Advertisment

വിവാഹ തട്ടിപ്പു വീരനായ അമേരിക്കന്‍ മലയാളി

New Update

വിവാഹ തട്ടിപ്പു വീരന്മാരുടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നാടുനീളെ നടന്ന് വിവാഹം കഴിക്കുന്നവരും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിക്കുന്നവരും, വിവാഹം കഴിച്ചതിനുശേഷം സ്ത്രീധനമായി ലഭിക്കുന്ന സ്വര്‍ണ്ണവും പണവും അടിച്ചുമാറ്റി മുങ്ങുന്നവരുമുണ്ട് അക്കൂട്ടത്തില്‍.

Advertisment

publive-image

രണ്ടു വിവാഹങ്ങള്‍ കഴിച്ച് മൂന്നാമതും വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദ്യ ഭാര്യമാര്‍ രംഗത്തെത്തിയതോടെ താന്‍ അവരെ വിവാഹം കഴിച്ചിട്ടില്ലെന്നും താന്‍ വിവാഹത്തിന്റെ "റിഹേഴ്സലില്‍" പങ്കെടുത്തതാണെന്നും, റിഹേഴ്സല്‍ ആയതിനാല്‍ വരന്റെ വേഷം അണിഞ്ഞതാണെന്ന് പറഞ്ഞ രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു തട്ടിപ്പു വീരന്റെ കഥയും ഈ അടുത്തിടെ വായിക്കുകയുണ്ടായി.

എന്നാല്‍, ഈ ലേഖനത്തില്‍ അത്തരമൊരു സംഭവമല്ല പ്രതിപാദ്യ വിഷയം. ഒരു അമേരിക്കന്‍ മലയാളി ഗ്രീന്‍ കാര്‍ഡിനു വേണ്ടി അമേരിക്കയില്‍ ഒരു പോര്‍ട്ടോറിക്കോ വംശജയായ യുവതിയെ വിവാഹം കഴിക്കുകയും, ആ വിവാഹം മറച്ചുവെച്ച് നാട്ടില്‍ നിന്ന് മറ്റൊരു വിവാഹം കഴിച്ച് ആ യുവതിയെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട കഥയുടെ ചുരുളഴിക്കുകയാണിവിടെ.

അമേരിക്കയില്‍ സന്ദര്‍ശക വിസയിലോ മറ്റേതെങ്കിലും വിസയിലോ വന്ന് അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീയേയോ പുരുഷനേയോ പണം നല്‍കി വിവാഹം കഴിക്കുന്നവരുണ്ട്. പരസ്പരം പരിചയമില്ലാത്തവരാണെങ്കില്‍ പോലും അവരെ വിവാഹം കഴിപ്പിക്കാന്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ദമ്പതികൾക്ക് മുൻ‌കൂട്ടി യാതൊരു ബന്ധവുമുണ്ടായിരിക്കുകയില്ല.

അതുമല്ലെങ്കില്‍ ഈ വിവാഹം ഒരു വഞ്ചനയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നു. കാരണം, അവര്‍ക്ക് (പുരുഷനായാലും സ്ത്രീയായാലും) അമേരിക്കയിലെ റസിഡന്റ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന ഗ്രീന്‍ കാര്‍ഡാണ് വേണ്ടത്. ഇക്കാര്യത്തില്‍ പുരുഷന്മാരാണ് മുന്‍പന്തിയിലെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യാക്കാരില്‍ പലരും ഇത്തരത്തില്‍ ഗ്രീന്‍ കാര്‍ഡ് നേടിയിട്ടുണ്ടെന്നുള്ളത് പരസ്യമായ രഹസ്യവുമാണ്. ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിക്കുക വഴി പൗരത്വമില്ലാത്ത പങ്കാളിക്ക് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. ഒരുമിച്ചു താമസിക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പ് ആദ്യം രണ്ടു വര്‍ഷത്തേക്കുള്ള ‘താല്‍കാലിക വിസാ കാര്‍ഡ്’ നല്‍കുന്നു.

