ബംഗളൂരു: മുഡ ഭൂമി അഴിമതിക്കേസില്‍ തനിക്കെതിരെ കേസെടുത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ രാജി ആഹ്വാനത്തിനിടെ, ജനപിന്തുണയുള്ളിടത്തോളം കാലം താന്‍ രാജിവെക്കുകയോ ആര്‍ക്കും വേണ്ടി വഴങ്ങുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.
മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാന്‍ ലോകായുക്ത പോലീസിനോട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 27 ന് സിദ്ധരാമയ്യയ്ക്കെതിരെ സംസ്ഥാന അഴിമതി വിരുദ്ധ സമിതി കേസെടുത്തിരുന്നു.
കേസില്‍ സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം ഇന്ന് തുടങ്ങും. ലോകായുക്ത പൊലീസിന്റെ നാല് സ്പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക.
മൈസൂരു ലോകായുക്ത ഡി വൈ എസ് പി എസ് കെ മല്‍തീഷ്, ചാമരാജ് നഗര്‍ ഡി വൈ എസ് പി മാത്യു തോമസ്, മൈസൂരു പൊലീസ് ഇന്‍സ്പെക്ടര്‍ രവികുമാര്‍, മടിക്കേരി ഇന്‍സ്പെക്ടര്‍ ലോകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സ്‌പെഷ്യല്‍ ടീമുകള്‍ അന്വേഷണം നടത്തുമെന്ന് മൈസൂരു ലോകായുക്ത എസ് പി ടി ജെ ഉദേഷ് അറിയിച്ചു.
മുഡ കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. കേസില്‍ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ ബി എം പാര്‍വതി രണ്ടാം പ്രതിയുമാണ്.
ഭാര്യാ സഹോദരന്‍ ബി മല്ലികാര്‍ജുന സ്വാമിയാണ് മൂന്നാം പ്രതി. വിവാദ ഭൂമിയുടെ പഴയ ഉടമ എ ദേവരാജ് നാലാം പ്രതിയാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കര്‍ണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.