Advertisment

ഇത്തവണ മാരാമൺ കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് കളക്ടർ ദിവ്യാ എസ് അയ്യരെ. ജനക്കൂട്ടത്തെ കൈയ്യിലെടുത്തത് ദിവ്യയുടെ കോഴഞ്ചേരി ശൈലിയിലുള്ള പ്രസംഗത്തിലെ പച്ച മലയാളത്തിന്റെ സൗന്ദര്യം തന്നെ ! മാര്‍ത്തോമാ സഭ മറ്റു ക്രിസ്ത്യൻ സഭകൾക്കു കൂടി മാതൃകയാവുമോ ? കാലത്തിനൊത്ത മാറ്റത്തിനു വഴിതുറക്കുന്നത് യുവജന സഖ്യമോ ? 127 -ാം മാരാമണ്‍ കണ്‍വെന്‍ഷൻ സമാപിക്കുമ്പോൾ - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ് എഴുതുന്നു

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

മദ്ധ്യ തിരുവിതാംകൂറിലെ രണ്ട് സുപ്രധാന മത സമ്മേളനങ്ങളാണ് ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷനും മാരാമണ്‍ കണ്‍വെന്‍ഷനും. സ്വാമി ചിന്മയാനന്ദനെപോലെ പ്രസിദ്ധരായ ആചാര്യന്മാര്‍ ഉജ്വലമായ മതപ്രഭാഷണങ്ങളിലൂടെ ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍റെ പേരും പെരുമയും വര്‍ദ്ധിപ്പിച്ചു. 127 -ാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനുമുണ്ട് അതിന്‍റേതായ പാരമ്പര്യവും പൈതൃകവും ചരിത്രവും.

Advertisment

publive-image

രണ്ടു കണ്‍വെന്‍ഷനുകളും നടക്കുന്നത് പമ്പാ നദിയുടെ മണല്‍പ്പുറത്ത്. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ വേനല്‍ക്കാലം ശക്തമാകുന്നതോടെയാണ് ഈ കണ്‍വെന്‍ഷനുകള്‍ നടക്കുക. ആദ്യത്തെ ആഴ്ച ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍, പിറ്റത്തെ ആഴ്ച മാരാമണ്‍ കണ്‍വെന്‍ഷന്‍. കഴിഞ്ഞ ഞായറാഴ്ച ചെറുകോല്‍പ്പുഴ കണ്‍വെന്‍ഷന്‍ അവസാനിച്ച ദിവസം തന്നെയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയത്. ഈ ഞായറാഴ്ച അവസാനിക്കുകയും ചെയ്യും.

മാര്‍ത്തോമ്മാ സഭ നേതൃത്വം നല്‍കുന്ന സുപ്രധാന സുവിശേഷ പ്രസംഗ പരമ്പരയുടെ വേദി എന്ന നിലയ്ക്കാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ പ്രസക്തമാവുന്നത്. അതുകൊണ്ടു തന്നെ ആത്മീയ നിറവിനു മാത്രമാണ് എക്കാലത്തും ഇവിടെ പ്രാമുഖ്യം.

പക്ഷെ മാര്‍ത്തോമ്മാ സഭ കാലത്തിനൊത്തു മാറുകയാണ്. മാറ്റത്തിനു വഴിതുറക്കുന്നത് സഭയിലെ യുവ സംഘടനയായ യുവജന സഖ്യം. മാരാമണ്‍ കണ്‍വെന്‍ഷനില്‍ കുറെ വര്‍ഷങ്ങളായി യുവജനവേദി എന്ന പേരില്‍ യുവാക്കള്‍ക്കായി പ്രത്യേക സമ്മേളനം നടക്കുന്നു. ആത്മീയ വിഷയങ്ങള്‍ക്കും ദൈവീക കാര്യങ്ങള്‍ക്കുമപ്പുറത്ത് പൊതുസമൂഹത്തിന്‍റെ മുന്നിലുള്ള പൊതുവായ വിഷയങ്ങളിലേക്കു കടന്നു ചെല്ലുകയാണ് യുവജന സഖ്യത്തിന്‍റെ നേതൃത്വത്തിലുള്ള യുവവേദി.

