Advertisment

മാസ്ക് (കഥ)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-ബിജു ജോസഫ്

വണ്ടികൾ ഇടതൂർന്നൊഴുകുന്ന റോഡിനപ്പുറം പാർക്കുചെയ്തിരുന്ന കാറിനടുത്തേക്ക് പോകുവാനായി റോഡ് മുറിച്ചു കടക്കുവാൻ കാത്തുനിൽക്കുകയായിരുന്നു ഞാൻ.

''ഹാലോ ''....... തൊട്ടടുത്തുനിന്നയാൾ എന്നെ നോക്കി വിളിച്ചു.

''ഹായ് ''.... ആളെ തെല്ലും മനസിലായില്ലെങ്കിലും ഞാൻ തിരിച്ചു വിഷ് ചെയ്തു.

''ചൂട് കൂടിയായതിനാൽ കാറിനടുത്തെത്തുമ്പോഴേക്കും ആകെ വിയർക്കും''..... അയാൾ കുശലം പറഞ്ഞു.

ഞാനാകെ ആശങ്കയിലായി.

ആരാണിയാൾ..? വളരെ പരിചിതനോടെന്നപോലെയാണ് സംസാരം. ഞാനയാളെ സൂക്ഷിച്ചു നോക്കി. ക്ളീൻ ഷേവ് ചെയ്ത മുഖം, കട്ടിയുള്ള മീശ, കറുത്ത ഫ്രെയിം ഉള്ള ചെറിയ കണ്ണട, വൃത്തിയുള്ള വേഷം.

ഞാൻ മറുപടിയൊന്നും പറയാത്തതുകൊണ്ടാകാം അയാളുടെ മുഖത്തു ഒരു ചോദ്യഭാവം തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

''മനസിലായില്ല അല്ലെ''...? അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

''ഇല്ല''... ഞാൻ തലയാട്ടി.

''നമ്മൾ രണ്ടുമൂന്നു പ്രാവശ്യമെങ്കിലും തമ്മിൽ കണ്ടിട്ടുണ്ട്... സംസാരിച്ചിട്ടുണ്ട്''... അയാൾ ഒരു സൂചന തന്നു.

''എന്നെ അറിയാമെങ്കിൽ അത് നേരിട്ടങ്ങു പറഞ്ഞാൽ പോരെ...? ഇങ്ങനെ കടങ്കഥ പറയാതെ. അതും ഈ പൊരിവെയിലിൽ....''. ഉള്ളിൽ ഉടലെടുത്ത നീരസം പുറത്തു കാട്ടിയില്ല.

പെട്ടന്നാണ് അയാൾ മാക്സ് ധരിച്ചിട്ടില്ല എന്ന വസ്തുത ഞാൻ ശ്രദ്ധിച്ചത്. ചൂടുകൊണ്ടാകാം ...

അത് കയ്യിൽ എടുത്ത് പിടിച്ചിരിക്കുകയാണ്.

''കൈയിലിരിക്കുന്ന മാസ്ക് മുഖത്തു ധരിക്കൂ ...''

മാസ്ക് വെയ്കാതെയുള്ള സാമീപ്യം എനിക്കിഷ്ടപെടുന്നില്ലെന്നത് മനസിലാക്കിയിട്ടാവാം അയാൾ പൊടുന്നനെ മാസ്ക് മുഖത്ത് ധരിച്ചു.

''ഹലോ ...ശ്രീജിത്ത് ....'' ഞാൻ തെല്ലുച്ചത്തിൽ വിളിച്ചു പോയി.

മാസ്ക് മുഖത്ത് സ്ഥാനം പിടിച്ചതേ എനിക്കാളെ മനസിലായി.

ബാങ്കിൽ വച്ച് രണ്ടുമൂന്നു പ്രാവശ്യം കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. ടോക്കൺ എടുത്ത് കാത്തുനിന്നപ്പോൾ നേരമ്പോക്കുകൾ പറഞ്ഞിട്ടുമുണ്ട്. അപ്പോഴൊക്കെ അയാളുടെ മുഖത്തു മാസ്ക് ഉണ്ടായിരുന്നു. ആദ്യമായി കാണുന്നതും പരാചയപെടുന്നതും ബാങ്കിൽ വച്ച് തന്നെ.

''മാസ്ക് വച്ചപ്പോളാണ് എന്നെ മനസിലായത് അല്ലെ'' ..? അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

''അതെ തീർച്ചയായും''... ഞാൻ തലകുലുക്കി സമ്മതിച്ചു.

പിന്നെ ഞാനും ആ ചിരിയിൽ പങ്കുചേർന്നു.

റോഡ് മുറിച്ചുകടന്ന് ഞങ്ങൾ പരസ്പരം പിരിയുമ്പോൾ, മാസ്കിന്റെ തികച്ചും അനിവാര്യമായ ആവശ്യകതയെ കുറിച്ചുള്ള ചിന്ത എന്റെ മനസ്സിൽ മുളച്ചുപൊങ്ങി.

എന്റെ മുഖത്ത് ധരിച്ചിരുന്ന മാസ്കിന്റെ സ്ഥാനം ശരിയാക്കികൊണ്ട് ഞാൻ കാറിനടുത്തേക്ക് നടന്നു.

cultural
Advertisment