തനിക്ക് ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാനാവില്ല, ഹിന്ദി അറിയാത്തവര്‍ക്കു പോവാം ; കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍നിന്ന് ഹിന്ദി അറിയാത്തതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ഡോക്ടര്‍മാരെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്

New Update

ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍നിന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഡോക്ടര്‍മാരെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ഹിന്ദിയില്‍ മാത്രമേ സംസാരിക്കൂ എന്നും അറിയാത്തവര്‍ ഇരിക്കണമെന്നില്ലെന്നും ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

ഈ മാസം 18 മുതല്‍ 20 വരെയാണ് ആയുഷ് മന്ത്രാലയം വെബിനാര്‍ സംഘടിപ്പിച്ചത്. യോഗ വിര്‍ച്വല്‍ പരിശീലനം ആയിരുന്നു വെബിനാറിലൂടെ ലക്ഷ്യമിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 350 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. തമിഴ്‌നാട്ടില്‍നിന്ന് 37 പേരാണ് ഉണ്ടായിരുന്നത്. ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ ആയുഷ് വെല്‍നസ് സെന്ററുകളില്‍ നിയമിക്കപ്പെടുന്നവര്‍ക്കു പരിശീലനം നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്.

''വെബിനാറില്‍ മിക്ക സെഷനുകളും ഹിന്ദിയില്‍ ആയിരുന്നു. മൂന്നാം ദിവസം ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേച്ചയും ഹിന്ദിയില്‍ തന്നെയാണ് സംസാരിച്ചത്. സെക്രട്ടറിയോട് ഇംഗ്ലീഷില്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹിന്ദി അറിയാത്തവര്‍ക്കു പോവാം എന്നായിരുന്നു മറുപടി. തനിക്ക് ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാനാവില്ലെന്നും സെക്രട്ടറി പറഞ്ഞു'' - വെബിനാറില്‍ പങ്കെടുത്തവര്‍ പറയുന്നു.

ഹിന്ദി അറിയാത്തവര്‍ക്കു പോവാം എന്നു കൊടേച്ച പറയുന്ന ഓഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ് ഇതില്‍ കൊടേച്ച പറയുന്നത്.

ഇത്തരത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതുകൊണ്ട് എന്തു കാര്യമാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. സംഭവത്തെക്കുറിച്ച് ആയുഷ് മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

language ministry of ayush
Advertisment