കഴിഞ്ഞ വര്‍ഷത്തെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ വേദി പ്രത്യേക പ്രസംഗകനായി അവതരിപ്പിച്ചത് പ്രമുഖ ഇടതുപക്ഷ ചിന്താഗതിക്കാരന്‍ സുനില്‍ പി. ഇളയിടത്തെ. ഇത്തവണ മുഖ്യാതിഥിയായി എത്തിയത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍. മാര്‍ത്തോമ്മാ സഭ മാറുകയാണോ ? മറ്റു സഭകള്‍ക്ക് വഴികാട്ടിക്കൊടുക്കുകയാണോ ?

ഒരു സുവിശേഷ പ്രചാരണ സംഗമം എന്ന നിലയ്ക്കു തന്നെയാണ് 1895 -ല്‍ മാര്‍ത്തോമ്മാ സഭയുടെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. ക്രിസ്ത്യന്‍ സമുദായത്തിലെ ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലയ്ക്കാണ് മാര്‍ത്തോമ്മാ സഭ രൂപം കൊണ്ടതെന്ന് മാര്‍ക്സിസ്റ്റ് തത്വചിന്തകനായിരുന്ന പി. ഗോവിന്ദപ്പിള്ള വിശദമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട്.

പഴയ ആരാധനാ രീതികളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്ത് തികച്ചും വിപ്ലവകരമായൊരു നവോത്ഥാനത്തിലൂടെ മാര്‍ത്തോമ്മാ സഭയ്ക്കു രൂപം നല്‍കിയ ചരിത്രം 'കേരള നവോദ്ധാനം' എന്ന പേരില്‍ അഞ്ചു ഗ്രന്ഥങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ച ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുണ്ട്. അതിനു നേതൃത്വം നല്‍കിയ മാരാമണ്‍ പാലക്കുന്നത്ത് എബ്രഹാം മല്‍പ്പാനെക്കുറിച്ച് (1796-1845) വിശദമായ ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പരിഷ്കരിച്ച രീതി അനുസരിച്ചുള്ള പ്രാര്‍ത്ഥനാക്രമം (തക്സ) 1837 -ല്‍ മാരാമണ്‍ പള്ളിയില്‍ ആദ്യമായി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഈ വലിയ തുടക്കം. മുത്തപ്പന്‍റെ ശ്രാദ്ധം എന്ന പൂര്‍വിക പൂജാ സമ്പ്രദായം മല്‍പ്പാന്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

വലിയൊരു പുരുഷാരത്തെ സാക്ഷി നിര്‍ത്തി എബ്രഹാം മല്‍പ്പാന്‍ മുത്തപ്പന്‍റെ കോലം നശിപ്പിച്ചു കിണറ്റിലെറിയുകയും ചെയ്തുവെന്ന് പി. ഗോവിന്ദപ്പിള്ള 'കേരള നവേദ്ധാനം - മതാചാര്യര്‍, മത നിഷേധികള്‍' എന്ന ഗ്രന്ധത്തില്‍ വിശദീകരിക്കുന്നുണ്ട് (പുറം: 14)

1895 -ല്‍ തുടങ്ങിയ മാരാമണ്‍ കണ്‍വെന്‍ഷനില്‍ എപ്പോഴും ലോക പ്രശസ്തരായ ക്രിസ്ത്യന്‍ ആത്മീയ പ്രഭാഷകരെയാണ് പ്രസംഗിക്കാന്‍ ക്ഷണിക്കാറുള്ളത്. ഡോ. സ്റ്റാന്‍ലി ജോണ്‍സിനെ പോലെ ലോക പ്രശസ്ത സുവിശേഷകരും സാധു സുന്ദര്‍ സിങ്ങിനെ പോലെ പ്രമുഖ ഇന്ത്യന്‍ സുവിശേഷകരും ഇവരില്‍ ഉള്‍പ്പെടുന്നു.

ഈ വേദിയിലേയ്ക്കാണ് തിരവനന്തപുരത്തുകാരി ദിവ്യാ എസ്. അയ്യര്‍ ഐ.എ.എസ് കടന്നു ചെന്ന് പുതുപുത്തന്‍ ചിന്തകളുമായി ജനക്കൂട്ടത്തെ കൈയിലെടുത്തത്. യുവജന സഖ്യം സ്വന്തമായൊരു കാഴ്ചപ്പാടു രൂപപ്പെടുത്തിയെടുക്കുകയാണെന്ന സൂചനയാണ് പത്തനംതിട്ട ജില്ലാ കളക്ടറെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സഭയ്ക്കും സമൂഹത്തിനും നല്‍കുന്നത്.

