“കാലത്തിന്‌ പിന്നോട്ട്‌ നടന്ന്‌ ചരിത്രത്തെ മാറ്റിയെഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു”; പക്ഷെ അത്‌ സാധ്യമല്ലല്ലോ, ഗോള്‍ ഗോളായി തന്നെ നിലനില്‍ക്കും; അര്‍ജന്റീന ജേതാക്കളായും ഞാന്‍ മികച്ച കളിക്കാരനായും “!

സ്പോര്‍ട്സ് ഡസ്ക്
Thursday, November 26, 2020

ബ്യൂണസ് ഐറിസ്: ഈ തലമുറ കണ്ട ഫുട്‌ബോള്‍ ഇതിഹാസമാണ്‌ ഓര്‍മയായത്‌. ദാരിദ്ര്യത്തില്‍ കഴിഞ്ഞ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയെ ലോക ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിച്ച വ്യക്തിയായിരുന്നു ഡിയേഗോ മറഡോണ. 1986ല്‍ ബക്കര്‍ ബോവര്‍ നയിച്ച ജര്‍മനിയെ കീഴ്‌പെടുത്തിയാണ്‌ മറഡോണ അര്‍ജീനയുടെ ലോകകപ്പ്‌ കിരീടത്തില്‍ മുത്തമിട്ടത്‌.

1986 ലെ ലോകകപ്പിലെ സൂപ്പര്‍ താരമായിരുന്നു മറഡോണ. ജൂണ്‍ 22ന്‌ മെക്‌സിക്കോയിലെ അസ്‌ടെക്ക്‌ മൈതാനത്ത്‌ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറഡോണയുടെ പ്രസിദ്ധമായ രണ്ടുഗോളുകള്‍ ഇന്നും ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തുന്നു. കളി തുടങ്ങി ആറ്‌ മിനിട്ട്‌ പിന്നിട്ടപ്പോഴാണ്‌ ‘ദൈവത്തിന്റെ കൈ’ എന്ന പേരില്‍ വിഖ്യാതമായ വിവാദ ഗോള്‍ പിറന്നത്‌.

ഇംഗ്ലണ്ടിന്റെ പെനല്‍റ്റി ബോക്‌സിന്‌ പുറത്ത്‌ വെച്ച്‌ ഉയര്‍ന്നെത്തിയ പന്ത്‌ തട്ടികയറ്റാന്‍ ശ്രമിച്ച ഇംഗ്ലീഷ്‌ ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയില്‍ തട്ടി ഗോള്‍ വീഴുകയായിരുന്നു. ഇംഗ്ലീഷ്‌ കളിക്കാര്‍ ഹാന്‍ഡ്‌ ബോള്‍ എന്ന്‌ പറഞ്ഞ്‌ വളഞ്ഞെങ്കിലും ടുണീസിയന്‍ റഫറി അലി ബെന്നസീര്‍ ഗോള്‍ അനുവദിച്ചു. ഉപായത്തില്‍ നേടിയ ഗോള്‍ ആണെങ്കിലും അതിലേക്ക്‌ എത്തിയത്‌ മറഡോണയുടെ നീക്കങ്ങളായിരുന്നു.

എന്നാല്‍ ആദ്യ ഗോളിന്റെ നാണക്കേട്‌ മറക്കാന്‍ വെറും നാല്‌ മിനിട്ടേ കാത്തിരിക്കേണ്ടി വന്നുളളൂ. മറഡോണ സ്വന്തം ഹാഫില്‍ നിന്നാരംഭിച്ച ഒറ്റയാന്‍ മുന്നേറ്റത്തിന്റെ പരിസമാപ്‌തി ഒരു മനോഹര ഗോളിലായിരുന്നു. സെന്‍ട്രല്‍ സര്‍ക്കിളില്‍ നിന്ന്‌ നാല്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ മുന്നിലെത്തുമ്പോള്‍ മറഡോണയും ഇംഗ്ലീഷ്‌ ഗോളി പീറ്റര്‍ ഷില്‍ട്ടണും മാത്രം.

അദ്ദേഹത്തെയും മറികടന്ന്‌ ഗോള്‍ പോസ്റ്റിലേക്ക്‌ പന്തെത്തിക്കുമ്പോള്‍ മറഡോണ കുറിച്ചത്‌ ചരിത്രം മാത്രം. ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ എത്ര കണ്ടാലും മതിവരാത്ത ആ ഗോളിന്റെ ഓര്‍മയ്‌ക്കായി ആസ്‌ടെക്ക്‌ മൈതാനത്ത്‌ സ്‌മരണിക ഫലകം സ്ഥാപിച്ചിട്ടുണ്ട്.

ദൈവത്തിന്റെ ആ കൈയ്‌ക്ക്‌ മറഡോണ പിന്നീട്‌ കുറ്റസമ്മതം നടത്തി. ഫുട്‌ബോള്‍ ലോകത്തോട്‌ മാപ്പു ചോദിച്ചു. “കാലത്തിന്‌ പിന്നോട്ട്‌ നടന്ന്‌ ചരിത്രത്തെ മാറ്റിയെഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനതുചെയ്യുമായിരുന്നു”. പക്ഷെ അത്‌ സാധ്യമല്ലല്ലോ, ഗോള്‍ ഗോളായി തന്നെ നിലനില്‍ക്കും. അര്‍ജന്റീന ജേതാക്കളായും ഞാന്‍ മികച്ച കളിക്കാരനായും “

×