

Advertisment

publive-image

ആൻഡമാനിൽ നിന്നും മടങ്ങി എത്തിയ ശേഷം ഇടനാട് പേണ്ടാനം വയലിലെ "നടന കലാക്ഷേത്രം " എന്ന കൊച്ചു വീട്ടിൽ തുച്ഛമായ ഫീസിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചു വരികയായിരുന്നൂ ഈ നൃത്താദ്ധ്യാപകൻ. സ്വന്തമായുള്ള കലയല്ലാതെ മറ്റൊരു സമ്പാദ്യവുമില്ലാതെയാണ് മണിക്കുട്ടനാചാര്യ മലയാള നാട്ടിലേക്ക് മടങ്ങിയെത്തിയത്.

പണമില്ലാത്തതിനാൽ ഇടയ്ക്ക് വെച്ച് നൃത്ത പഠനം മുടങ്ങിപ്പോയ മുപ്പതോളം മുതിർന്നവരെ ഫീസില്ലാതെ തന്നെ ഇദ്ദേഹം നൃത്തം പരിശീലിപ്പിച്ചിരുന്നു. പണമില്ലാതിരുന്നതിനാൽ ചിലങ്കയുടെ കിലുക്കം മനസ്സിലൊതുക്കിയ കലാകാരന്മാർക്ക് നടന കലാക്ഷേത്രം പുതു ജീവിതത്തിൻ്റെ വേദിയായി. ഇതിനിടെ എത്തിയ കൊവിഡ് ആചാര്യൻ്റേയും ശിഷ്യരുടെയും ജീവിത ചുവടുകൾ തെറ്റിച്ചു.

കുട്ടികൾ വരാതായതോടെ മണിക്കുട്ടനാചാര്യയുടെ നാമമാത്രമായ വരുമാനവും നിലച്ചു. "ഒരു പാട് പേരെ ഫീസില്ലാതെ നൃത്തം പഠിപ്പിച്ചതിൻ്റെ പുണ്യമാകാം, ഞാൻ ഇതുവരെ കാണാത്ത ഒരാൾ ആൻഡമാനിലെ ഒരു സുഹൃത്ത് വഴി കഴിഞ്ഞ അഞ്ച് മാസമായി അയച്ചു തന്ന പൈസ കൊണ്ടാണ് അരി വാങ്ങി കഞ്ഞി കുടിച്ചു പോന്നത്.

നൃത്തവേദി ഉടനെ ഉണരില്ലെന്ന് ഉറപ്പായതോടെ മറ്റ് പല വിധ തൊഴിലുകൾ മനസ്സിൽ വന്നു. ചില കൂട്ടുകാർ കുറച്ചു സഹായം നൽകാമെന്ന് ഏറ്റതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ വലവൂർ വേരനാൽ ജംഗ്ഷനിൽ ചെറിയൊരു ബേക്കറിയും ചായക്കടയും തുടങ്ങിയത്. ചായ അടിക്കാനും സാധനങ്ങളെടുത്തു കൊടുക്കാനുമെല്ലാം ഇവിടെ ഞാൻ മാത്രം " - ചിലങ്കയുടെ കിലുക്കമില്ലെങ്കിലും മഴത്തണുപ്പിൽ ചൂടു ചായ പകർന്നു കൊടുക്കുന്നതിൻ്റെ സന്തോഷത്തോടെ മണിക്കുട്ടനാചാര്യ പറഞ്ഞു.

കല്യാണമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കീഴിൽ ഗുരുകുല രീതിയിൽ ഏഴു വർഷത്തോളം മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിച്ച മണിക്കുട്ടനാചാര്യ കൊച്ചിൻ റിഫൈനറി സ്കൂളിലാണ് ആദ്യം നൃത്താദ്ധ്യാപകനായി ജോലിയിൽ കയറിയത്.

തുടർന്ന് ആൻഡമാനിലേക്ക് പോയി. അവിടെ കൾച്ചറൽ ഡയറക്ടറായി. കിട്ടിയ പണമൊക്കെ പാവപ്പെട്ട കലാകാരന്മാർക്കായി വിനിയോഗിച്ചു.ഭാര്യയും കലാകാരികളായ മക്കളുമൊക്കെയുണ്ടെങ്കിലും നൃത്തത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം.തുടർന്ന് ഒറ്റയ്ക്കായി കലാസപര്യ .2016ൽ ആൻഡമാൻ സർക്കാരിൻ്റെ ബെസ്റ്റ് ക്ലാസിക്കൽ ഡാൻസർ പുരസ്ക്കാരം ലഭിച്ചു. ഇതിനിടെ പ്രസിഡൻ്റിൻ്റേയും പ്രധാനമന്ത്രിമാരുടേയുമൊക്കെ മുന്നിൽ നടനമാടാനുള്ള നിരവധി അവസരങ്ങളും ഇദ്ദേഹത്തിന് ഒത്തു വന്നു.അതെല്ലാം ഭൂതകാലം ചിലങ്ക കെട്ടിയ നല്ലയോർമ്മകൾ.

"നൃത്തം വിട്ട് എനിക്കൊരു ജീവിതമില്ല. ഈ പ്രതിസന്ധിയും മാറും. നൃത്ത വേദിയിൽ ഒരു നാൾ ഞാൻ മടങ്ങിയെത്തും. എന്നാലും ഇപ്പോൾ ജീവിതം നില നിർത്തുന്ന ഈ ചായ അടി ഉണ്ടല്ലോ, ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഞാനിത് തുടരും. നൃത്തം പോലെ തന്നെ സമർപ്പിച്ച മനസ്സോടെ "- ചൂടു ചായ ഉയർത്തിയൊഴിച്ച് ആറ്റുന്നതിനിടെ ആത്മവിശ്വാസത്തിൻ്റെ മുദ്രകൾ മണിക്കുട്ടനാചാര്യയുടെ മുഖഭാവങ്ങളിലും മിഴികളിലും മിന്നി നിന്നു.

manikandanachari
Advertisment