ഈ വര്‍ഷം സഖ്യം നേതൃത്വം തെരഞ്ഞെടുത്തത് സത്യാനന്തര കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍. സംഘടനയുടെ പ്രസിഡന്‍റ് ബിഷപ്പ് ഡോ. തോമസ് മാര്‍ തീത്തോസ്, ജനറല്‍ സെക്രട്ടറി റവ. സി. ജോണ്‍ മാത്യു, വൈസ് പ്രസിഡന്‍റ് അഡ്വ. ചെറിയാന്‍ പി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ കൂടിയാലോചിച്ചു. അവസാനം തീരുമാനം ആ പേരിലെത്തി - ദിവ്യാ എസ്. അയ്യര്‍. പത്തനംതിട്ട ജില്ലാ കളക്ടര്‍.

'പോസ്റ്റ് ട്രൂത്ത്' എന്ന പുതിയ ഇംഗ്ലീഷ് പദത്തിന്‍റെ വിവിധങ്ങളായ അര്‍ത്ഥ തലങ്ങളിലേയ്ക്കു കടന്ന് ദിവ്യ ശ്രോതാക്കളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് മറ്റു കുട്ടികള്‍ നോവലും കഥയുമൊക്കെ വായിക്കുമ്പോള്‍ എപ്പോഴും കൈയില്‍ ഒരു നിഘണ്ടുവുമായിട്ടാണു താന്‍ നടന്നിരുന്നതെന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ദിവ്യയുടെ തുടക്കം. അതുകൊണ്ടു തന്നെ 2016 -ല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്നറി അവതരിപ്പിച്ച പുതിയ പദ പ്രയോഗങ്ങളില്‍ പോസ്റ്റ് ട്രൂത്ത് എന്ന പദം ശ്രദ്ധിച്ച കാര്യവും കളക്ടര്‍ ചൂണ്ടിക്കാട്ടി. സത്യാനന്തര കാലഘട്ടത്തിന്‍റെ പ്രത്യേകതകളിലേയ്ക്ക് സത്യമാണ് എക്കാലത്തെയും ശരി എന്ന സത്യത്തിലേയ്ക്ക് കടന്നു ചെല്ലുകയായിരുന്നു ദിവ്യ.

ആ പ്രസംഗത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ലളിതമായ പച്ച മലയാളത്തിന്‍റെ സൗന്ദര്യം തന്നെയായിരുന്നു. പ്രസംഗത്തിലൂടനീളം തിളങ്ങിനിന്നത് ഭാഷയുടെ സൗന്ദര്യം തന്നെ. തിരുവനന്തപുരത്തു ജനിച്ചു വളര്‍ന്ന ആളാണെങ്കിലും ദിവ്യയുടെ വര്‍ത്തമാന രീതി കോഴഞ്ചേരി, തിരവല്ലാ പ്രദേശങ്ങളിലെ പ്രാദേശിക വര്‍ത്തമാന രീതി തന്നെ. ഒരിക്കല്‍ പോലും തിരുവനന്തപുരം ശൈലി കടന്നു വന്നതേയില്ല.

പ്രസംഗ വിഷയത്തിനു മാറ്റു കൂട്ടാന്‍ മാരാമണ്ണിനു തൊട്ടടുത്ത പ്രദേശമായ കടമ്മനിട്ടയുടെ പ്രസിദ്ധനായ കവി കടമ്മനിട്ട രാമകൃഷ്ണന്‍റെ ഒരു കവിതയും ചൊല്ലി ദിവ്യ. "കണ്ണു വേണം ഇരുപുറമെപ്പോഴും / മുകളിലും താഴെയും / കണ്ണിനുള്ളില്‍ കത്തിജ്വലിക്കുന്ന ഉള്‍ക്കണ്ണു വേണം / അണയാത്ത കണ്ണ് " ചുറ്റുപാടുമുള്ള സത്യാനന്തര കഥകളില്‍ നിന്നു സത്യം കണ്ടെത്താന്‍ ഉള്‍ക്കണ്ണു വേണമെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ദിവ്യ.

