മനസ്സിനു കരുത്തില്ലാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യും, അതിനു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല; കര്‍ഷകര്‍ മാത്രമല്ല, വ്യവസായികളും മരിക്കുന്നുണ്ട്. എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകള്‍ അല്ല; കര്‍ണാടക കൃഷിമന്ത്രി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, January 20, 2021

ബംഗളൂരു: മനസ്സിനു കരുത്തില്ലാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമെന്നും അതിനു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കര്‍ണാടക കൃഷിമന്ത്രി ബിസി പാട്ടീല്‍. സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷക ആത്മഹത്യയ്ക്കു കാരണമല്ലെന്ന് പാട്ടീല്‍ പറഞ്ഞു.

”കര്‍ഷകര്‍ മരിക്കാന്‍ തീരുമാനിക്കുന്നതിനു കാരണം സര്‍ക്കാരിന്റെ നയങ്ങള്‍ അല്ല. കര്‍ഷകര്‍ മാത്രമല്ല, വ്യവസായികളും മരിക്കുന്നുണ്ട്. എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകള്‍ അല്ല”- ബിസി പാട്ടീല്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഇതു രണ്ടാം വട്ടമാണ് കര്‍ണാടക കൃഷിമന്ത്രി കര്‍ഷക ആത്മഹത്യകളെക്കുറിച്ചു വിവാദ പരാമര്‍ശം നടത്തുന്നത്. യാതൊരു ആലോചനയുമില്ലാതെ മരണത്തില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കഴിഞ്ഞ  ഡിസംബറില്‍ പാട്ടീല്‍ പറഞ്ഞിരുന്നു.

”ജീവനൊടുക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണ്. ഭാര്യയെയും മക്കളെയും നോക്കാതെ ആത്മഹത്യ ചെയ്യുന്നവര്‍ മറ്റെന്താണ്? വെള്ളത്തില്‍ വീണാല്‍ നീന്തി കരയ്ക്കു കയറണം” ഇതായിരുന്നു അന്ന് പാട്ടീലിന്റെ വാക്കുകള്‍. പാട്ടീലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു.

×