Advertisment

കുടിയേറ്റ തൊഴിലാളികള്‍ക്ക്‌ അഖിലേന്ത്യ രജിസ്‌ട്രേഷന്‍; 650 കോടിരൂപയുടെ കേന്ദ്രപദ്ധതി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

Advertisment

ഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലുള്ള തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള ഡേറ്റാബേസ്‌ ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 650 കോടിയുടെ അഖിലേന്ത്യ രജിസ്ട്രേഷന്‍ പദ്ധതിയ്ക്ക്‌ ധനകാര്യ വകുപ്പിന്റെ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ഇറങ്ങി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന്‌ കുടിയേറ്റ തൊഴിലാളികള്‍ കൂട്ട പലായനം ചെയ്ത സാഹചര്യത്തില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം കണ്ടെത്താന്‍ കേന്ദ്ര തൊഴില്‍ വകുപ്പിലെ ഉപദേശക സമിതി ഒരു ഏകാങ്ക വിദഗ്ദ്ധ കമ്മീഷനെ നിയമിക്കുകയുണ്ടായി.

കേരളകേര്‍ഡറിലെ മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ സി വി ആനന്ദബോസിനെ ആണ്‌ കമ്മീഷനായി നിയോഗിച്ചത്‌. ആനന്ദ്‌ ബോസ്‌ കമ്മീഷന്റെ പ്രധാനപ്പെട്ട ശുപാര്‍ശകളില്‍ ഒന്നായിരുന്നു തൊഴിലാളികള്‍ക്കുള്ള ദേശീയ രജിസ്ട്രി ഉണ്ടാക്കുക എന്നതും അവര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുക എന്നതും.

ഇന്ത്യയിലെഏതു തൊഴിലാളിയെ കുറിച്ചുമുള്ള ആധികാരികമായ രേഖകള്‍ ഇതോടെ ലഭ്യമാകുന്നതായിരിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു തൊഴിലാളി ഇന്ത്യയിലെ ഏത്‌

സംസ്ഥാനത്ത്‌ ജോലി ചെയ്താലും അവന്‌ അര്‍ഹമായ ആനുകൂല്യങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഏറ്റുവാങ്ങാവുന്നതാണ്‌.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷന്‍. തൊഴിലാളികള്‍ക്കു വിവിധ മേഖലകളില്‍ ഉള്ള പരിചയം, വൈദഗ്ധ്യം തുടങ്ങിയ കാര്യങ്ങളൊക്കെ ഈ ഡാറ്റാബേസില്‍ ഉണ്ടായിരിക്കും.

ആനന്ദബോസ്‌ കമ്മീഷന്‍ ഇന്ത്യയിലുടനീളം തൊഴിലാളിസംഘടനകള്‍, തൊഴില്‍ ദായകര്‍, സര്‍ക്കാര്‍ എന്നിവരടങ്ങുന്ന ത്രിതല സംവിധാനത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ഇപ്പോള്‍ സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള പ്രധാനപ്പെട്ട ശുപാര്‍ശകള്‍ ഇവയാണ്‌. തൊഴിലാളികള്‍ക്ക്‌ ഒരു അടിസ്ഥാന വേതനം ദുരിത കാലങ്ങളില്‍ അവരുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ നല്‍കുക, തൊഴിലാളികളുടെ വികസനത്തിനായി ഇന്ത്യന്‍ ലേബര്‍ അതോറിറ്റി എന്ന ഉന്നത അധികാര സ്ഥാപനം രൂപീകരിക്കുക, തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ വേണ്ടി ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡ് രൂപീകരിക്കുക, തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങി 45 ശുപാര്‍ശകളാണ്‌ ആണ്‌.

തൊഴിലാളി ക്ഷേമത്തോടൊപ്പം കലാകാരന്മാരുടെ വികസന പദ്ധതികളെകുറിച്ചുള്ള ശുപാര്‍ശകള്‍ അടങ്ങുന്ന പ്രത്യേക റിപ്പോര്‍ട്ടും കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിനോടൊപ്പം പ്രവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷേമത്തിന്‌ ഈന്നല്‍ നല്‍കുന്ന മറ്റു രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി കമ്മീഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

അന്തര്‍ദേശീയ കുടിയേറ്റ തൊഴിലാളികളുടെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഐ എല്‍ ഒ, ആനന്ദബോസ്‌ കമ്മീഷനുമായി സഹകരിക്കുന്നുമുണ്ട്‌. അന്തിമ റിപ്പോര്‍ട്ടുകള്‍ ഡിസംബറില്‍ പ്രധാനമന്ത്രിക്ക്‌ സമര്‍പ്പിക്കുന്നതാണ്‌.

 

 

 

delhi news
Advertisment