സത്യത്തിന്‍റെ പൊരുള്‍ ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു കുഞ്ഞുണ്ണിക്കവിതയും ചൊല്ലിയാണ് ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്.

"നിരറ്റാല്‍ വേരറ്റും

നേരറ്റാല്‍ നരനറ്റും"

മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഒരാഴ്ചയില്‍ യുവ വേദി ഒരു പ്രധാന ശ്രദ്ധാ കേന്ദ്രമാവുകയാണെന്ന് യുവജന സഖ്യം ജനറല്‍ സെക്രട്ടറി റവ. സി. ജോണ്‍ മാത്യു ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ വിഷയം "പുതിയ കാലം പുതിയ മനുഷ്യന്‍, പുതിയ സഭ" എന്നതായിരുന്നു. സഭ എന്നാല്‍ സമൂഹം എന്നേ വിവക്ഷിക്കുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഭാഷാ പണ്ഡിതനും ചിന്തകനുമായ സുനില്‍ പി. ഇളയിടത്തെ.

ക്രിസ്ത്യന്‍ മൂല്യത്തെക്കുറിച്ചായിരുന്നു സുനില്‍ പി. ഇളയിടത്തിന്‍റെ പ്രസംഗം. മൂല്യമില്ലെങ്കില്‍ ഒരു മതത്തിനും സമുദായത്തിനും നിലനില്‍പ്പില്ലെന്നു പറഞ്ഞുവെച്ചു അദ്ദേഹം. മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്‍റെ പുതിയ കാഴ്ചപ്പാടിനെപ്പറ്റി ഇത്രകണ്ടു പറയാന്‍ ഒരു സ്വകാര്യ കാരണം കൂടിയുണ്ട്. യുവാവായിരിക്കെ ഞാനും സജീവ സഖ്യം പ്രവര്‍ത്തകനായിരുന്നു. മാരാമണ്‍ മാര്‍ത്തോമ്മാ ഇടവകയാംഗമായിരുന്ന എനിക്ക് അന്നത്തെ യുവജന കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കാന്‍ വലിയ താല്‍പര്യവുമുണ്ടായിരുന്നു. കാര്യവട്ടത്തെ ജേണലിസം-കമ്യൂണിക്കേഷന്‍ പഠനത്തിനു ശേഷം 'മാതൃഭൂമി'യില്‍ പത്രപ്രവര്‍ത്തകനായതോടെ പ്രവര്‍ത്തന രംഗം മാറി. രാഷ്ട്രീയവും രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങും തലയ്ക്കു പിടിച്ചു.

എങ്കിലും മാര്‍ത്തോമ്മാ സഭയെക്കുറിച്ചു കൂടുതല്‍ പഠിച്ചത് പി. ഗോവിന്ദപ്പിള്ളയുടെ പുസ്തകങ്ങളില്‍ നിന്നാണെന്നതു വേറേ കാര്യം. നേരത്തെ ഉദ്ധരിച്ച പുസ്തകങ്ങള്‍ ഉദാഹരണം.. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മാരാമണ്‍ പാലക്കുന്നത്ത് ഏബ്രഹാം മല്‍പ്പാനെ വാചാലമായി അവതരിപ്പിക്കുന്നുണ്ട് പി.ജി തന്‍റെ പുസ്തകത്തില്‍.

പി. ഗോവിന്ദപ്പിള്ളയുടെ മകന്‍ എം.ജി രാധാകൃഷ്ണന്‍ (അജയന്‍) എന്നോടൊപ്പം കാര്യവട്ടം കാംപസില്‍ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ എം.എയ്ക്കു പഠിക്കാനുണ്ടായിരുന്നു.

ഞാന്‍ ആദ്യം 'മാതൃഭൂമി'യില്‍ ചേര്‍ന്നു. പിറ്റേ വര്‍ഷം അജയനും സണ്ണിക്കുട്ടി ഏബ്രഹാം, ടി.എന്‍ ഗോപകുമാര്‍, ജ്യോതിര്‍ ഘോഷ് എന്നിങ്ങനെ ഒരു യുവനിര. കൂട്ടത്തില്‍ സീനിയറായി കെ. പ്രഭാകരനെപ്പോലെയുള്ളവരും. നേതാവായി ന്യൂസ് എഡിറ്റര്‍ വേണുവേട്ടനും.

