മറഡോണ മൈതാനത്ത് അവശേഷിപ്പിച്ചു പോയ സുന്ദര ഓർമകൾ ലോകത്തെ ഓരോ ഫുട്ബോൾ പ്രേമിക്കും അവകാശപ്പെട്ടത്; എന്നാല്‍ അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികൾ ആരൊക്കെയാകും? താരം അംഗീകരിച്ച മക്കൾ എട്ട്, അല്ലാത്തവർ വേറെ !

സ്പോര്‍ട്സ് ഡസ്ക്
Saturday, November 28, 2020

മറഡോണ മൈതാനത്ത് അവശേഷിപ്പിച്ചു പോയ സുന്ദര ഓർമകൾ ലോകത്തെ ഓരോ ഫുട്ബോൾ പ്രേമിക്കും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികൾ ആരൊക്കെയാകും? മറഡോണ തന്റെ 8 മക്കളെയാണ് ഇതുവരെ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ താരം അംഗികരിക്കാത്തെ മക്കള്‍ വേറെയുമുണ്ടെന്നതാണ് സത്യം.

1986ൽ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ കുടിയേറും മുൻപേ മറഡോണ ക്ലോഡിയ വില്ലഫേനു തന്റെ ഹൃദയം കൈമാറിയിരുന്നു. നിർമാതാവും നടിയുമായിരുന്ന അവർക്കു അപ്പോൾ 17 വയസ്സ്. മറഡോണയ്ക്കു രണ്ടു വയസ്സു കൂടുതൽ. ദമ്പതികൾക്കു ഡാൽമ, ഗിയാന്നിന എന്നീ രണ്ടു പെൺമക്കൾ. മൂത്തമകൾക്ക് അമ്മയുടെ പേരാണ് നൽകിയത്.

ഗിയാന്നിനയെ വിവാഹം കഴിച്ചതു പ്രശസ്ത ഫുട്ബോൾ താരം സെർജിയോ അഗ്യൂറോയാണ്. പ്രണയവും വിവാഹവുമായി മൂന്നു പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനു ശേഷം 2004ൽ ക്ലോഡിയയും മറഡോണയും പിരിഞ്ഞു.

പിന്നെയും ദീർഘകാലം അവർ നല്ല സുഹൃത്തുക്കളായി തുടർന്നു. അമേരിക്കയിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി പണം മോഷ്ടിച്ചുവെന്നാരോപിച്ചു ക്ലോഡിയയ്ക്കെതിരെ മറഡോണ കോടതിയിലെത്തിയപ്പോഴാണു ഇരു ഹൃദയങ്ങളും അകന്നതായി ലോകം അറിഞ്ഞത്.

പ്രായം കണക്കിലെടുത്താൽ ഡിയാഗോ ജൂനിയർ സിനാഗ്രയാണു മറഡോണയുടെ മൂത്ത മകൻ. ഇറ്റാലിയൻ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ജൂനിയറിനെ ജനിച്ചു 30 വർഷങ്ങൾക്കു ശേഷമാണു മറഡോണ അംഗീകരിച്ചത്. നാപ്പോളിക്കായി കളിക്കുന്ന കാലത്ത്, മോഡലായിരുന്ന ക്രിസ്റ്റീന സിനാഗ്രയുമായുണ്ടായ ബന്ധത്തിലാണു ജൂനിയറിന്റെ ജനനം. 1995ൽ ഇറ്റാലിയൻ കോടതി മകനെന്നു വിധിച്ചിട്ടും മറഡോണ അംഗീകരിച്ചില്ല. 2016ൽ താരം മനസ്സു മാറ്റി. ഒപ്പമുള്ള ചിത്രം പങ്കുവച്ച്, ‘അവൻ എന്നെപ്പോലെ ’ എന്നു കുറിക്കുകയും ചെയ്തു.

നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈനുമായുള്ള ബന്ധത്തിൽ ജനിച്ച ജന ഇപ്പോൾ അറിയപ്പെടുന്ന മോഡലാണ്. ക്യൂബയിൽ 2 സ്ത്രീകളിലായി 3 മക്കളുണ്ടെന്നു കഴിഞ്ഞ വർഷമാണ് മറഡോണ വെളിപ്പെടുത്തിയത്. ജുവാന, ലു, ജാവിയെലിറ്റോ എന്നിവരുടെ അമ്മമാരെക്കുറിച്ച് പക്ഷേ, താരം പറഞ്ഞില്ല. ലഹരി വിരുദ്ധ ചികിൽസയുടെ ഭാഗമായി 2000-05 കാലത്ത് ഹവാനയിൽ താമസിച്ച കാലത്തിന്റെ ശേഷിപ്പ്. ദീർഘകാല പങ്കാളിയായിരുന്ന വെറോണിക്കാ ഒജേഡയിൽ ജനിച്ച ഡിയഗോ ഫെർണാണ്ടോയാണ് (ഏഴ്) അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ കുഞ്ഞ്.

അർജന്റീന വനിതാ ഫുട്ബോൾ ടീം അംഗമായിരുന്ന റോക്കിയോ ഒലീവ യായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തിൽ മക്കളില്ല. 30 വയസ്സിനു ഇളപ്പമായിരുന്ന അവർ മറഡോണയുടെ മദ്യാസക്തിയിൽ മനംമടുത്താണു 2018ൽ ബന്ധം ഉപേക്ഷിച്ചത്.

മഗലി ഗിൽ, സാന്തിയാഗോ ലാറ എന്നിവർ മറഡോണയുടെ മക്കളാണെന്നവകാശപ്പെട്ടു ഈയിടെ രംഗത്തെത്തി. അവകാശം സ്ഥാപിച്ചു കിട്ടാൻ കോടതിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചിരുന്നു.

×