നിവാര്‍ ചുഴലിക്കാറ്റില്‍ വിറച്ച് തമിഴ്‌നാട്‌; പ്രളയ വെള്ളത്തിൽ ബാത്ത്ഡബ്ബിലിരുന്ന് ട്രോൾ വിഡിയോയുമായി നടൻ മൻസൂർ അലിഖാൻ

ഫിലിം ഡസ്ക്
Thursday, November 26, 2020

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട് വിറങ്ങലിക്കുമ്പോൾ ട്രോൾ വിഡിയോയുമായി നടൻ മൻസൂർ അലിഖാൻ. ചുഴലിക്കാറ്റുമൂലമുണ്ടായ പ്രളയ വെള്ളത്തിൽ ബാത്ത്ഡബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം. 2020ൽ സംഭവിച്ച എല്ലാ ദുരന്തങ്ങളും ചുഴലിക്കാറ്റുമൂലം നശിച്ചുപോകണമെന്ന് താരം പറയുന്നു.

താരം താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതോെടയാണ് ഇങ്ങനെയൊരു വിഡിയോയുമായി മൻസൂർ എത്തിയത്. തമിഴിലെ ചില പാട്ടുകൾ പാടിയാണ് അദ്ദേഹം മഴ ആസ്വദിക്കുന്നത്.

താരത്തെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തുവരുന്നുണ്ട്. ഒരു നാട് മുഴുവൻ വലിയൊരു ദുരന്തഭീഷണിയിൽ നില്‍ക്കുമ്പോൾ എങ്ങനെയാണ് ഇതുപോലൊരു വിഡിയോ ചെയ്യാനാകുക എന്നാണ് പ്രധാന വിമർശനം. എന്നാൽ നേരിടാൻ ഒരുങ്ങുന്ന ദുരന്തത്തെ ഇതേ ലാഘവത്തോടെ സമീപിക്കുകയാണ് വേണ്ടതെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.‌‌ വിഡിയോ കാണാം.

അതേസമയം, നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്.

കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി..

×