ചില വ്യവസ്ഥകളോടെയായിരിക്കും അത്തരം ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. താല്‍ക്കാലിക കാര്‍ഡു സ്ഥിരമാകുംവരെ അടിയുറച്ച ഒരു വിവാഹ ബന്ധം ഇരുവരും നിലനിര്‍ത്തേണ്ടതായുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രീന്‍ കാര്‍ഡ് സ്ഥിരമാകുന്നതിന് കടമ്പകളും കടക്കണം. രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനു മാത്രം താല്‍ക്കാലികമായി വിവാഹം കഴിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയെന്നതും വ്യവസ്ഥകളടങ്ങിയ രണ്ടു വര്‍ഷ കാര്‍ഡിന്റെ ലക്ഷ്യങ്ങളില്‍പ്പെട്ടതാണ്.

ആ കാലയളവു മുഴുവനും സ്ഥിരമായ കാര്‍ഡു ലഭിക്കാന്‍ വേര്‍പിരിയാത്തൊരു വിവാഹബന്ധം ആവശ്യവുമാണ്. സ്ഥിരതാമസമാക്കുന്ന പങ്കാളി ഒന്നിച്ചുള്ള വിവാഹ ജീവിതത്തിന്റെ വിശ്വസ്തതയെ ഇമിഗ്രേഷന്‍ വകുപ്പിനെ ബോദ്ധ്യപ്പെടുത്തേണ്ടതായുണ്ട്.

സ്വാഭാവികമായും യു‌എസ് പൗരനുമായുള്ള വിവാഹ സാധ്യത മുന്നില്‍ കണ്ട് കുടിയേറ്റക്കാരായ (അനധികൃത) ചിലര്‍ ആ വഴിക്ക് നീങ്ങുന്നു. അവർക്ക് യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവർ ഒരു സുഹൃത്തിനെ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ പണം കൊടുത്ത് മറ്റാരെയെങ്കിലും സമീപിക്കുകയോ ചെയ്യുന്നു. അത്തരം കേസുകൾ വിവാഹ വഞ്ചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

വിവാഹ തട്ടിപ്പ് നടത്തുന്ന കുടിയേറ്റക്കാർക്ക് എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചും നിയമം അനുശാസിക്കുന്നുണ്ട്. അവയില്‍ പ്രസക്തമായ ഫെഡറൽ നിയമം (ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് § 275 (സി); 8 യുഎസ് കോഡ് 25 1325 (സി)) കുറ്റവാളികൾക്ക് ജയിൽ, പിഴ, അല്ലെങ്കിൽ രണ്ടും നേരിടേണ്ടിവരുമെന്ന് പറയുന്നു.

ഇമിഗ്രേഷൻ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ഒഴിവാക്കുന്നതിനായി അറിഞ്ഞുകൊണ്ട് വിവാഹത്തിൽ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും 5 വർഷത്തിൽ കൂടാത്ത ജയില്‍ ശിക്ഷയോ 250,000 ഡോളറിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. വിവാഹ തട്ടിപ്പിൽ കുറ്റാരോപിതരായ ആളുകൾക്ക് സഹായസഹകരണങ്ങള്‍ നല്‍കല്‍, സം‌രക്ഷണം നല്‍കല്‍, ഗൂഢാലോചനയില്‍ പങ്കാളിയാകല്‍, തെറ്റായ പ്രസ്താവനകള്‍ നടത്തല്‍ എന്നിവയും കുറ്റകരമാണ്. അവര്‍ക്കും ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്ന് ഫെഡറല്‍ നിയമത്തില്‍ പറയുന്നു.

പിഴകൾ എത്രത്തോളം ബാധകമാകും എന്നത് ഓരോ കേസുകളുടെയും സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു. ലാഭത്തിനായി വഞ്ചനാപരമായ വിവാഹങ്ങൾ ആസൂത്രിതമായി ക്രമീകരിക്കുന്നത് പോലുള്ള പ്രധാന ഗൂഢാലോചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് പൗരന്മാർക്കോ താമസക്കാർക്കോ ഏറ്റവും കൂടുതൽ പിഴ ഈടാക്കാൻ ഫെഡറല്‍ നിയമമുണ്ട്.

യു‌എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡി‌എച്ച്‌എസ്) മുൻ‌ഗണനാക്രമമാണ് ഷാം വിവാഹങ്ങൾ (വ്യാജ വിവാഹങ്ങള്‍) അവസാനിപ്പിക്കുന്നത്. കുടിയേറ്റക്കാരെ ക്രിമിനലുകളായി വിചാരണ ചെയ്യുന്നില്ലെങ്കിൽപ്പോലും, അവർ യുഎസിൽ നിന്ന് നാടുകടത്തപ്പെടും (നീക്കം ചെയ്യപ്പെടും), മടങ്ങിവരാൻ ഒരിക്കലും അനുവദിക്കുകയുമില്ല. അങ്ങനെ നാടു കടത്തപ്പെട്ടവര്‍ പിന്നീട് ഒരു യുഎസ് പൗരനുമായി യഥാർത്ഥ വിവാഹത്തിൽ ഏർപ്പെട്ടാലും തിരിച്ച് അമേരിക്കയിലേക്ക് വരാന്‍ അനുവദിക്കുകയുമില്ല.

