Advertisment

മെസ്സി പി.എസ്.ജി വിടും, അവസാന മത്സരം ശനിയാഴ്ച; ഇതിഹാസ താരം ഇനി എങ്ങോട്ട്?

New Update

ഒടുവിൽ കോച്ചിന്റെ സ്ഥിരീകരണവും വന്നിരിക്കുന്നു... ഇതിഹാസ താരം ലയണൽ മെസ്സി ഇനി പി എസ് ജിക്ക് വേണ്ടി ബൂട്ടണിയില്ല. ശനിയാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ അവസാന മത്സരമായിരിക്കും പിഎസ്ജിക്ക് വേണ്ടിയുള്ള മെസ്സിയുടേയും അവസാന മത്സരമെന്ന് പരിശീലകൻ ഗാൾട്ടിയറും വ്യക്തമാക്കി.

Advertisment

publive-image

“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. പാർക് ഡെസ് പ്രിൻസസിലെ മെസ്സിയുടെ അവസാന മത്സരമാകും ഇത്, അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സീസണിലുടനീളം അദ്ദേഹത്തെ അനുഗമിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.”ഗാൾട്ടിയർ പറഞ്ഞു.

2021ലാണ് മെസ്സി ബാർസലോണ വിട്ട് പിഎസ്ജിയിൽ ചേർന്നത്. ബാഴ്സലോണയിൽനിന്ന് രണ്ട് വർഷത്തെ കരാറിൽ പാരിസിൽ എത്തിയ മെസ്സി ഈ സീസണിൽ പി.എസ്.ജിക്കായി 21 ഗോളും 20 അസിസ്റ്റും നേടിയിരുന്നു. ശനിയാഴ്ച രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. ഇതിനകം തന്നെ ലീഗ് കിരീടം ഉറപ്പിച്ചതിനാൽ പി എസ് ജിയും മെസ്സിയും സമ്മർദ്ദങ്ങൾ ഏതും ഇല്ലാതെയാകും അവസാന മത്സരത്തിന് ഇറങ്ങുക.

മെസി പിഎസ്‌ജി വിടുമെന്ന് നേരത്തെ ഉറപ്പായതാണെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മെസ്സി അടുത്തതായി ഏത് ക്ലബിലേക്ക് പോകും എന്ന് ഇനിയും വ്യക്തമല്ല. പിഎസ്ജി വിടുന്ന മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോനയിൽ ചേർന്നേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മെസിക്കായി വലവിരിച്ച് മുന്‍ ക്ലബ് ബാഴ്‌സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്. എന്നാൽ ഏങ്ങോട്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

Advertisment