പാലക്കാട്: പാലക്കാട് മേലേ മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പാലക്കാട് കളക്ടര്‍ക്ക് കൈമാറി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരില്‍ തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരുടെ ഡിഎന്‍എ ഫലവും ഇതിനൊപ്പം സമര്‍പ്പിച്ചു.
അന്ന് കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര് കാര്‍ത്തിക്, മണി വാസകം എന്നിവരാണെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നാണ് ഡിഎന്‍എ ഫലത്തില്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.
2019 ഒക്ടോബര്‍ 28, 29 തീയതികളിലാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും ഏറ്റുമുട്ടിയത്. ഡിഎന്‍എ, ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ചതോടെ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിച്ചേക്കും.