യു എസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ എത്രതന്നെ കര്‍ക്കശമാണെങ്കിലും അവയെ എങ്ങനെയൊക്കെ മറികടക്കാമെന്ന തന്ത്രം പയറ്റുന്നവരില്‍ അഗ്രഗണ്യരാണ് ഇന്ത്യാക്കാര്‍. അങ്ങനെ യു എസ് ഇമിഗ്രേഷന്‍ വകുപ്പിനേയും ഹോം‌ലാന്റ് സെക്യൂരിറ്റിയേയും കബളിപ്പിച്ച് അമേരിക്കയിലെത്തി, ഒരു റസ്റ്റോറന്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യവേ ഒരു പോര്‍ട്ടോറിക്കന്‍ യുവതിയുമായി ചങ്ങാത്തത്തിലായി ഒടുവില്‍ അവരെ വിവാഹം കഴിച്ച ഒരു തട്ടിപ്പുകാരന്‍ മലയാളി യുവാവിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

പോര്‍ട്ടോറിക്കോക്കാരിയെ വിവാഹം കഴ്ച്ച് താത്ക്കാലിക ഗ്രീന്‍ കാര്‍ഡ് ലഭിച്ച ഈ വിദ്വാന്‍ പിന്നീട് ചെയ്തത് നാട്ടില്‍ പോയി അവിടെ നിന്നും ഒരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ചുരുക്കത്തില്‍ അമേരിക്കയില്‍ നിലനില്‍ക്കാന്‍ ഇവിടെ ഒരു വിവാഹം കഴിക്കുകയും, പണത്തിനും സ്വര്‍ണ്ണത്തിനുമായി സൗദിയില്‍ മാന്യമായ ശമ്പളത്തില്‍ ജോലിയുണ്ടായിരുന്ന ഒരു ബി എസ് സി നഴ്സിനെ വിവാഹം കഴിക്കുകയും, അവരുടെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്ത് അയാളുടെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വീട്ടു തടങ്കലിലാക്കി തിരിച്ച് അമേരിക്കയിലേക്ക് വരികയായിരുന്നു.

കോതമംഗലം സ്വദേശിയായ ബെന്നി മാത്യു എന്ന ഈ വിവാഹ തട്ടിപ്പു വീരന്റെ ചതിക്കുഴിയില്‍ വീണ ആ യുവതി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോവ്യഥയെക്കുറിച്ച് അവരുടെ ഭാഷയില്‍ തന്നെ ഈ ലേഖനത്തില്‍ വായിക്കാം. ഈ വിവാഹ തട്ടിപ്പു വീരനെ പിടികൂടി അധികൃതരെ ഏല്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും, ഒരു 'പിടികിട്ടാപ്പുള്ളിയെപ്പോലെ' അയാള്‍ നോര്‍ത്ത് കരോലിനയിലെവിടെയോ വിലസുന്നുണ്ടെന്നു മാത്രമേ അവര്‍ക്കറിയൂ.

ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്ന എല്ലാ വിവരങ്ങളും മേല്പറഞ്ഞ യുവതിയുടെ അഭ്യര്‍ത്ഥനയില്‍ നിന്ന് സ്വാംശീകരിച്ചതാണ്. ബെന്നി മാത്യു എങ്ങനെയാണ് ഈ രണ്ടു വിവാഹങ്ങള്‍ കഴിച്ചതെന്നും, നാട്ടില്‍ ഉപേക്ഷിച്ചു പോന്ന ഭാര്യയുടേയും കുഞ്ഞിന്റേയും അവസ്ഥ എന്താണെന്നും, ബെന്നിയുടെ മാതാപിതാക്കളുടെ പീഡനമേറ്റു വാങ്ങി കണ്ണീരോടെ കഴിയുന്ന ആ യുവതിയുടെ കദന കഥ അടുത്ത ലക്കത്തില്‍....!

marriage fraud malayali
Advertisment