Advertisment

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് അന്തരിച്ചു

New Update

publive-image

Advertisment

ഛണ്ഡിഗഡ്: ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിങ് (91) അന്തരിച്ചു. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന്  ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു.

ജൂണ്‍ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ മിൽഖാ സിങ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയുമായിരുന്നു.

ജൂൺ പതിനാലിനാണ്‌ മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻക്യാപ്റ്റനുമായിരുന്ന നിർമൽ കൗർ കൊവിഡ് ബാധിച്ച് അന്തരിച്ചത്.

ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്. ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

1964ലെ ടോക്യോ ഒളിംപിക്‌സിലും ഇന്ത്യക്കായി അദ്ദേഹം പങ്കെടുത്തു. 1958ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 200,400 മീറ്ററില്‍ അദ്ദേഹം സ്വര്‍ണ്ണം നേടിയിരുന്നു. 1962ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തിലും 4 x 400 മീറ്റര്‍ റിലേയിലും അദ്ദേഹം ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരുന്നു. 1958ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200,400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964ല്‍ കല്‍ക്കട്ടയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി.

ഇതിഹാസ താരത്തിന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. '' മില്‍ഖാ സിങിന്റെ നിര്യാണത്തിലൂടെ, എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വലിയൊരു കായികതാരത്തെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വ്യക്തിത്വം ദശലക്ഷക്കണക്കിന് പേരെ ആകര്‍ഷിച്ചു''-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Advertisment