കോട്ടയത്തേക്കൊരു സ്ഥലം മാറ്റം കഴി‍ഞ്ഞു തിരികെ വന്നപ്പോള്‍ കുറേ നാള്‍ അജയന്‍റെ വീട്ടിലായിരുന്നു എന്‍റെ താമസം. തിരുവനന്തപുരത്ത് സുഭാഷ് നഗര്‍ എന്ന പ്രസിദ്ധമായ സൗസിങ്ങ് കോളനിയില്‍. സാക്ഷാല്‍ പി. ഗോവിന്ദപ്പിള്ളയുടെ വീട്. മകന്‍ അജയനും സഹോദരി പാര്‍വതീ ദേവിയും ഭര്‍ത്താവ് വി. ശിവന്‍കുട്ടിയുമെല്ലാം അവിടെ താമസിക്കുന്നു. സി.പി.ഐ നേതാക്കളായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായരും മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുമൊക്കെ ആ വീടു കേന്ദ്രമാക്കിയിരുന്നു. എല്ലാവരും അടുത്ത ബന്ധുക്കള്‍. പഴയ ഒരു കമ്യൂണിസ്റ്റ് കുടുംബം.

പി.ജിയുടെ ആഴത്തിലുള്ള വായനയില്‍ ബൈബിളിനും ബൈബിള്‍ വ്യാഖ്യാനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. സി.പി.എമ്മിന് ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായുണ്ടായിരുന്ന രാഷ്ട്രീയ ബന്ധം പി.ജി വഴിയായിരുന്നു. ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനി ഇവിടെയെത്തി പി.ജിയുമായി ഏറെനേരം സംസാരിച്ചിരുന്നു. എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും പി.സി. ചാക്കോയുമൊക്കെ കോണ്‍ഗ്രസ് - ക്രിസ്ത്യന്‍ ബന്ധം ഉറപ്പിക്കുകയും കേരള കോണ്‍ഗ്രസ് ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയെന്നു തന്നെ കണക്കാക്കപ്പെടുകയും ചെയ്ത കാലഘട്ടമായിരുന്നു അതെന്നും ഓര്‍ക്കണം.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ ദിവ്യ എസ്. അയ്യര്‍ നടത്തിയ പ്രസംഗത്തെപ്പറ്റിയുള്ള കുറിപ്പില്‍ രാഷ്ട്രീയം കടന്നു വന്നതു സ്വാഭാവികം. ദിവ്യയുടെ ഭര്‍ത്താവ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. കെ.എസ്. ശബരീനാഥനാണ്. ശബരിയാവട്ടെ, കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവും മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്‍റെ മകനും.

ദിവ്യാ എസ്. അയ്യരുടെ പ്രസംഗം യുവാക്കളെ ഹരം പിടിപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് യുവജന സഖ്യം ഭാരവാഹികള്‍. 1978 -ല്‍ കോഴ‍ഞ്ചേരി ഇടവക വികാരിയായിരുന്ന ഡോ. ഉമ്മന്‍ കോരുതാണ് യുവ വേദിക്കു തുടക്കം കുറിച്ചത്. പിന്നിടദ്ദേഹം മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ്. ആധുനിക ചിന്തകളും ആശയങ്ങളുമായി അദ്ദേഹം എപ്പോഴും യുവാക്കള്‍ക്ക് ആവേശമായിരുന്നു. മരണം വരെ.

ഇന്നിപ്പോള്‍ യുവ വേദിയും യുവജന സഖ്യവും മാര്‍ത്തോമ്മാ സഭയ്ക്കു പുതിയ വഴി തെളിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെയിടയില്‍ വേറിട്ടൊരു സഞ്ചാര പഥത്തിലേയ്ക്കുള്ള വഴിയാണത്. ഒരു രാഷ്ട്രീയ ചോദ്യത്തോടെ ഈ കുറിപ്പവസാനിപ്പിക്കാം. "മാര്‍ത്തോമ്മാ സഭ എങ്ങോട്ട് ? "

അള്ളും മുള്ളും പൂര്‍ണം...

Advertisment